
ക്രിക്കറ്റ് ആരാധകർ ഇത്രമാത്രം കാത്തിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഇതിന് മുമ്പുണ്ടായിട്ടില്ല. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഫോർമാറ്റിൽ നിന്നും വിരമിച്ചതോടെ ഇനി പകരമാര് എന്ന ആകാംക്ഷയായിരുന്നു അതിന് പ്രധാന കാരണം. ആ കാത്തിരിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്.
രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ സീനിയർ താരങ്ങളുടെ വിരമിക്കലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. പുതിയ നായകന്‍റെ കീഴിൽ ഇംഗ്ലണ്ടിലേക്ക് ഇന്ത്യ പോകുമ്പോൾ ടീമിലെ സർഫറാസ് ഖാനിന്‍റെ അഭാവം വാർത്തയാകുന്നുണ്ട്.
ഓസ്ട്രേലിയക്കെതിരെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പ്ലേയിങ് ഇലവനിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും സ്ക്വാഡിൽ സർഫറാസുണ്ടായിരുന്നു. അതിന് മുമ്പ് നടന്ന ന്യുസീലാൻഡിനെതിരെയുള്ള പരമ്പരയിലും സർഫറാസ് അംഗമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ താരത്തിന് അവസരമില്ല.
ഐ പി എല്ലിൽ അൺസോൾഡ് ആയ സർഫറാസ് അതിന് ശേഷം ഒരു മാസം കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. അതോടൊപ്പം 10 കിലോയോളം ഭാരവും അദ്ദേഹം കുറച്ചു. എന്നാൽ പുതിയ താരങ്ങൾക്കടക്കം ഇടം ലഭിച്ചപ്പോൾ സർഫറാസിനെ ബിസിസിഐ പരിഗണച്ചില്ല. അതുകൊണ്ട് തന്നെ അത് വലിയ ചർച്ചയാവുകയും ചെയ്തു.
എന്നാൽ സര്‍ഫറാസ് ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ചില സമയത്ത് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും എല്ലാം ടീമിന്‍റെ നല്ലതിന് വേണ്ടി മാത്രമാണെന്നുമാണ് അഗാര്‍ക്കറിന്‍റെ പ്രതികരണം.
content Highlights: Why India left out Sarfaraz khan