

ടി 20 യിൽ ഇന്ത്യയുടെ നട്ടെല്ലായ താരമാണ് അഭിഷേക് ശര്‍മ. ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് ഇന്ത്യക്ക് ലഭിച്ച ആധിപത്യത്തിന് പിന്നില്‍ സ്റ്റാര്‍ ഓപ്പണര്‍ അഭിഷേകിന്റെ നിര്‍ണായക സംഭാവനകളുണ്ട്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ കരുത്തായി അഭിഷേക് ശര്‍മ മാറുമെന്ന് ഉറപ്പാണ്.
ടി20 ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ അഭിഷേക് ശര്‍മയായിരിക്കുമെന്നാണ് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിങിന്‍റെ പ്രവചനം. ടൂര്‍ണമെന്‍റിലെ താരമായി അഭിഷേക് മാറുമെന്നും റിക്കി പോണ്ടിങ് പ്രവചിക്കുന്നു.
അഭിഷേക് ശര്‍മയെ കുറിച്ച് റിക്കി പോണ്ടിങ് ഇക്കാര്യം വെറുതെ പറയുന്നതല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിഷേക് ടി20യില്‍ കാഴ്ച്ച വെക്കുന്ന പ്രകടനം മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും. മാത്രമല്ല, അഭിഷേകിന്‍റെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തില്‍ താരവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് റിക്കി പോണ്ടിങ്.
2018-ല്‍ പോണ്ടിങ് ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനായിരിക്കുമ്പോഴാണ് അഭിഷേകിന്‍റെ അരങ്ങേറ്റം. അന്ന് അഭിഷേക് ഡല്‍ഹിയിലെത്തിയതും പിന്നീട് താരത്തെ ഡല്‍ഹി ട്രേഡ് ചെയ്തതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തുകയാണ് റിക്കി പോണ്ടിങ്.
018-ല്‍ 55 ലക്ഷം രൂപക്കാണ് 17കാരനായ അഭിഷേക് ശര്‍മയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹി അഭിഷേകിനെയും കളത്തിലിറക്കി. ആറാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഭിഷേക് ബെംഗളുരു ബോളര്‍മാരെ ശരിക്കും വിറപ്പിച്ചു. 19 പന്തില്‍ 3 ഫോറുകളും 4 സിക്സുകളും സഹിതം 46 റണ്‍സെടുത്ത അഭിഷേക് പുറത്താകാതെ നിന്നു. പിന്നീട് ആ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ അഭിഷേകിന് അവസരം ലഭിച്ചുള്ളൂ.
തൊട്ടടുത്ത സീസണ് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് അഭിഷേകിനെ സണ്‍റൈസേഴ്സിന് ട്രേഡ് ചെയ്യാന്‍ തീരുമാനിച്ചു. ശിഖര്‍ ധവാനെ സണ്‍റൈസേഴ്സില്‍ നിന്നെത്തിക്കാന്‍ ഡല്‍ഹി നല്‍കിയ മൂന്ന് താരങ്ങളില്‍ ഒരാളായിരുന്നു അഭിഷേക് ശര്‍മ. 55 ലക്ഷം രൂപക്ക് അന്ന് സണ്‍റൈസേഴ്സിലെത്തിയ അഭിഷേക് ശര്‍മയുടെ ഐപിഎല്ലിലെ ഇന്നത്തെ പ്രതിഫലം 14 കോടി രൂപയാണ്. സണ്‍റൈസേഴ്സിനായി പിന്നീട് 71 ഇന്നിങ്സുകളില്‍ കളത്തിലിറങ്ങിയ അഭിഷേക് 1753 റണ്‍സാണ് അടിച്ചുകൂട്ടിയത്.
അന്ന് അഭിഷേക് ശര്‍മയെ സണ്‍റൈസേഴ്സിന് നല്‍കാന്‍ തനിക്ക് ഒരു താല്‍പ്പര്യവും ഇല്ലായിരുന്നുവെന്നാണ് റിക്കി പോണ്ടിങ് വെളിപ്പെടുത്തിയത്. അഭിഷേകിനെ ട്രേഡ് ചെയ്യരുതെന്ന് താന്‍ ഫ്രാഞ്ചൈസിയോട് ഒരുപാട് തവണ ആവശ്യപ്പെട്ടുവെന്നും കാലുപിടിച്ച് പറഞ്ഞിട്ടും ഫ്രാഞ്ചൈസി കേട്ടില്ലെന്നുമാണ് റിക്കി പോണ്ടിങ് പറയുന്നത്.
Content Highlights-