
വിരാട് കോഹ്‌ലിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച കോഹ്‌ലിയുടെ തീരുമാനം സ്വയം എടുത്തതല്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ടീം കോച്ച് ശരണ്‍ദീപ് സിംഗ്. താരം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് തന്നെ ഞെട്ടിച്ചുവെന്നും ശരണ്‍ദീപ് സിംഗ് പറഞ്ഞു.
ഫെബ്രുവരിയില്‍ ഡല്‍ഹിക്കായി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങിയപ്പോള്‍ കോഹ്‌ലി കളിച്ചത് ശരണ്‍ദീപ് സിംഗിന് കീഴിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ ജൂണില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലും ടെസ്റ്റ് പരമ്പരക്ക് അതിന് മുമ്പ് ഇന്ത്യ എ ടീമിന്‍റെ പരിശീലന മത്സരങ്ങളിലും കളിക്കുമെന്ന് കോഹ്‌ലി അന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് ശരണ്‍ദീപ് സിംഗ് വെളിപ്പെടുത്തി.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഫെബ്രുവരിയില്‍ റെയില്‍വേസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വിരാട് കോഹ്‌ലി ഡല്‍ഹിക്കുവേണ്ടി കളിക്കാനിറങ്ങിയിരുന്നു. ടെസ്റ്റ് കരിയറിൽ രണ്ടോ മൂന്നോ വർഷങ്ങൾ കൂടി മുന്നിൽ കണ്ടാണ് അന്ന് രഞ്ജിട്രോഫി കളിക്കാനിറങ്ങിയത്. ഇംഗണ്ടിനെതിരെ ടീമിനായി മൂന്നോ നാലോ സെഞ്ചുറികള്‍ നേടണമെന്നാണ് ആഗ്രഹമെന്നും കോഹ്‌ലി അന്ന് പറഞ്ഞു. ഇപ്പോള്‍ പൊടുന്നനെ വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് കോഹ്‌ലിക്ക് മാത്രമെ അറിയൂവെന്നും എല്ലാവരും ഞെട്ടലിലാണെന്നും ശരണ്‍ദീപ് സിംഗ് ജിയോ ഹോട്സ്റ്റാറിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വച്ചെങ്കിലും കോഹ്‌ലി തീരുമാനത്തിൽ ഉറച്ചുനിന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
താരത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ല. നേരത്തെ മുൻ താരങ്ങൾ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ടെസ്റ്റിൽ പതിനായിരം റൺസിന് വളരെ അടുത്ത് നിൽക്കുന്ന താരം കുറച്ചുകൂടി കാലം കളിക്കണമെന്ന ആവശ്യം ആരാധകരും ഉന്നയിച്ചതോടെ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാൽ കോഹ്ലി വഴങ്ങിയില്ല. ഏവരെയും വിഷമിപ്പിക്കുന്നത് കൂടിയാണ് ഈ വാർത്ത.
Content Highlights: Virat Kohli aimed play in England: Delhi coach