
ഭീകരാക്രമണങ്ങളെ പിന്തുണക്കുന്ന പാകിസ്താന്റെ നിലപട് അവസാനിക്കുന്നതുവരെ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും കൂടെ നില്‍ക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ എബിപി ഇന്ത്യ അറ്റ് 2047 സമ്മിറ്റിലാണ് ഗംഭീറിന്റെ പ്രതികരണം.
'പാകിസ്താനുമായി ഒരു തരത്തിലും കളിക്കേണ്ടതില്ലെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ ഭീകരാക്രമണങ്ങള്‍ അവസാനിക്കുന്നതുവരെയെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. അത് ദിരാഷ്ട്ര , ത്രിരാഷ്ട്ര പരമ്പരകളായാലും ഐസിസി ടൂർണമെന്റുകളായാലും ബഹിഷ്കരിക്കണം, ഗംഭീർ പറഞ്ഞു. ക്രിക്കറ്റ് മത്സരവും ബോളിവുഡും ഒന്നും ഇന്ത്യന്‍ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാള്‍ വലുതല്ല എന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വലിയ രീതിയിൽ വഷളായിരുന്നു. ഇതിന് ശേഷം ഇന്ത്യ-പാകിസ്താൻ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. ഐസിസിയുടെ ടൂര്‍ണമെന്‍റുകളിൽ മാത്രമാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഈ ടൂർണമെന്റിലെ മത്സരങ്ങളിലും പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ അടുത്ത് പാകിസ്താൻ ആതിഥേയത്വം വഹിച്ച ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിലാണ് കളിച്ചിരുന്നത്.
അതേസമയം 2026ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഇനി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റ്. ഈ വർഷത്തെ വനിതകളുടെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. വനിതാ ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. വനിതാ ലോകകപ്പും ശേഷം വരുന്ന പുരുഷ ടി 20 ലോകകപ്പിലും ഐസിസി എന്ത് നിലപാടാണ് എടുക്കുക എന്നാണ് കണ്ടറിയേണ്ടത്.
Content Highlights:Indian lives are bigger than cricket, no more games with Pakistan: Gambhir