
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് താരം റൊമാരിയോ ഷെപ്പേർഡ്. ആദ്യത്തെ രണ്ട് പന്തുകൾ കളിച്ചപ്പോൾ തന്നെ ബൗളർ സമ്മർദ്ദത്തിലാണെന്ന് തനിക്ക് മനസിലായെന്നാണ് ഷെപ്പേർഡിന്റെ വാക്കുകൾ.
'ഞാൻ ബൗളറുടെ ശരീരഭാഷ ശ്രദ്ധിച്ചു. അപ്പോൾ അയാളെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് ഞാൻ ശ്രമിച്ചത്. അതിനായാണ് ഞാൻ വലിയ ഹിറ്റുകൾ തുടർന്നുകൊണ്ടിരുന്നത്. അതുപോലെ ഞാൻ ക്രീസിലെത്തിയപ്പോൾ തന്നെ ചെന്നൈ ബൗളർമാർ എവിടെയാണ് എറിയുകയെന്ന് ഏകദേശ ഐഡിയ ഉണ്ടായിരുന്നു. അതിന് അനുസരിച്ചാണ് ഞാൻ ബാറ്റ് ചെയ്തത്.' ഷെപ്പേർഡ് പ്രതികരിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ് റോയൽ ചലഞ്ചേഴ്സ് താരം റൊമാരിയോ ഷെപ്പോർഡ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വെറും 14 പന്തുകൾ നേരിട്ട ഷെപ്പേർഡ് 53 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും ആറ് സിക്സറും സഹിതമാണ് ഷെപ്പേർഡിന്റെ നേട്ടം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടിയത് രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളാണ്. 2023ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 13 പന്തിൽ ജയ്സ്വാൾ അർധ സെഞ്ച്വറിയിലെത്തിയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെ മികച്ച സ്കോറിലെത്തിച്ചതും ഷെപ്പേർഡിന്റെ ഇന്നിങ്സാണ്. 18 ഓവർ പിന്നിടുമ്പോൾ ആർസിബി സ്കോർ അഞ്ചിന് 159 എന്നായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ 19-ാം ഓവറിൽ 33 റൺസാണ് ആർസിബി നേടിയത്. ഇതിൽ 32 റൺസ് ഷെപ്പേർഡ് അടിച്ചെടുത്തു. നാല് സിക്സറും രണ്ട് ഫോറും ഉൾപ്പെട്ടതായിരുന്നു ഈ ഇന്നിങ്സ്. ഒരു റൺസ് നോബോൾ വഴിയാണ് ലഭിച്ചത്.
20-ാം ഓവറിൽ 21 റൺസും റോയൽ ചലഞ്ചേഴ്സ് നേടിയെടുത്തു. ഇതിൽ 20 റൺസ് ഷെപ്പേർഡിന്റെ വകയായിരുന്നു. ഒരു റൺ ടിം ഡേവിഡാണ് സംഭാവന ചെയ്തത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 213 റൺസെടുത്തു. 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം 62 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടോപ് സ്കോറർ.
33 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 55 റൺസെടുത്ത് ജേക്കബ് ബെഥൽ കോഹ്‍ലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 97 റൺസാണ് പിറന്നത്. മറുപടി ബാറ്റിങ്ങിൽ നന്നായി ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. രണ്ട് റൺസിന് റോയൽ ചലഞ്ചേഴ്സിന് മത്സരം വിജയിക്കാനും കഴിഞ്ഞു.
Content Highlights: Romario Shepherd on his explosive finish against CSK