
ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഗുജറാത്ത് ഗ്രേറ്റ്സിനെ 26 റൺസിന് പരാജയപ്പെടുത്തി സതേൺ സൂപ്പർസ്റ്റാർസ്. 26 റൺസിനാണ് ദിനേശ് കാർത്തിക്ക് നയിക്കുന്ന സതേൺ സൂപ്പർസ്റ്റാർസിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂപ്പർസ്റ്റാർസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി പറഞ്ഞ ശിഖർ ധവാന്റെ ഗുജറാത്ത് ഗ്രേറ്റ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനേ സാധിച്ചുള്ളു. ഒരു ഘട്ടത്തിൽ വിജയം മുന്നിൽ കണ്ട ഗുജറാത്ത് ശിഖർ ധവാന്റെ പുറത്താകലിന് പിന്നാലെ തകർന്നടിയികുകയായിരുന്നു.
ആദ്യ ബാറ്റിങ്ങിൽ സതേൺ സൂപ്പർസ്റ്റാർസിനും കനത്ത ബാറ്റിങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. മാർട്ടിൻ ഗുപ്റ്റിൽ 22, ഹാമിൽട്ടൺ മാസ്കഡാസ 20 എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ ഒന്നിന് 49 എന്ന സ്കോറിൽ നിന്നും എട്ടിന് 88 എന്ന സ്കോറിലേക്ക് സൂപ്പർസ്റ്റാർസ് വീണു. ഒടുവിൽ ചതുരംഗ ഡി സിൽവയുടെ 53 റൺസാണ് സൂപ്പർസ്റ്റാർസിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഗുജറാത്തിനായി മനൻ ശർമ ആറ് വിക്കറ്റെടുത്തു. മലയാളി താരം എസ് ശ്രീശാന്ത് നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ലഭിച്ചില്ല.
മറുപടി പറഞ്ഞ ഗുജറാത്ത് ഒരുഘട്ടത്തിൽ ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 63 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ പിന്നീട് ഗുജറാത്ത് താരങ്ങൾ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെടുത്തി. 48 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 52 റൺസുമായി ധവാൻ നാലാമനായി പുറത്തായി. മറ്റാർക്കും തിളങ്ങാൻ കഴിയാതിരുന്നതോടെ ഗുജറാത്ത് പരാജയപ്പെടുകയായിരുന്നു.