

പേസ് ബോളർ പന്തെറിയാനായി ഓടിയടുക്കുകയാണ്. അപ്പോഴാണ് അംപയർ പറയുന്നത്. വെളിച്ചക്കുറവുണ്ട്. സ്പിന്നെറിഞ്ഞാൽ മതി. ബാറ്റർക്ക് പേസെറിഞ്ഞാൽ പന്ത് കാണാനാവില്ല. അതോടെ ഒരു ചിരിയോടെയും ഇച്ഛാഭംഗത്തോടെയും ബോളർ സ്പിന്നെറിയാൻ തയ്യാറെടുക്കുന്നു. ഇംഗ്ലണ്ട്- ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
Chris Woakes Spin Bowling...!!🤣pic.twitter.com/Ou4C0oAvKS
— Cric Choice (@CricChoice) September 7, 2024
ഇംഗ്ലീഷ് പേസ് ബോളറായ ക്രിസ് വോക്സ് പന്തെറിഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. വെളിച്ചക്കുറവ് കാരണം ഓവറിലെ നാല് പന്തുകളാണ് പേസറായ വോക്സിന് സ്പിൻ എറിയേണ്ടിവന്നത്. ആ ഓവറിലെ ആദ്യ രണ്ട് പന്തുകളും പേസായിരുന്നു വോക്സ് എറിഞ്ഞത്. രണ്ടാമത്തെ പന്തിൽ ദിമുത് കരുണരത്നെ പുറത്താവുകയും ചെയ്തു. ഈ സമയത്ത് ആണ് അംപയർമാർ ലൈറ്റ് മീറ്റർ ഉപയോഗിച്ച് പരിശോധിക്കുന്നത്. വെളിച്ചക്കുറവ് കണ്ടെത്തിയ അംപയർമാർ പിന്നീടുള്ള പന്തുകൾ സ്പിൻ എറിയാൻ നിർദേശിക്കുകയായിരുന്നു. വോക്സ് സ്പിൻ എറിയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇതിനു ശേഷം നടന്നതും രസകരമായ കാര്യമാണ്. ഈ ഓവറിനു ശേഷം വീണ്ടും ഒരിക്കൽ കൂടി ലൈറ്റ് മീറ്റർ ഉപയോഗിച്ച് അന്തരീക്ഷം പരിശോധിച്ച അംപയർമാർ വെളിച്ചക്കുറവ് മാറിയെന്നും അടുത്ത പന്തെറിയാനെത്തിയ ഗസ് അറ്റ്കിൻസന് സ്വതസിദ്ധശൈലിയിൽ പേസിൽ പന്തെറിയാൻ അനുവദിക്കുകയും ചെയ്തു.

നേരത്തെ ഇംഗ്ലണ്ട് 325 റൺസിന് ഓൾ ഔട്ടായിരുന്നു. നിലവിൽ ഒടുവിൽ റിപ്പോർട്ട് വരുമ്പോൾ 159 റൺസിന് ലങ്കയുടെ പാതി വിക്കറ്റുകളും വീണിരിക്കുകയാണ്.