Fact Check: കെ എല് രാഹുല് വിരമിക്കല് പ്രഖ്യാപിച്ചോ?; വൈറല് പോസ്റ്റിനു പിന്നിലെ വാസ്തവമറിയാം

രാഹുലിന്റേതെന്ന പേരില് പ്രചരിക്കുന്ന ഇന്സ്റ്റഗ്രാം സ്റ്റോറിയുടെ സ്ക്രീന്ഷോട്ടാണ് സോഷ്യല് മീഡിയയില് അഭ്യൂഹങ്ങള്ക്ക് വഴിവെച്ചത്

dot image

ക്രിക്കറ്റ് ലോകത്തിലെ അഭ്യൂഹങ്ങളെല്ലാം ഒരു ബൗളര് എറിയുന്ന പന്തിനേക്കാള് വേഗത്തില് സഞ്ചരിക്കുന്ന കാലമാണിത്. ഇന്ത്യന് ക്രിക്കറ്റ് താരം കെ എല് രാഹുലിന്റെ വിരമിക്കല് വാര്ത്തയാണ് ഇപ്പോള് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെടുന്നത്. രാഹുലിന്റേതെന്ന പേരില് പ്രചരിക്കുന്ന ഇന്സ്റ്റഗ്രാം സ്റ്റോറിയുടെ സ്ക്രീന്ഷോട്ടാണ് സോഷ്യല് മീഡിയയില് അഭ്യൂഹങ്ങള്ക്ക് വഴിവെച്ചത്. എന്നാല് ഇതിനു പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

പ്രചാരണം:

2024 ഓഗസ്റ്റ് 22ന് ആണ് രാഹുല് തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയില് കൗതുകമുണര്ത്തുന്നതും ചെറുതുമായ ഒരു സന്ദേശം പോസ്റ്റ് ചെയ്യുന്നത്. 'എനിക്ക് ഒരു അറിയിപ്പ് നടത്താനുണ്ട്. കാത്തിരിക്കുക', എന്നായിരുന്നു പോസ്റ്റ്. സ്റ്റോറി പോസ്റ്റ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് നിരവധി ഊഹാപോഹങ്ങളുമായി ആരാധകർ രംഗത്തെത്തി. രാഹുല് ക്രിക്കറ്റ് മതിയാക്കുകയാണെന്നതടക്കമുള്ള അഭ്യൂഹങ്ങള് വ്യാപകമായി പ്രചരിച്ചുതുടങ്ങി. എരിതീയില് എണ്ണയെന്ന പോലെ ഒരു വ്യാജ സ്ക്രീന്ഷോട്ടും രാഹുലിന്റേതെന്ന പേരില് പ്രചരിച്ചു.

ഒരുപാട് ആലോചിച്ചതിനു ശേഷം പ്രൊഫഷണല് ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിക്കാന് ഞാന് തീരുമാനിച്ചിരിക്കുകയാണ്. ക്രിക്കറ്റ് എന്നത് എന്റെ ജീവിതത്തില് ഒരുപാട് വര്ഷങ്ങളായുള്ള പ്രധാന ഭാഗമായിരുന്നതിനാല് ഈ തീരുമാനം അത്ര എളുപ്പമുള്ളതായിരുന്നില്ല. കരിയറിലുടനീളം എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുടുംബാംഗങ്ങള്, സുഹൃത്തുക്കള്, സഹതാരങ്ങള്, ആരാധകര് എന്നിവരോട് ഞാന് നന്ദി പറയുന്നു. കളിക്കളത്തിന് അകത്തും പുറത്തുമായി വിലമതിക്കാന് കഴിയാത്ത ഒരുപാട് അനുഭവങ്ങളും ഓര്മ്മകളും ഞാന് സമ്പാദിച്ചു. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിവുള്ള നിരവധി വ്യക്തികള്ക്കൊപ്പം കളിക്കാനും കഴിഞ്ഞതില് ഞാന് അഭിമാനിക്കുന്നു. മുന്നിലുള്ള പുതിയ അധ്യായത്തെ കുറിച്ച് ആവേശഭരിതനാണെങ്കിലും ക്രിക്കറ്റിനൊപ്പം ചെലവഴിച്ച സമയത്തിന് ഞാന് എപ്പോഴും വിലമതിക്കുന്നു. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് എല്ലാവര്ക്കും നന്ദി.

ഇതായിരുന്നു ആ സ്ക്രീൻ ഷോട്ടിലെ വാചകങ്ങൾ.

ഇതോടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര് ബാറ്ററായ കെ എല് രാഹുല് ക്രിക്കറ്റ് മതിയാക്കുകയാണോയെന്ന ചോദ്യങ്ങള് ആരാധകര്ക്കിടയില് സജീവമായത്. വെറും 32 വയസ്സുള്ള രാഹുല് ഇത്തരത്തില് തീരുമാനം എടുക്കുമോയെന്നാണ് മിക്കവരും സംശയമുന്നയിച്ചത്. ഇതിന്റെ ആധികാരികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്ത് ഉടന് തന്നെ നിരവധി പേര് രംഗത്തെത്തിയെങ്കിലും അതിനോടകം തന്നെ സ്ക്രീന്ഷോട്ട് വ്യാപകമായി പ്രചരിച്ചുകഴിഞ്ഞിരുന്നു.

വാസ്തവം:

കെ എല് രാഹുല് ക്രിക്കറ്റ് മതിയാക്കുന്നുവെന്ന അഭ്യൂഹങ്ങള് പരന്നതോടെ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും താരത്തിന്റെ സമീപകാല പ്രകടനങ്ങളും ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനവും വിശകലനം ചെയ്തു തുടങ്ങി. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില് അദ്ദേഹം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്ന്നു അവസാന കളിയില് രാഹുലിനു പകരം റിഷഭിനെ ഇന്ത്യ ഇറക്കുകയും ചെയ്തു. പരമ്പരയിലെ രണ്ട് ഇന്നിങ്സുകളില് നിന്ന് 31 റണ്സാണ് രാഹുല് നേടിയത്. ഏകദിന ലോകകപ്പില് ഇന്ത്യയ്ക്ക് വേണ്ടി നിര്ണായക പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് രാഹുലിന്റെ ഫോം വലിയ ചര്ച്ചയായിരുന്നു. എന്നാലും വിരമിക്കല് എന്നത് വളരെ വിദൂരമായ സാധ്യതയായി തന്നെയാണ് നിലനില്ക്കുന്നത്.

ഇന്ത്യന് പ്രീമിയര് ലീഗ് (ഐപിഎല്) കരിയറുമായി ബന്ധപ്പെട്ടതാകാമെന്ന് പറഞ്ഞാണ് രാഹുലിന്റെ പ്രഖ്യാപത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ. കഴിഞ്ഞ ഐ പി എൽ സീസണിനിടെ ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുടമ സഞ്ജീവ് ഗോയങ്കയുമായുള്ള അസ്വാരസ്യങ്ങൾ ഗ്രൗണ്ടിലേക്ക് പടർന്നത് ചർച്ചയായിരുന്നു.

അതിനാൽ തന്നെ നിലവില് ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുല് ഐപിഎല് 2025 ലേലത്തിന് മുന്നോടിയായി റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് (ആര്സിബി) മടങ്ങിയെത്തുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാലും ഇക്കാര്യത്തില് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

നിഗമനം:

അഭ്യൂഹങ്ങള് പരക്കുന്നുണ്ടെങ്കിലും കെ എല് രാഹുലിന്റെ ക്രിക്കറ്റ് യാത്രയ്ക്ക് ഇനിയും തിരശ്ശീല വീണിട്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്മാറ്റുകളിലെയും സ്ഥിരസാന്നിധ്യമാണ് രാഹുൽ.

അതുകൊണ്ടുതന്നെ കെ എല് രാഹുലിന്റേതെന്ന പേരില് പ്രചരിക്കുന്ന അനൗൺസ്മെന്റ് പോസ്റ്റ് യഥാർത്ഥമാണെങ്കിലും രണ്ടാമത്തെ വിരമിക്കൽ പോസ്റ്റ് വ്യാജമാണ്. രാഹുല് പോസ്റ്റ് ചെയ്ത സ്റ്റോറി വന്തോതില് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നുവെന്ന് വേണം കരുതാന്. വിരമിക്കല് സംബന്ധിച്ച് രാഹുലിന്റെയോ ബിസിസിഐയുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും നിലവില് വന്നിട്ടില്ല.

dot image
To advertise here,contact us
dot image