
ഗയാന: ട്വന്റി 20 ലോകകപ്പില് സെമി ഫൈനല് പോരാട്ടങ്ങള് ആരംഭിക്കാനിരിക്കെ ആരാധകര്ക്ക് ആശങ്ക ഉയര്ത്തുന്ന വാര്ത്തകളാണ് പുറത്തുവരുന്നത്. ഗയാനയിലെ പ്രൊവിഡന്സ് സ്റ്റേഡിയത്തില് വ്യാഴാഴ്ച ഇന്ത്യന് സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം നടക്കുക. എന്നാല് മത്സരത്തിന് മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ഗയാനയില് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഒന്നാം സെമി ഫൈനല് വ്യാഴാഴ്ച തന്നെ ഇന്ത്യന് സമയം രാവിലെ ആറ് മണിക്ക് നടക്കുക. ട്രിനിഡാഡിലെ ബ്രയാന് ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില് നടക്കുന്ന മത്സരം മഴ മുടക്കിയാല് റിസര്വ് ദിനം അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്വ് ദിനത്തിന്റെ ആനുകൂല്യം ലഭിക്കില്ല.
'കഴിഞ്ഞ സെമിയില് എന്താണ് നടന്നതെന്ന് ഓര്മ്മയില്ലേ?'; ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട്അതുകൊണ്ട് തന്നെ വിജയികളെ അന്നുതന്നെ തീരുമാനിക്കേണ്ടതുണ്ട്. രണ്ടാം സെമി മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നാല് ഐസിസി നിയമപ്രകാരം സൂപ്പര് 8 ഘട്ടത്തില് മുന്നില് നില്ക്കുന്ന ടീം ഫൈനലിലെത്തും. അതിനാല് ഇന്ത്യയ്ക്ക് ബാര്ബഡോസില് നടക്കുന്ന കലാശപ്പോരിനെത്താം. സൂപ്പര് എയ്റ്റിലെ ഗ്രൂപ്പ് ഒന്നില് ഒന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുക. സൂപ്പര് എയ്റ്റിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലേക്ക് ടിക്കറ്റെടുത്തത്.