റീ റിലീസുകൾ എല്ലാം സാംപിൾ കണ്ണാ ...; 2024 സെക്കൻഡ് ഹാഫ് തമിഴിന് തിരുവിഴാ കാലം

2024- ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ വിജയം കാണാൻ കൂറേയേറെ കഷ്ടപ്പെട്ടു. ആ വർഷത്തെ ഫസ്റ്റ് ഹാഫ് പിന്നിടുമ്പോൾ തമിഴിൽ റിലീസ് ചെയ്ത 80തിനോടടുത്ത സിനിമകളിൽ വിജയിച്ചതാകട്ടെ അഞ്ചോ ആറോ സിനിമകൾ മാത്രമാണ്
റീ റിലീസുകൾ എല്ലാം സാംപിൾ കണ്ണാ ...; 2024 സെക്കൻഡ് ഹാഫ് തമിഴിന് തിരുവിഴാ കാലം

zമലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് കുറിച്ച വർഷമാണ് 2024. ഈ കൊല്ലം മോളിവുഡ് പ്രൊഡക്ഷനിലുള്ള ഒട്ടുമിക്ക് സിനിമകളും ബോക്സ് ഓഫീസിൽ തരംഗം തീർക്കുന്ന കാഴ്ച്ചയ്ക്കാണ് പ്രേക്ഷകരും സിനിമ നിരൂപകരും സാക്ഷ്യം വഹിച്ചത്. എന്നാൽ ഇതിന് നേരെ വിപരീതമായായിരുന്നു തമിഴ് സിനിമയ്ക്ക് സംഭവിച്ചുകൊണ്ടിരുന്നത്.

2024- ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ വിജയം കാണാൻ കൂറേയേറെ കഷ്ടപ്പെട്ടു. ഇൌ വർഷത്തെ ഫസ്റ്റ് ഹാഫ് പിന്നിടുമ്പോൾ തമിഴിൽ റിലീസ് ചെയ്ത 80തിനോടടുത്ത സിനിമകളിൽ വിജയിച്ചതാകട്ടെ അഞ്ചോ ആറോ സിനിമകൾ മാത്രമാണ്. ഒപ്പം മലയാള സിനിമ തമിഴിൽ ഡബ്ബ് ചെയ്ത വേർഷനും.

ഇതിനിടെ തമിഴ് ബോക്സ് ഓഫീസിന് സഹായമായത് റീറിലീസുകളായിരുന്നു. ഗില്ലി, ഇന്ത്യൻ, മങ്കാത്ത, ബില്ല, ഖുഷി തുടങ്ങി നിരവധി സിനിമകൾ വീണ്ടും റിലീസ് ചെയ്യുകയും ഈ വകയിൽ തിയേറ്ററിൽ ആളുകൾ കയറുകയും ചെയ്തിരുന്നു. തമിഴ് സിനിമ രക്ഷപെടണമെന്നുണ്ടെങ്കിൽ പഴയ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യേണ്ട ദയനീയ അവസ്ഥയാണ് എന്നുവരെ കമന്റുകളും എത്തി.

എന്നാൽ ഇതുവരെ കണ്ടതെല്ലാം വെറും തുടക്കം മാത്രമാണ് എന്ന് 2024 സെക്കൻഡ് ഹാഫിലെ റിലീസുകൾ കാണുമ്പോൾ ഏതാണ്ട് ഒരു ഐഡിയ ലഭിക്കും. വിജയ സിനിമകളുടെ രണ്ടാം ഭാഗം ഉൾപ്പെടെ സൂപ്പർ താര സിനിമകളും ഹിറ്റുകളടിച്ച് ശ്രദ്ധേയരായ സംവിധായകരുടെ സിനിമകളുമെല്ലാം ജൂണിന് ശേഷം റിലീസിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ 2024-ന്റെ ആദ്യ പകുതി പിടിക്കാൻ കഴിഞ്ഞില്ല എങ്കിലും രണ്ടാം പകുതിയിൽ തെന്നിന്ത്യയിലൊട്ടാകെ തരംഗമുണ്ടാക്കാൻ തമിഴ് ഇൻഡസ്ട്രിക്ക് കഴിഞ്ഞേക്കും എന്ന് പല നിരൂപകരും അഭിപ്രായപ്പെടുന്നുണ്ട്.

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം
ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം

വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) എന്ന സിനിമയാണ് ഈ വർഷം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധ്യതയുള്ള ചിത്രങ്ങളിലൊന്ന്. ഡിസംബർ 31നായിരുന്നു സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടത്. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വേട്ടയ്യന്‍
വേട്ടയ്യന്‍

രജിനികാന്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്റെ റിലീസ് ഈ ഒക്ടോബറിൽ ഉണ്ടാകുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി അറിയിച്ചിരുന്നില്ല. ചിത്രം ഒക്ടോബർ പത്തിന് തിയേറ്ററുകളിൽ എത്തുമെന്നാണ് രജനികാന്ത് തന്നെ അറിയിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും വേട്ടയ്യൻ എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മാത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് എന്ന് സിനിമ സെറ്റിലെ താരത്തിന്റെ യൂണിഫോമിലുള്ള ചിത്രം പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടുകളെത്തിയിരുന്നു. വലിയ സ്റ്റാർ കാസ്റ്റിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ.

രായന്‍
രായന്‍

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രമെന്ന നിലയിൽ 'രായ'ന് മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധായകൻ കൂടിയായ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ജൂൺ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അമരന്‍
അമരന്‍

തമിഴ് സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'അമരൻ'. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനുമെല്ലാം വിലയ പിന്തുണയാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ശിവകാർത്തികേയന്റെ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാമെന്നുള്ളതുകൊണ്ട് തന്നെ ബോക്സ് ഓഫീസിലും തള്ളിക്കയറ്റം പ്രതീക്ഷിക്കാം. ഓഗസ്റ്റ് 15നാണ് അമരൻ തിയേറ്ററുകളിലെത്തുന്നത്.

ഇന്ത്യന്‍ 2
ഇന്ത്യന്‍ 2

റിലീസിന് മുൻപ് ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിലൂടെ തമിഴകത്തെ ആവേശഭരിതരാക്കിയിരിക്കുകയാണ് ശങ്കർ-കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'. ബോക്സ് ഓഫീസിൽ ഹിറ്റടിച്ച ഒരു സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോൾ റിലീസ് ദിവസം തന്നെ റെക്കോർഡ് കളക്ഷൻ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിലെ പാട്ട് തന്നെ ഇന്ത്യൻ പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്ത് അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്നാം ഭാഗം റിലീസ് ചെയ്യും എന്നതും മറ്റൊരു പ്രത്യേകതയാണ്. ജൂലൈ 12 ന് ലോകമെമ്പാടും ചിത്രം തിയേറ്ററുകളിലെത്തും.

വിടാമുയര്‍ച്ചി
വിടാമുയര്‍ച്ചി

അജിത്-മഗിഴ് തിരുമേനി ടീമിന്റെ 'വിടാമുയർച്ചി' എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. തല ആരാധകർക്ക് ആഘോഷിക്കാനുള്ള വക കൂടിയാണ് വിടാമുയർച്ചി.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്നേഷ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മഗിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരികയുമായിരുന്നു. സിനിമയുടെ റിലീസ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് സിനിമയുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഇത് അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണ്.

കങ്കുവ
കങ്കുവ

സൂര്യ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും നടന്റെ ഫുൾ മേക്കോവറിനുമെല്ലാം ആരാധകർ ഏറെയാണ്. 38 ഭാഷകളിലായി എത്തുന്ന കങ്കുവയുടെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ പരിപാടികളെല്ലാം പൂർത്തിയാക്കിയതോടെ ഈ വർഷം തന്നെ കങ്കുവയുടെ റിലീസ് ഉണ്ടാകും. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിലെത്തുന്നത്.

തങ്കലാന്‍
തങ്കലാന്‍

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' പ്രതീക്ഷ നൽകുന്ന മറ്റൊരു ചിത്രമാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെക്കുകയുണ്ടായിരുന്നു. എന്നാൽ സിനിമ ഈ മാസം തന്നെയെത്തുമെന്നുള്ള ഉറപ്പ് തമിഴ് മക്കൾക്ക് നിർമ്മാതാവ് നൽകിയിരുന്നു. ബ്രിട്ടിഷ്‌ ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കലാൻ' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com