ടി20 ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക...; കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍!

മഴ പുറത്ത് തിമിര്‍ത്ത് പെയ്യേണ്ട കാലത്ത് കേരളത്തിലെ കായികപ്രേമികളെ സംബന്ധിച്ച് ഇനിയങ്ങോട്ട് കായികലോകത്തും മത്സരാവേശങ്ങളുടെ 'പെരുമഴക്കാലമാണ്'.
ടി20 ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക...; കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍!

ഐപിഎല്ലിന്റെ ആരവം അസ്തമിച്ചിട്ട് ദിവസങ്ങള്‍ ആയിട്ടില്ല. വരാനിരിക്കുന്ന രണ്ട് മാസം കായികലോകത്തെ സംബന്ധിച്ച് 'ടൈറ്റ് ഷെഡ്യൂളാണ്'. ഉറക്കമില്ലാത്ത രാത്രികളാണ് കായികപ്രേമികളെ കാത്തിരിക്കുന്നതെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ് ഫുട്‌ബോള്‍, കോപ്പ അമേരിക്ക ഫുട്‌ബോള്‍, വിംബിള്‍ഡണ്‍ ടെന്നിസ്, പാരീസ് ഒളിംപിക്‌സ്....മഴ പുറത്ത് തിമിര്‍ത്ത് പെയ്യേണ്ട കാലത്ത് കേരളത്തിലെ കായികപ്രേമികളെ സംബന്ധിച്ച് ഇനിയങ്ങോട്ട് കായികലോകത്തും മത്സരാവേശങ്ങളുടെ 'പെരുമഴക്കാലമാണ്'.

തങ്ങളുടെ പ്രിയപ്പെട്ട മത്സരങ്ങള്‍ കാണാനുള്ള കായികപ്രേമികളുടെ മാരത്തണ്‍ 'ഉറക്കമിളപ്പ്' ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലോടെ തുടങ്ങും. ജൂണ്‍ രണ്ടിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടം. അന്നുതന്നെ ട്വന്റി 20 ലോകകപ്പിനും തിരിതെളിയും. ട്വന്‍റി20 ലോകകപ്പ് മത്സരങ്ങള്‍ പകുതി പിന്നിടുമ്പോഴേക്കും യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്ക് അരങ്ങുണരും. ജൂണ്‍ 14 മുതലാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. തൊട്ടുപിന്നാലെ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്‍റിന് തുടക്കാമാകും. അമേരിക്കയാണ് ഇത്തവണത്തെ ആതിഥേയര്‍. ബേസ്ബോള്‍ ആവേശക്കാരായ അമേരിക്കക്കാര്‍ ക്രിക്കറ്റിനൊപ്പം ഫുട്ബോള്‍ ആവേശത്തിലേയ്ക്കും ഇടവേളയില്ലാതെ കാലെടുത്തു വയ്ക്കുന്നു എന്ന സവിശേഷതയും ഈ മാസങ്ങള്‍ക്കുണ്ട്. ജൂണ്‍ 21നാണ് ലയണല്‍ മെസ്സിയടക്കമുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ കളിക്കളത്തിലെത്തുന്ന കോപ്പ അമേരിക്ക ആരംഭിക്കുന്നത്. നെയ്മറില്ലാതെ ഇറങ്ങുന്ന ബ്രസീലിന്‍റെ പ്രതീക്ഷ വിനീഷ്യസിന്‍റെ ബൂട്ടുകളിലാണ്. പുതിയ താരോദയങ്ങള്‍ക്ക് എന്നും വേദിയായ കോപ്പയിലെ ഇത്തവണത്തെ വിസ്മയം ആരാകുന്നമെന്നതും ഈ മാസങ്ങളില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആകാംക്ഷയാണ്.

ഉറക്കച്ചടവിനിടയിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ഏറ്റവും വൈകാരികമായ ഒരു മത്സരം കാത്തിരിക്കുന്നുണ്ട്. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യ ജൂണ്‍ ആറിന് കുവൈത്തിനെ നേരിടും. ഇന്ത്യന്‍ ഫുട്ബോളിന്‍റെ മെക്കയായ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് ഇതിഹാസ സമാനമായ ഒരു വിടവാങ്ങലിന് കളമൊരുങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നീലക്കുപ്പായത്തിലെ അവസാന മത്സരം. റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നില്‍ പേരെഴുതി ചേര്‍ത്ത ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം. ഇനി ജൂലൈ മാസത്തിലേക്ക് വന്നാല്‍ വിംബിള്‍ഡണ്‍ ടെന്നിസും പാരിസ് ഒളിംപിക്‌സുമാണ് ആരാധകരെ കാത്തിരിക്കുന്നത്. പാരിസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമാണ്. അതിനാല്‍ തന്നെ ഇന്ത്യ ജൂലൈയിലും ഉണര്‍ന്നിരിക്കും എന്ന് തീര്‍ച്ചയാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് v/s റയല്‍ മാഡ്രിഡ്

തീയതി: ഇന്ത്യന്‍ സമയം ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 12.30

വേദി: വെംബ്ലി സ്റ്റേഡിയം, ലണ്ടന്‍, ഇംഗ്ലണ്ട്

ട്വന്റി 20 ക്രിക്കറ്റ്

ടീമുകള്‍: 20

തീയതി: ജൂണ്‍ രണ്ട് മുതല്‍ 29 വരെ

സമയം: രാവിലെ 6, രാത്രി 8, അര്‍ദ്ധരാത്രി 12.30

വേദി: യുഎസ്, വെസ്റ്റ് ഇന്‍ഡീസ്

യൂറോ കപ്പ് ഫുട്‌ബോള്‍

ടീമുകള്‍: 24

തീയതി: ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ലോകകപ്പ് കിക്കോഫ്)

സമയം: വൈകിട്ട് 6.30, രാത്രി 9.30, അർദ്ധരാത്രി 12.30

വേദി: ജർമ്മനി

കോപ്പ അമേരിക്ക

ടീമുകള്‍: 16

തീയതി: ജൂണ്‍ 21 മുതല്‍ ജൂലൈ 14 വരെ

സമയം: പുലർച്ചെ 3.30, 5,30, രാവിലെ 6.30

വേദി: അമേരിക്ക

ഫിഫ ലോകകപ്പ് യോഗ്യത മത്സരം

ഇന്ത്യ-കുവൈത്ത്

തീയതി: ജൂണ്‍ 6

സമയം: രാത്രി 7

വേദി: സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, കൊല്‍ക്കത്ത

വിംബിള്‍ഡണ്‍ ടെന്നിസ്

തീയതി: ജൂലൈ 1 മുതല്‍ 14 വരെ

സമയം: വൈകിട്ട് 3.30 മുതല്‍

വേദി: ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ്, ലണ്ടന്‍, ഇംഗ്ലണ്ട്

പാരീസ് ഒളിംപിക്സ്

തീയതി: ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ

വേദി: പാരീസ്, ഫ്രാന്‍സ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com