ഓതിരം, കടകം, കടകത്തിലൊഴിവ്, പിന്നെ... സംഗീത് ശിവനും

യോദ്ധ എന്ന സിനിമയെ മലയാളി ഓർക്കുന്ന അത്രയും കാലം സംഗീത് ശിവൻ എന്ന സംവിധായകനും ജീവിക്കും...
ഓതിരം, കടകം, കടകത്തിലൊഴിവ്, പിന്നെ... സംഗീത് ശിവനും

ഓതിരം, കടകം, മറുകടകം, കടകത്തിലൊഴിവ്, പിന്നെ അശോകനും... ഒരു തലമുറയുടെ ബാല്യകാല ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഡയലോഗാണിത്. ഞായറാഴ്ച വൈകുന്നേരം യോദ്ധ ടിവിയിലുണ്ടെങ്കിൽ പിറ്റേദിവസം സ്‌കൂളുകളിൽ 'അക്കോസേട്ടൻ സ്റ്റൈൽ' ഇടിയുടെ പൂരമാണ്. യോദ്ധ എന്ന ഒറ്റ ചിത്രം മതി സംഗീത് ശിവൻ എന്ന സംവിധായകനെ എന്നും ഓർത്തിരിക്കാൻ.

കേരളത്തിലെ ഒരു ഗ്രാമത്തിൽ തൈപ്പറമ്പിൽ അശോകനും അരശുമൂട്ടിൽ അപ്പുകുട്ടനും തമ്മിലുള്ള 'വലിയ' പ്രശ്‍നങ്ങളിലും അതിന്റെ തമാശകളിലും തുടങ്ങുന്ന സിനിമ പിന്നീട് നേപ്പാളിലെത്തുമ്പോൾ അന്നുവരെയുള്ള മലയാള സിനിമയുടെ കാഴ്ചാശീലങ്ങൾക്കപ്പുറമായ ഒരു ലോകത്തേക്കാണ് പ്രേക്ഷകർ കടന്നു ചെല്ലുന്നത്. ആയോധനകാല പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്ന സംഗീത് ശിവന്റെ ആഗ്രഹമാണ് യോദ്ധയുടെ പിറവിക്ക് കാരണം. ആദ്യഘട്ടത്തിൽ നേപ്പാളിലെ കഥ മാത്രമായിരുന്നു സംഗീതിന്റെ മനസ്സിലുണ്ടായിരുന്നത്. പിന്നീട് തിരക്കഥാകൃത്ത് ശശിധരൻ ആറാട്ടുവഴിയാണ് കഥയെ കേരളത്തിലെത്തിക്കുന്നത്. എന്തിനേറെ അരശുംമൂട്ടിൽ അപ്പുക്കുട്ടൻ എന്ന ജഗതി ശ്രീകുമാറിന്റെ ഹിറ്റ് കഥാപാത്രം പോലുമുണ്ടായത് അതിന് ശേഷമാണ്.

സിനിമയിൽ മോഹൻലാലിന്റെ അശോകൻ നേപ്പാളിൽ എത്തിയതോടെ മലയാള സിനിമാപ്രേക്ഷകരും നേപ്പാളിലേക്ക് എത്തുകയായിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. അത്രത്തോളം മനോഹരമായാണ് നേപ്പാളിന്റെ ദൃശ്യഭംഗിയേയും സംസ്കാരത്തെയുമെല്ലാം സംഗീത് ശിവൻ ഒപ്പിയെടുത്തത്. സിനിമയിൽ കാണിക്കുന്ന ഫ്ലൈറ്റ് രംഗങ്ങൾ റോജ എന്ന മണിരത്‌നം ചിത്രത്തിനായെടുത്ത സ്റ്റോക്ക് ഷോട്ടുകളാണ് എന്നതും ഒരു വസ്തുതയാണ്.

1992 സെപ്തംബർ മൂന്നിനായിരുന്നു യോദ്ധ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ലഭിച്ചതിന്റെ നൂറിരട്ടിയാണ് പിൽക്കാലത്ത് ടെലിവിഷനിലൂടെ യോദ്ധയ്ക്ക് ലഭിച്ച സ്വീകാര്യത. യോദ്ധ വന്നാൽ പിന്നെ കുട്ടികളും കുടുംബങ്ങളും ടിവിക്ക് മുന്നിലായിരുന്നു ഒരു സമയത്ത്. മോഹൻലാലിന്റെ സ്റ്റൈലും ആക്കോസേട്ടാ... ഉണ്ണിക്കുട്ടാ... എന്നീ വിളികളുമെല്ലാം മലയാളികൾ ഏറ്റെടുത്തു. ഇന്ന് ഈ ഡിജിറ്റൽ യുഗത്തിൽ പോലും യോദ്ധയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. ജഗതി ശ്രീകുമാറിന്റെ 'കലങ്ങിയില്ല...', 'കാവിലെ പാട്ടുമത്സരത്തിനു കാണാം...' തുടങ്ങിയ ഡയലോഗുകളും രംഗങ്ങളും ഇന്നും മീമുകളിൽ സജീവമായി ഉപയോഗിക്കാറുണ്ട്.

സിനിമയും അതിലെ ഡയലോഗുകളും പോലെ മലയാളികൾ ഇന്നും ഏറ്റെടുക്കുന്ന മറ്റൊന്നുണ്ട്, യോദ്ധായിലെ ഗാനങ്ങൾ. എ ആർ റഹ്മാൻ എന്ന മാന്ത്രികനെ മലയാള സിനിമയിലേക്ക് എത്തിക്കുന്നത് യോദ്ധയിലൂടെയാണ്. അന്ന് അയാൾ ദിലീപായിരുന്നു. കരിയറിലെ ആദ്യ ചിത്രമായ റോജ ചെയ്ത് തീർക്കും മുന്നേ റഹ്മാനെ യോദ്ധയുടെ സംഗീതത്തിന്റെ ചുമതല സംഗീത് ശിവൻ ഏൽപ്പിച്ചതായി നിരൂപകനായ രവി മേനോൻ ഒരിക്കൽ എഴുതിയിട്ടുണ്ട്.

മൂന്ന് ഗാനങ്ങളായിരുന്നു യോദ്ധയ്ക്കായി റഹ്മാൻ ഒരുക്കിയത്. യേശുദാസും എം ജി ശ്രീകുമാറും തകർത്തുപാടിയ, മോഹൻലാലും ജഗതിയും തകർത്താടിയ 'പടകാളി ചണ്ടി ചങ്കരി...', യേശുദാസും സുജാതയും പാടിയ 'കുനു കുനെ...' എന്നീ ഗാനങ്ങൾക്കൊപ്പം 'മാമ്പൂവേ... മഞ്ഞുതിരുന്നോ...' എന്ന ഗാനവും അദ്ദേഹം ഒരുക്കിയിരുന്നു. സിനിമയിൽ ചിത്രീകരിക്കാനായില്ലെങ്കിലും മാമ്പൂവേ എന്ന ഗാനത്തിന്റെ ഈണം സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട് എന്നും രവി മേനോൻ എഴുതിയിട്ടുണ്ട്.

സിനിമയിൽ സുപ്രധാന കഥാപാത്രമായ റിംബോച്ചെയെ കണ്ടുപിടിച്ചതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കഥ പ്രചരിക്കുകയായുണ്ടായി. യോദ്ധയുടെ ചിത്രീകരണത്തിന് തയ്യാറായിരുന്ന സമയം, എന്നാൽ റിംബോച്ചെയുടെ വേഷം ചെയ്യുന്നതിന് ആരേയും അണിയറപ്രവർത്തകർക്ക് ലഭിച്ചില്ല.ഒരുപാട് കുട്ടികളെ നോക്കിയെങ്കിലും സംഗീത് ശിവൻ മനസ്സിൽ കണ്ടത് പോലെ ഒരാളെ ലഭിച്ചില്ല. സിനിമയുടെ അണിയറപ്രവർത്തകരെ സഹായിക്കുന്നതിന് വന്ന ഒരു നേപ്പാളി ചെറുപ്പക്കാരന്റെ പേഴ്സിൽ, ഒരു കുട്ടിയുടെ ചിത്രം സംഗീത് കാണുന്നു. ആ കുട്ടിയെ ഇഷ്ടമായതോടെ, സംഗീത് ശിവൻ അവനോട് പോയി ഉടനെ മൊട്ടയടിച്ച് വരാൻ ആവശ്യപ്പെട്ടു. മൊട്ടയടിച്ച വന്ന പയ്യനെ നോക്കി ഇവൻ മതിയെന്ന് സംഗീത് പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥ.

തമാശകളും ആക്ഷനും അൽപ്പം ഫാന്റസിയുമെല്ലാം ചേർത്തൊരുക്കിയ ആ ഐകോണിക്ക് സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുക എന്ന ആഗ്രഹം സംഗീത് ശിവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹം പൂർത്തിയാക്കാത്ത അദ്ദേഹം വിട പറഞ്ഞു. എന്നാൽ യോദ്ധ എന്ന സിനിമയെ മലയാളി ഓർക്കുന്ന അത്രയും കാലം സംഗീത് ശിവൻ എന്ന സംവിധായകനും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും... .

Related Stories

No stories found.
logo
Reporter Live
www.reporterlive.com