മൂന്ന് മാസം, 575 കോടി; കളക്ഷനിലും ക്വാളിറ്റിയിലും ഒന്നാമത്, ഇത് 'മോളിവുഡ്' ജീവിതം

പരീക്ഷണ സ്വഭാവമുള്ള, കലാമൂല്യമുള്ള, ഗംഭീര ക്വാളിറ്റിയിൽ പിറന്ന സിനിമകൾ കൊണ്ടും ഈ വർഷം സമ്പന്നമാണ്
മൂന്ന് മാസം, 575 കോടി; കളക്ഷനിലും ക്വാളിറ്റിയിലും ഒന്നാമത്, ഇത് 'മോളിവുഡ്' ജീവിതം

2024 ന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ കാരണങ്ങൾ ഏറെയാണ്. കഴിഞ്ഞ മൂന്നു മാസം കൊണ്ട് മലയാള സിനിമാ വ്യവസായം 575 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. ഈ നേട്ടം കേരളത്തിലും മലയാളത്തിന്റെ സേഫ് സോണായ ജിസിസി രാജ്യങ്ങളിലും മാത്രമായല്ല, തമിഴ്‌നാട്, തെലുങ്ക്, കർണാടക ബോക്സോഫീസിൽ നിന്ന് കൂടിയാണ്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മലയാളത്തിൽ ഇതുവരെ ഒരു 200 കോടി, ഒരു 100 കോടി, രണ്ടു 50 സിനിമകളാണ് ഉണ്ടായിരിക്കുന്നത്. ആടുജീവിതം കളക്ഷൻ നേടുന്ന വേഗത നോക്കുമ്പോൾ അടുത്ത ദിവസങ്ങളിൽ തന്നെ മലയാളത്തിൽ അടുത്ത 100, 150 കോടി ചിത്രം പിറക്കുമെന്ന് ഉറപ്പാണ്. ഹോളിവുഡിന് 'ബാർബൻഹൈമർ' പോലെ മലയാളത്തിന് ഒരു 'പ്രേമയുഗം ബോയ്സ്' ട്രെൻഡ് വന്നതും ഈ വർഷത്തിന്റെ നേട്ടമാണ്. അതുകൊണ്ടും കഴിയുന്നില്ല പരീക്ഷണ സ്വഭാവമുള്ള, കലാമൂല്യമുള്ള, ഗംഭീര ക്വാളിറ്റിയിൽ പിറന്ന സിനിമകൾ കൊണ്ടും ഈ വർഷം സമ്പന്നമാണ്.

വിജയത്തിന് തുടക്കം കുറിച്ച 'ഡെവിൾസ് ആൾട്ടർനേറ്റീവ്'

2024 ന്റെ തിയേറ്റർ ഹിറ്റുകൾക്ക് തുടക്കം കുറിച്ചത് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്‍ലർ എന്ന ചിത്രമാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ജയറാമിന് തിരിച്ചുവരവായ സിനിമ ആഗോള തലത്തിൽ 40 കോടിയോളം രൂപയാണ് നേടിയത്. ജയറാം-മിഥുൻ കൂട്ടുകെട്ടും, ത്രില്ലർ പശ്ചാത്തലത്തിലെ കഥയുമെല്ലാം ഉണ്ടെങ്കിലും സിനിമയെ ഇത്രത്തോളം വിജയമാക്കിയതിൽ മമ്മൂട്ടിയുടെ 'ഡെവിൾസ് ആൾട്ടർനേറ്റീവ്' വഹിച്ച പങ്ക് ചെറുതല്ലെന്ന് പറയാം.

രാജ്യാന്തര പ്രശംസയുടെ 'ആട്ടം'

ജനുവരി മാസത്തിൽ വേറെ തിയേറ്റർ ഹിറ്റുകൾ ഒന്നും പറയാനില്ലെങ്കിലും കലാമൂല്യം കൊണ്ട് സമ്പന്നമായ ഒരു സിനിമ മലയാളത്തിന് സ്വന്തമായുണ്ട്. ഈ വർഷത്തെ ആദ്യ റിലീസ് എന്ന് തന്നെ വിളിക്കാവുന്ന ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം'. പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പിന്റെ കഥയിലൂടെ ഇന്നും സമൂഹത്തിലുള്ള ലിംഗ വിവേചനത്തേയും മനുഷ്യന്റെ സ്വാർത്ഥമായ ശരികളെയും വരച്ചുകാട്ടിയ ചിത്രം ഐഎഫ്എഫ്കെ ഉൾപ്പടെയുള്ള ചലച്ചിത്രമേളകളിൽ ഏറെ പ്രശംസകൾ നേടിയിരുന്നു. ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സിനിമയ്ക്ക് വലിയ പ്രശംസയും സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കാൻ തുടങ്ങി.

'മെഗാ ഹിറ്റലു'

മലയാള സിനിമ ഫെബ്രുവരി മാസത്തിന് തുടക്കം കുറിച്ചത് ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയവുമായാണ്. ആദ്യ ദിനത്തിൽ 90 ലക്ഷം മാത്രം നേടിയ പ്രേമലു ഇതിനകം ആഗോള തലത്തിൽ 134 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. ആ നേട്ടം കേരളത്തിൽ മാത്രം ഒതുങ്ങുന്നതുമല്ല, തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം സിനിമ 16 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്, ഒരു മലയാളം സിനിമ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ. ഒപ്പം തമിഴ്‌നാട്ടിൽ നിന്ന് സിനിമ 10 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. അങ്ങനെ മറ്റു സംസ്ഥാനങ്ങളിലെ സൂപ്പർതാരങ്ങൾക്ക് പോലും ഈ വർഷം നേടാൻ കഴിയാത്ത വിജയം മലയാളത്തിന്റെ പിള്ളേര് മിനി കൂപ്പറിലെത്തി സ്വന്തമാക്കി.

അന്വേഷണവും കണ്ടെത്തലും

പ്രേമലുവിനൊപ്പം തന്നെ റിലീസ് ചെയ്ത ചിത്രമാണ് ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. ഒരു പൊലീസ് ഉദ്യോഗസ്ഥനും അയാളുടെ അന്വേഷണങ്ങളും പശ്ചലമാക്കി കഥ പറഞ്ഞ സിനിമ തിയേറ്ററിൽ വിജയം നേടുകയും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

പരീക്ഷണങ്ങളുടെ 'മമ്മൂട്ടിയുഗം'

അമാനുഷികതകളും സൂപ്പർതാര ഫോർമാറ്റുകളും മറ്റെല്ലാ ഇൻഡസ്ട്രികളിലും നിറഞ്ഞു നിൽക്കുമ്പോൾ ഇവിടെ മലയാളത്തിൽ ഒരു 'എഴുപതുകാരൻ പയ്യൻ' പരീക്ഷണങ്ങൾക്ക് പിന്നാലെ പായുകയാണ്. ആ ഭ്രാന്തമായ പാച്ചിലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറഞ്ഞ സിനിമ ആഗോളതലത്തിൽ 56 കോടിയിലധികം കളക്ഷൻ നേടുകയും രാജ്യമൊട്ടാകെ പ്രശംസ നേടുകയും ചെയ്തു. ഒരുപക്ഷേ മമ്മൂട്ടി എന്ന നടന് മാത്രം കഴിയുന്ന സിനിമയും കഥാപാത്രവും എന്നാണ് പലരും ഭ്രമയുഗത്തെയും കൊടുമൺ പോറ്റിയെയും വിശേഷിപ്പിച്ചത്.

'സീൻ മാറ്റിയ' മഞ്ഞുമ്മലെ 'പാൻ ഇന്ത്യൻ' ബോയ്സ്

നേരത്തെ കൺമണി അൻപോട് കാതലൻ.... എന്ന ഗാനം കേൾക്കുമ്പോൾ അതിന് പ്രണയത്തിന്റെ മുഖമായിരുന്നു. എന്നാൽ 2024 ഫെബ്രുവരി 22 ന് ആ ഗാനത്തിന് പുതിയൊരു മുഖം ലഭിച്ചു, സൗഹൃദത്തിന്റെ. ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുന്ന കാഴ്ചയാണുള്ളത്. അന്നുവരെ ഒരു മലയാളം സിനിമ തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് കോടിയിൽ താഴെ മാത്രമാണ് നേടിയിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് 24 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ 50 കോടി ക്ലബ് തുറന്നു. നിലവിൽ തമിഴ്‌നാട് ബോക്സോഫീസിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം നേടിയ സിനിമയുമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയ്ക്ക് എതിരെ എഴുത്തുകാരൻ ജയമോഹൻ പരാമർശം നടത്തിയപ്പോൾ, അതിനെതിരെ മലയാളികളേക്കാൾ തമിഴ് ജനതയാണ് പ്രതികരിച്ചത് എന്നത് മാത്രം മതി സിനിമയ്ക്ക് അവിടെ ലഭിച്ച സ്വീകാര്യത എന്തെന്ന് മനസ്സിലാക്കാൻ.

കർണാടകയിലും സ്ഥിതി മറ്റൊന്നല്ല. സിനിമ അവിടെയും 10 കോടിക്ക് മുകളിൽ കളക്ട് ചെയ്തു കഴിഞ്ഞു. അങ്ങനെ സുഷിൻ ശ്യാം പറഞ്ഞത് പോലെ മലയാള സിനിമയുടെ എല്ലാ 'സീനും മാറ്റി' മഞ്ഞുമ്മൽ ബോയ്സ് ആഗോളത്തിൽ 221 കൊടിയുമായി മുന്നേറുകയാണ്.

ടറന്റീനോ ടച്ചുമായൊരു 'പൊറാട്ട്'

ഫെബ്രുവരി മാസം മലയാളം സിനിമ കണ്ട പരീക്ഷണ സിനിമകളുടെ തുടർച്ചയായിരുന്നു ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധാനം ചെയ്ത അഞ്ചക്കളളകോക്കാൻ. ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന കളർ പാറ്റേണും അതിനൊപ്പം കേരളത്തിന്റെ സ്വന്തം പൊറാട്ടും ഇഴചേർത്തൊരുക്കിയ സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

G.O.A.T LIFE

2008 ൽ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം. 16 വർഷങ്ങൾക്കിപ്പുറം മാർച്ച് 28 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. നജീബ് എന്ന മനുഷ്യൻ മരുഭൂമിയിൽ നടത്തിയ അതിജീവനത്തെ സ്‌ക്രീനിൽ പകർത്താൻ ബ്ലെസിയും പൃഥ്വിയും സ്വയം മറന്നു പ്രയത്നിച്ചപ്പോൾ രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പൃഥ്വിരാജ് എന്ന നടന്റെ കരിയർ ബെസ്റ്റ് എന്ന് വിളിക്കുന്ന സിനിമ ഇതിനകം ആഗോളതലത്തിൽ 80 കോടിയ്ക്ക് മുകളിലാണ് നേടിയിരിക്കുന്നത്. ആ നേട്ടം, അത് വെറുതെയൊരു നേട്ടമായിരുന്നില്ല. ആദ്യ ദിനത്തിൽ മാത്രം 16.7 കോടിയായിരുന്നു സിനിമയുടെ കളക്ഷൻ. രണ്ടു ദിവസം കൊണ്ട് 30 കോടി, അഞ്ചാം ദിനത്തിൽ 75 കോടി എന്നിങ്ങനെയാണ് സിനിമയുടെ കളക്ഷൻ. ഈ കുതിപ്പ് തുടരുകയാണെങ്കിൽ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

കഴിഞ്ഞ വർഷം മലയാള സിനിമയില്‍ തുടരെ തുടരെ പരാജയങ്ങൾ ഉണ്ടായപ്പോൾ അതിനെ പലരും വിമർശിച്ചിരുന്നു. 'മലയാള സിനിമ എന്നാൽ ഊതിവീർപ്പിച്ച കുമിള' എന്നാണ് ഒരു തമിഴ് പിആർഒ വിമർശിച്ചത്. മോളിവുഡ് എന്നാൽ 'പ്രകൃതിവുഡ്' എന്നും 'പെട്ടിക്കടവുഡ്' എന്നും കളിയാക്കിവരും ചുരുക്കമല്ല. എന്നാൽ 2024 ന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ അതിനെല്ലാം കളക്ഷൻ കൊണ്ടും ക്വാളിറ്റി കൊണ്ടും മലയാള സിനിമ മറുപടി നൽകി കഴിഞ്ഞു.

മൂന്ന് മാസം, 575 കോടി; കളക്ഷനിലും ക്വാളിറ്റിയിലും ഒന്നാമത്, ഇത് 'മോളിവുഡ്' ജീവിതം
മഞ്ഞുമ്മൽ ബോയ്സ് 50 കോടി നേടി, കോളിവുഡ് സാമ്രാജ്യം തിരിച്ചുപിടിക്കുമോ?ചോദ്യവുമായി ട്രേഡ് അനലിസ്റ്റ്

ഇതുവരെ കണ്ടതെല്ലാം പൊയ്... ഇനി കാണപോകത് നിജം എന്ന് പറയാൻ കഴിയുന്ന സിനിമകളാണ് മലയാളത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ വരുന്ന ഏപ്രിൽ 11 ന് ഫഹദിന്റെ ആവേശവും വിനീത് ശ്രീനിവാസൻ ഒരുക്കുന്ന വർഷങ്ങൾക്കു ശേഷവും ചേർന്ന് ബാക്കി കളക്ഷൻ വെടിക്കെട്ട് തുടങ്ങുമ്പോൾ ഒന്ന് ഉറപ്പാണ് 2024 അത് മോളിവുഡ് തൂക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com