Top

ഇഹ്‌സാന്‍ ചാരിറ്റിക്ക് യൂസഫലിയുടെ 10 ലക്ഷം റിയാല്‍ സംഭാവന; നിര്‍ധനര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും

സംഭാവനത്തുക ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ട് കോടിയോളം

29 April 2022 12:45 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇഹ്‌സാന്‍ ചാരിറ്റിക്ക് യൂസഫലിയുടെ 10 ലക്ഷം റിയാല്‍ സംഭാവന; നിര്‍ധനര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും
X

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ ഇഹ്സാൻ ചാരിറ്റിക്ക് വമ്പൻ തുക സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ്​ ചെയർമാനും എം.ഡിയുമായ എം.എ യൂസഫലി. 10 ലക്ഷം റിയാലാണ് അദ്ദേഹം സംഭാവന ചെയ്തത്. ഇത് ഇന്ത്യൻ രൂപയിൽ ഉദ്ദേശം രണ്ട് കോടിയോളം വരും. ഇക്കാര്യം ഇഹ്​സാൻ അധികൃതർ​ ഔദ്യോഗിക ട്വീറ്റർ ഹാൻഡിൽ വഴിയാണ് വെളിപ്പെടുത്തിയത്​. ജീവകാരുണ്യ സംരംഭ​ത്തിന്റെ ഭാ​ഗമായതിൽ അധികൃതർ അദ്ദേഹത്തിന്​ നന്ദി അറിയിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലായി ജീവിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ സൗദി ഡാറ്റ ആൻഡ്​ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ അതോറിറ്റി വികസിപ്പിച്ചതാണ് ഇഹ്​സാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം.

റംസാനിൽ ആരംഭിച്ച ദേശീയ കാമ്പയിനിലൂടെ ഇതിനോടകം 200 കോടി റിയാൽ ഇഹ്സാൻ സമാഹരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവ്​ മൂന്ന്​ കോടി റിയാലും കീരിടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ രണ്ട്​ കോടി റിയാലും സംഭാവന നൽകിയാണ്​ ഇഹ്സാന്റെ ദേശീയ ക്യാംപയിൻ ഉദ്​ഘാടനം ചെയ്തത്​. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരും അനാഥരും രോഗികളും പ്രായാധിക്യമുള്ളവരുമായ 50 ലക്ഷം ആളുകൾക്ക്​​ ഈ ക്യാംപയിനിലൂടെ ഇതുവരെ സഹായമെത്തിച്ചതായി ചാരിറ്റി വൃത്തങ്ങൾ അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനം വിപുലപ്പെടുത്താനുള്ള സൗദി കിരീടാവകാശിയുടെ പ്രത്യേക താൽപ്പര്യത്തിന്‍റെ ഭാഗമായിരുന്നു ക്യാംപയിൻ. സമൂഹത്തിലെ അർഹരായ എല്ലാ ആളുകൾക്കും സംഭാവനകൾ നൽകാൻ സൗകര്യമുണ്ട്​ എന്നതാണ്​ ഇഹ്​സാൻ പ്ലാറ്റ്​ഫോമിന്റെ പ്രത്യേകത.

നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുക, പ്രായമായവർക്ക് പരിചരണം നൽകുക, രോഗികളെ സഹായിക്കുക, അനാഥർക്ക് വിദ്യാഭ്യാസവും പഠന സംബന്ധമായ സൗകര്യങ്ങളും നൽകുക എന്നീ വിവിധ ആവശ്യങ്ങൾക്കായി 'ഇഹ്​സാൻ' പ്ലാറ്റ്​ഫോമിലൂടെ സംഭാവന ചെയ്യുന്നത് ജനങ്ങൾക്ക്​ എളുപ്പമാണ്​. ഡിജിറ്റലായും സുരക്ഷിതമായും സംഭാവനകൾ നൽകാനും അതിന്‍റെ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുമെന്നതും ഇഹസാന്റെ സവിശേഷതയാണ്.

Story Highlights: Lulu group chairman M.A Yusufali donates huge amount to Saudi Arabian national charity programme 'Ihsan'

Next Story