രണ്ടാം ഭാര്യയെ എങ്ങനെ തെരഞ്ഞെടുക്കാം; സൗദിയിൽ പരിശീലന കോഴ്സ്; വിവാദമായതോടെ പിൻവലിച്ചു
19 Nov 2021 12:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സൗദി അറേബ്യയിൽ പുരുഷൻമാർക്ക് വേണ്ടി തയ്യാറാക്കിയ പരിശീലന കോഴ്സ് വിവാദത്തിൽ. രണ്ടാം ഭാര്യയെ എങ്ങനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം എന്നതിന് പരിശീലനം നൽകുന്ന കോഴ്സാണിത്. എന്നാൽ സൗദിയിലെ ഒരു വിഭാഗം സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമറിയിച്ചതോടെ കോഴ്സ് നടത്തിപ്പുകാർ ഇത് പിൻവലിച്ചു.
സ്കിൽസ് ഓഫ് ചൂസിംഗ് സെക്കൻഡ് വൈഫ് എന്നായിരുന്നു കോഴ്സിന്റെ പേര്. അൽ റാസ് ഗവർണറേറ്റിലെ അൽ ബിർ അസോസിയേഷനായിരുന്നു പരിശീലനം നടത്താനിരുന്നത്. നവംബർ 16,17 നുമായിരുന്നു പക്ഷെ പ്രതിഷേധം കടുത്തതോടെ പരിശീലന ക്ലാസ് ഉപേക്ഷിക്കേണ്ടി വന്നു. പ്രതിഷേധം കണക്കിലെടുത്താണ് കോഴ്സ് ഉപേക്ഷിച്ചതെന്ന് അൽ ബിർ അസോസിയേഷൻ ഡയരക്ടർ ഫഹദ് അൽ സർദ സൗദി പത്രമായ അൽ വതാനിനോട് പറഞ്ഞു.
ബഹുഭാര്യത്വത്തെ ഗൗരവമായി പരിഗണിക്കുന്നവർക്കും ഇതിലുണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെ ഭയപ്പെടുന്നവർക്കുമായാണ് പരിശീലനമെന്നായിരുന്നു കോഴ്സിന്റെ പരസ്യത്തിൽ പറഞ്ഞത്. എന്നാൽ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ടുകളുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം അറിയിക്കുകയായിരുന്നു.
- TAGS:
- Saudi Arabia
- Gulf News
- pravasi