Top

അബുദാബിയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല

ബ്ലൂ സ്‌കൂള്‍ ഇനീഷ്യറ്റീവിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ വിവിധ സ്‌കൂളുകളില്‍ പുരോഗമിക്കുന്നതിനിടെയാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

17 Oct 2021 4:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബിയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല
X

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല അബുദാബി വിദ്യാഭ്യാസ വകുപ്പ്. അബുദബിയില്‍ 16 വയസില്‍ താഴെയുളള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ്. ബ്ലൂ സ്‌കൂള്‍ ഇനീഷ്യറ്റീവിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ വിവിധ സ്‌കൂളുകളില്‍ പുരോഗമിക്കുന്നതിനിടെയാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് വിവേചനമോ അപകീര്‍ത്തിയോ ഇല്ലാതെയുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്ഥാപിക്കണമെന്നതാണ് സ്‌കൂളുകള്‍ക്കുളള നിര്‍ദ്ദേശം.

പതിനാറ് വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ പാടില്ലെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് അഡെക്കിലെ അണ്ടര്‍ സെക്രട്ടറി അമര്‍ അല്‍ ഹമ്മദി പറഞ്ഞു. നിലവില്‍, അബുദാബിയിലെ സ്വകാര്യ സര്‍ക്കാര്‍ സ്‌കൂളുകളിലെ 16 വയസ്സിനു മുകളിലുള്ള എല്ലാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളുടെ താല്‍പര്യപ്രകാരമാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്.

ബ്ലൂ സ്‌കൂള്‍ ഇനീഷ്യേറ്റീവ് പ്രകാരം വാക്‌സിനേഷന്‍ തോത് അനുസരിച്ച് നാല് നിറങ്ങളില്‍ സ്‌കൂളുകളെ തരം തിരിക്കുകയാണ് ചെയ്യുന്നത്. ഓറഞ്ച്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കും. അതിനനുസൃതമായി കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും ലഭിക്കും. വാക്‌സിനേഷന്‍ തോത് കൂടിയ നീല കാറ്റഗറിയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുണ്ടാകുമെന്നതില്‍ എല്ലാവരേയും വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രവണത ഒഴിവാക്കാനാണ് അഡെക്ക് 16 വയസിന് താഴെയുളളവര്‍ക്ക് വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദ്ദേശം ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.

Next Story