Top

'ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ല'; സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടി

ഡിസിസി പട്ടികയില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

29 Aug 2021 4:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ല; സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടി
X

ഡിസിസി പട്ടികയില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിന്നുവെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേര് അനാവശ്യമായി ഡിസിസി പട്ടിക സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

'ചര്‍ച്ചകള്‍ കാര്യമായി നടന്നില്ല. ചര്‍ച്ച നടത്തിയെന്ന് വരുത്തി പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ അതും ഉണ്ടാവാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം നോക്കി മുന്നോട്ട് പ്രവര്‍ത്തിക്കും. മുമ്പും പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്ന് ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കുന്നത് കൊണ്ട് ഇതുപോലൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. എന്തിരുന്നാലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുനസംഘടന അതിന്റെ തുടര്‍ഘട്ടങ്ങളില്‍ നടക്കാന്‍ പോകുന്നത്. എന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണിത്. ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കി കൊടുക്കുകയാണ്. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നു. മുമ്പായിരുന്നുവെങ്കില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുമായിരുന്നു. കുറേ യോജിപ്പുകളും കുറേ തര്‍ക്കങ്ങളും നടക്കും. തര്‍ക്കങ്ങള്‍ എഴുതി തയ്യാറാക്കി എല്ലാ വശങ്ങളും എഴുതി തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൈമാറും. അവര്‍ അത് സംബന്ധിച്ച തീരുമാനം എടുക്കും.' ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ ശിവദാസന്‍ നായര്‍ക്കെതിരേയും കെപി അനില്‍കുമാറിനെതിരേയും സ്വീകരിച്ച അച്ചടക്ക നടപടിയും ഉമ്മന്‍ചാണ്ടി പ്രതികരണം രേഖപ്പെടുത്തി. ഒരു ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്യം ഉണ്ട് എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്യരുതെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ അതേസമയം തന്നെ നടപടിയെടുക്കുന്നതിന് മുമ്പ് വിശദീകരണം ചോദിക്കുന്നതാണ് ജനാധിപത്യ രീതിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
'കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. സ്വാതന്ത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ്. അത് ദുര്‍വിനിയോഗം ചെയ്യരുത്. അതുകൊണ്ട് എന്തുചെയ്യാം എന്ന നിലപാട് ആരും എടുക്കേണ്ടതില്ല. വിശദീകരണം ചോദിക്കുകയെന്നാണ് ജനാധിപത്യ രീതിയിലുള്ള നടപടിക്രമങ്ങള്‍.' ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Next Story

Popular Stories