Top

'സുധാകരന്റേത് മലയോര ജനതയോടുള്ള വെല്ലുവിളി'; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ജോയ്‌സ് ജോര്‍ജ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം പാര്‍ലമെന്റ് അംഗം കൂടിയായ സുധാകരന്‍ ഉന്നയിക്കുമ്പോള്‍ മലയോരജനതയെ സംസംബന്ധിച്ച് ഗൗരവതരമായ വിഷയമാണെന്നും ജോയ്‌സ് ജോര്‍ജ്

6 March 2022 4:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരന്റേത് മലയോര ജനതയോടുള്ള വെല്ലുവിളി; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ജോയ്‌സ് ജോര്‍ജ്
X

ഇടുക്കി: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് നടപ്പിലാക്കേണ്ടിയിരുന്നത് എന്ന പിടി തോമസിന്റെ സമീപനമായിരുന്നു ശരി, കര്‍ഷകര്‍ക്ക് അനുകൂലമായെടുത്ത നിലപാടുകളില്‍ പശ്ചാത്തപിക്കുന്നു എന്ന കെപിസിസി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം പാര്‍ലമെന്റ് അംഗം കൂടിയായ സുധാകരന്‍ ഉന്നയിക്കുമ്പോള്‍ മലയോരജനതയെ സംസംബന്ധിച്ച് ഗൗരവതരമായ വിഷയമാണെന്നും ജോയ്‌സ് ജോര്‍ജ് പ്രതികരിച്ചു.

'നിര്‍മ്മാണസാമഗ്രികളുടെ ദൗര്‍ലഭ്യതയും വന്യജീവി ആക്രമണവുംകൊണ്ട് ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ ജനജീവിതം കൂടുതല്‍ ദുസഹമാവും. ഇക്കാര്യത്തില്‍ ഇടുക്കി എം പിയുടേയും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും യുഡിഎഫ് ഘടകക്ഷികളുടെയും മറ്റ് രാഷ്ട്രീയസമുദായ നേതാക്കന്‍മാരുടേയും അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. ഇതുസംബന്ധിച്ച് എനിക്കും ചിലത് വിശദമായി പറയാനുണ്ട്.' ഇന്ന് വൈകിട്ട് എട്ട് മണിക്ക് തന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായി മറയില്ലാതെ പറയാനുള്ളതെല്ലാം പറയുമെന്നും ജോയ്‌സ് ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും പി ടി തോമസിന്റെ നിലപാടായിരുന്നു ഇക്കാര്യത്തില്‍ ശരിയെന്നും കെ സുധാകരന്‍ തൊടുപുഴയില്‍ പറഞ്ഞിരുന്നു. സമീപകാലങ്ങളിലുണ്ടായ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളുമെല്ലാം പി ടിയുടെ നിലപാട് ശരിവെയ്ക്കുന്നതാണ്. കെ റെയില്‍ പദ്ധതി അംഗീകരിക്കാനാകില്ല. എന്തുവില കൊടുത്തും ഇതു തടയുമെന്നും സുധാകരന്‍ പ്രതികരിക്കുകയുണ്ടായി.

Next Story