ഒന്നുകിൽ മോദിയെ വരച്ചവരയിൽ നിർത്തും; അല്ലെങ്കിൽ നിതീഷ് സ്റ്റൈലിൽ പുതിയ രാഷ്ട്രീയ ട്വിസ്റ്റ്

2024 ലോകസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുമായി ഒരു വില പേശൽ ശക്തിയായി എൻഡിഎക്കും ഇൻഡ്യ മുന്നണിയ്ക്കും നടുവിൽ നിൽക്കുന്നു. അവിടെ നിതീഷ് ഇനി കാത്തുവെച്ചിരിക്കുന്ന ട്വിസ്റ്റിനായി രാജ്യം കാത്തിരിക്കുകയാണ്.
ഒന്നുകിൽ മോദിയെ വരച്ചവരയിൽ നിർത്തും; അല്ലെങ്കിൽ നിതീഷ് സ്റ്റൈലിൽ പുതിയ രാഷ്ട്രീയ ട്വിസ്റ്റ്

രാജ്യം കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. എല്ലാ എക്‌സിറ്റ് പോളുകളെയും പൂർണ്ണമായി തള്ളിയായിരുന്നു ജനങ്ങളുടെ എക്‌സിറ്റ് പോൾ റിസൾട്ട് വന്നത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക്‌ മോദിയുടെ അവകാശ വാദമായിരുന്ന ‘ചാർ സെ പാർ’ നും മുകളിലായിരുന്നു ചില ദേശീയ മാധ്യമങ്ങൾ സീറ്റ് പ്രവചിച്ചിരുന്നത്. എന്നാൽ യഥാർത്ഥ ഫലം പുറത്ത് വന്നപ്പോൾ 293 എന്ന അക്കത്തിലേക്കാണ് എൻഡിഎ ചെന്ന് വീണത്. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. മറുഭാഗത്ത് അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും സംവിധാനത്തിലും ആയിരുന്നിട്ട് കൂടി ഇൻഡ്യാ സഖ്യം 233 സീറ്റ് നേടി.

രാജ്യം ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷമായ 272 നും ഇരുപതോളം സീറ്റുകൾക്ക് മുന്നിലാണ് എൻഡിഎ മുന്നണി. എന്നാൽ കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് പിന്നിലാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ സത്യപ്രതിജ്ഞാ തീയതിയും നാളും സ്ഥലവും പദ്ധതികളും പ്രഖ്യാപിച്ച മോദി ക്യാമ്പിൽ ഇപ്പോൾ ആ ആവേശമില്ല. 233 സീറ്റ് നേടിയ ഇൻഡ്യ സഖ്യമാകട്ടെ തങ്ങളിൽ നിന്ന് കൂട് വിട്ട് പോയ നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ചന്ദ്ര ബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയെയും മറ്റ് ഒറ്റ കക്ഷികളെയും വിളക്കി ചേർത്ത് സർക്കാർ രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഉപപ്രധാനമന്ത്രി പദവി വരെ നൽകി നിതീഷിനെ രമ്യതയിലെത്തിക്കാനും ശ്രമം നടത്തി കൊണ്ടിരിക്കുന്നു. മറുഭാഗത്ത് ഇരുവർക്കും സ്പീക്കർ പദവി അടക്കമുള്ള ഉന്നത പദവികൾ ബിജെപി മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്.

നിതീഷ് കുമാർ, നരേന്ദ്രമോദി
നിതീഷ് കുമാർ, നരേന്ദ്രമോദി

ട്വിസ്റ്റിൻമേൽ ട്വിസ്റ്റ്‌ നിതീഷ് കുമാർ

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ട്വിസ്റ്റിന് മീതേ ട്വിസ്റ്റുകള്‍ നല്‍കി അമ്പരപ്പിക്കുന്ന നേതാവാണ് നിതീഷ് കുമാർ. അങ്ങനെ ഒരു രാഷ്ട്രീയ ട്വിസ്റ്റ് ഇത്തവണയുണ്ടാകുമോ എന്ന ആകാംഷയിലാണ് രാജ്യം. നിതീഷിന്റെ ട്രാക്ക് ഹിസ്റ്ററി നോക്കുമ്പോൾ അതിന് വലിയ സാധ്യത ഉണ്ട് താനും. മുന്നണികൾ മാറുന്നതും സഖ്യകക്ഷികളുമായുള്ള ധാരണകൾ മാറ്റുന്നതും ഒരു രാഷ്ട്രീയ പ്രയോഗമായിട്ടേ നിതീഷ് ഇത് വരെയും കണ്ടിട്ടുള്ളൂ. ചാട്ടക്കാരൻ എന്ന് പരിഹാസം കേൾക്കുമ്പോഴും എത്ര ഉയരത്തിൽ അടുത്ത ചാട്ടം എന്നത് മാത്രമാണ് നിതീഷ് ചിന്തിക്കുന്നത്. ചാട്ടക്കാരൻ എന്ന് വിളിക്കുന്നവർ തന്നെയാണ് ചാക്കുമായി ചാടാൻ നിലമൊരുക്കി കാത്തിരിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. മുഖ്യ ദേശീയ പാർട്ടികളെ അങ്ങനെയൊരു തീരുമാനമെടുക്കുന്നതിലേക്ക് ഒരു സമ്മർദ്ദ നിലം ഉണ്ടാക്കുക എന്നതാണ് നിതീഷിൻ്റെ തന്ത്രം. മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷമാണ് പലപ്പോഴും നിതീഷിന്റെ രാഷ്ട്രീയ പ്രവർത്തനം സജീവമാകുന്നത്.

എൻഡിഎയുടെ ഭാഗമായാൽ പ്രധാനമന്ത്രി പദത്തിന് ഒരിക്കലും സാധ്യതയില്ലെന്ന് കണ്ട നിതീഷ് അന്ന് ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ സഖ്യ രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണത്തിലേക്ക് നടന്ന പ്രധാനപ്പെട്ട പ്രാരംഭ ചർച്ചകളും നിതീഷിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ സഖ്യത്തിൽ കോൺഗ്രസ് പ്രധാന ഘടകമായി ഉയർന്നു വന്നതും പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുലിന്റെ പേര് കടന്നുവന്നതും സഖ്യത്തിൻ്റെ അധ്യക്ഷനായി മല്ലികാർജുൻ ഖർഗേ സ്ഥാനമേറ്റതും അലോസരപ്പെടുത്തിയ നിതീഷ് എൻഡിഎയിലേക്ക് തന്നെ മടങ്ങി. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ഓളം സീറ്റുകൾ കണ്ട് അമിത് ഷാ പഴയതെല്ലാം മറന്ന് കൈ നീട്ടി സ്വീകരിച്ചു. നിതീഷിന്റെ അപ്രതീക്ഷിത കൊഴിഞ്ഞു പോക്കിൽ പ്രതിപക്ഷ നിരയിലേക്ക് ബിഹാറിന്റെ ഊർജ്ജമുള്ള ശബ്ദമായി ആർജെഡിയുടെ തേജ്വസി യാദവ് ഉയർന്നു വന്നു. എന്നാൽ പതിനെട്ടെടവും പഴറ്റിയിട്ടും, ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ആവിശ്വാസനീയമായി ഇൻഡ്യ മുന്നണിക്ക് കൂടെ നിന്നപ്പോഴും ബിഹാർ നിതീഷിലേക്ക് തന്നെ മടങ്ങി. ഒരർത്ഥത്തിൽ ഇൻഡ്യ മുന്നണി നേതാക്കൾ വരെ യുപിയിലേക്കാൾ നേട്ടം പ്രതീക്ഷിച്ചിരുന്നത് ബിഹാറിൽ നിന്നായിരുന്നു. അവിടെ അവരെ അതിൽ നിന്നും തടഞ്ഞ ഒരേ ഒരു ഫാക്ടർ, അത് 73 കാരനായ കൂർമ്മ രാഷ്ട്രീയ ബുദ്ധിയുള്ള തന്ത്രശാലിയായ നിതീഷ് കുമാർ ആയിരുന്നു.

നിതീഷ് കുമാർ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കൊപ്പം
നിതീഷ് കുമാർ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കൊപ്പം

ജയ പ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് മൂവ്മെന്റിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന നിതീഷ് 1994 ൽ ലാലു പ്രസാദ് യാദവിൻ്റെ പക്ഷത്ത് നിന്നാണ് ആദ്യമായി കൂറു മാറുന്നത്.
അന്ന് ലാലുവിനോട് പിരിഞ്ഞു സമതാ പാര്‍ട്ടി രൂപീകരിച്ച് ഒറ്റയ്ക്ക് മുന്നോട്ട്. 1996-ല്‍ ബിജെപിയുമായി കൂട്ടുകൂടി നിതീഷ് വാജ്പേയ് സര്‍ക്കാരില്‍ മന്ത്രിയായി. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പായ 2000 ൽ എൻഡിഎക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി. എന്നാൽ ബിജെപിയുമായുള്ള സ്വര ചേർച്ചയില്ലായ്മയിൽ 2003ല്‍ ശരദ് യാദവിന്റെ ജനതാദളുമായി ലയിച്ചു ജനതാദള്‍ യുണൈറ്റഡ് രൂപീകരിച്ചു. ശേഷം വന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കൊപ്പം തന്നെ നിന്ന് വീണ്ടും മുഖ്യമന്ത്രിയായി. അപ്പോഴേക്കും ജനതാദൾ യുണൈറ്റഡിന്റെ നേതൃ സ്ഥാനം ശരദ് യാദവിൽ നിന്ന് നിതീഷ് കൈക്കലാക്കിയിരുന്നു. അവിടെ നിന്നും 2013ലാണ് നിതീഷ് വീണ്ടും കളം മാറുന്നത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ടു. നിയമസഭയിൽ കോൺഗ്രസ് പിന്തുണച്ചതോടെ അധികാരം തുടരാനായി.

ലാലു പ്രസാദ് യാദവ് ,നിതീഷ് കുമാർ
ലാലു പ്രസാദ് യാദവ് ,നിതീഷ് കുമാർ

എന്നാൽ 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടി കനത്ത പരാജയം ഏറ്റ് വാങ്ങിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. ശേഷം 2015ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി. എൻഡിഎയെ തോൽപ്പിച്ച് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ 2017 ൽ ആർജെഡിയിലെ തേജ്വസി യാദവിനോട് പിണങ്ങി വീണ്ടും എൻഡിഎ യിൽ അഭയം പ്രാപിച്ചു. ബിജെപി പിന്തുണയിൽ മുഖ്യമന്ത്രി കസേര നിതീഷിന് വലിച്ചിട്ടു.

തേജ്വസി യാദവ്
തേജ്വസി യാദവ്

ശേഷം നടന്ന 2020ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷിനെ ഞെട്ടിച്ചുകൊണ്ട് 74 സീറ്റ് നേടി ബിജെപി രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി. 43 സീറ്റ് ആയിരുന്നു നിതീഷിന്റെ പാർട്ടിയുടെ നേട്ടം. തൃപ്തിപ്പെടുത്തി അധികാരം പിടിക്കാൻ ബിജെപി നിതീഷിന് തന്നെ മുഖ്യമന്ത്രി കസേര കൊടുത്തു. സംസ്ഥാന ബിജെപി നേതൃത്വങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴി വെച്ച ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരുന്നു അത്. എന്നാൽ 2022 ഓഗസ്റ്റ് 9ന് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ വീണ്ടും ആര്‍ജെഡിയുമായി ചേര്‍ന്നു. ലോകസഭ ലക്ഷ്യം കണ്ട് 2024 ൽ വീണ്ടും ബിജെപിക്ക് കൈകൊടുത്തു. ഇപ്പോൾ 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുമായി ഒരു വില പേശൽ ശക്തിയായി എൻഡിഎക്കും ഇൻഡ്യ മുന്നണിയ്ക്കും നടുവിൽ നിൽക്കുന്നു. അവിടെ നിതീഷ് ഇനി കാത്തുവെച്ചിരിക്കുന്ന ട്വിസ്റ്റ്നായി രാജ്യം കാത്തിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com