കടുവ തിന്നുന്ന, ആന ചവിട്ടിക്കൊല്ലുന്ന, മനുഷ്യര്‍ക്ക് വേണ്ടി ഒരു സങ്കട ഹരജി

സ്വാതന്ത്ര്യത്തിനു മുന്‍പേ ലഭിച്ച ജന്മഭൂമിയില്‍ ആധിയില്‍ കഴിയുന്ന ജനത്തെനോക്കി കയ്യേറ്റക്കാരെന്നു പരിഹസിക്കുന്ന പ്രകൃതിസ്‌നേഹികളെ പ്രതി മക്കളെ മാപ്പ്...
കടുവ തിന്നുന്ന, ആന ചവിട്ടിക്കൊല്ലുന്ന, മനുഷ്യര്‍ക്ക് വേണ്ടി ഒരു സങ്കട ഹരജി

കാട്ടാന ചവിട്ടികൊന്ന അജീഷെന്ന ചെറുപ്പക്കാരന്റെ കുഞ്ഞുമക്കള്‍ക്ക്,

മക്കളേ മാപ്പ്, പ്രിയപ്പെട്ട കുഞ്ഞുമക്കളെ മാപ്പ്...

അന്നം തേടി അലഞ്ഞ കാലുകളും അണച്ചുപിടിച്ച കരങ്ങളും നിശ്ചലമാക്കിയതിന്. നിങ്ങളുടെ പ്രാണന്റെ പകുതിയുടെ നെഞ്ചിലെ ചൂടും വീടിന്റെ കളിയും ചിരിയും അണച്ചതിന്. കാത്തിരിപ്പിന്റെ കണ്ണുകളടച്ചതിന്, ധൈര്യവും തിരുത്തും നന്മയും വിളമ്പിത്തരുന്ന നാവുകള്‍ നിശ്ചലമാക്കിയതിന് കുഞ്ഞുങ്ങളേ മാപ്പ്.

ഞങ്ങളെല്ലാം ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്കും തിരക്കുകളിലേക്കും നടക്കുകയാണ്. ഞങ്ങളുടെ കളിയും ചിരിയും തിരികെയെത്തിതുടങ്ങി.

നിങ്ങള്‍ മാത്രം നഷ്ടത്തിന്റ ശുന്യത അറിഞ്ഞുതുടങ്ങിയ രാവാണിതെന്ന് എനിക്കറിയാം. കൂടെ നിങ്ങളുടെ അമ്മയും. ഒരായുസ്സ് മുഴുവന്‍ സമ്മാനം തന്നവന്‍, കരുത്തും കരുതലും മക്കളേയും തന്നവന്‍ കൂടെയില്ലാതാവുന്നതിന്റെ വേദന താങ്ങാന്‍ ഏതു സ്ത്രീക്കാണ് സാധിക്കുക? ഇന്നലത്തെ നിങ്ങളുടെ വീട് മറ്റൊരു വീടായിരിക്കുന്നു. ആരെയാണ് കുറ്റപ്പെടുത്തുക?

മുളവടിയും തൂക്കി ഊണും ഉറക്കവും ഇല്ലാതെ വന്യമൃഗങ്ങളെ തേടി കാടും നാടും കയറിയിറങ്ങുന്ന വനപാലകര്‍ക്കേണ്ടി മാപ്പ്. ഒരു ജനതയുടെ വെറുപ്പും ചീത്തയും ശകാരവും കൈയ്യേറ്റവും ഏറ്റുവാങ്ങി വിശപ്പും ദാഹവും സഹിച്ച് മനഃസാക്ഷിക്കു നിരക്കാത്ത മനുഷ്യത്യമില്ലാത്ത ഉത്തരവുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ വിധിക്കപ്പെട്ട നിയമപാലകര്‍ക്കുവേണ്ടി മാപ്പ്.

മേലധികാരികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ നിലവാരത്തിന്റെ പിന്‍ബലത്തില്‍ ജനത്തോടു വിലപേശാന്‍ നിയുക്തയാക്കപ്പെട്ട ചിറകുകെട്ടപ്പെട്ട ജില്ലാ മേലധികാരിക്കുവേണ്ടി മക്കളേമാപ്പ്.

കഴിവുകെട്ട, ആര്‍ജ്ജവ്വമില്ലാത്ത വനമേലധികാരിയെ തെരഞ്ഞെടുത്ത ആ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി മക്കളേ മാപ്പ്. എന്റെ നാടിന്റെ ജനത്തിന്റെ ജീവനും സ്വത്തും ഞാന്‍ സംരക്ഷിക്കും എന്നുപറയാന്‍ കഴിവില്ലാതെ എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഒരു ഏകാധിപതിയുടെ കാല്‍ക്കീഴില്‍ എന്റെ നാടിന്റെ സുരക്ഷിതത്വവും നന്മയും നഷ്ടപ്പെടുത്തിയ, എന്റെ നാടിന്റെ ജനങ്ങള്‍ക്കു സംഭവിച്ച അബദ്ധത്തിന് മക്കളെ മാപ്പ്. ചുടുചോര കിനിയാന്‍ സമയമായോ എന്ന് എത്തിനോക്കുന്ന കേന്ദ്രകഥാപാത്രത്തിലെ രാജ്യത്തിന്റെ മൊത്തകച്ചവടക്കാര്‍ക്കുവേണ്ടി മക്കളേ മാപ്പ്.

സ്വാതന്ത്ര്യത്തിനു മുന്‍പേ ലഭിച്ച ജന്മഭൂമിയില്‍ ആധിയില്‍ കഴിയുന്ന ജനത്തെനോക്കി കയ്യേറ്റക്കാരെന്നു പരിഹസിച്ച് തങ്ങളിരിക്കുന്ന കെട്ടിടങ്ങള്‍ ഒരിക്കല്‍ വനമായിരുന്നു എന്ന് ചിന്തിക്കാന്‍ സാധിക്കാത്ത പ്രകൃതിസ്‌നേഹികളെ പ്രതി മക്കളെ മാപ്പ്. വനത്തില്‍ കിടക്കുന്ന കടുവ തിന്ന മൃതദേഹങ്ങള്‍ കാണുമ്പോള്‍ മരിച്ചയാള്‍ കടുവയ്ക്ക് അവകാശപെട്ടതാണ് എന്ന് പറയാന്‍ കഴിയുന്ന, സ്വന്തം മക്കളെ പട്ടിക്കു തിന്നാന്‍ കൊടുക്കാനുള്ള മനോവൈകല്യം ബാധിച്ച മൃഗസ്‌നേഹികളെ പ്രതി മക്കളേ മാപ്പ്. സര്‍വ്വോപരി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതിരുന്ന ഞങ്ങള്‍ക്കു വേണ്ടി മാപ്പ്.

പ്രിയപ്പെട്ട മക്കളെ പരസ്പരം പഴിപറഞ്ഞു കൈകഴുകിപോകുന്ന ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ആള്‍കൂട്ടകൊലപാതകത്തിലെ ഒരു ഇടിയുടെ ഉത്തരവാദിത്വം ഉണ്ട്. കാരണം യുക്തിയില്ലാത്ത നിയമങ്ങളുടെ കാവലാളുകളെന്ന വിഡ്ഢിവേഷം ആടുമ്പോഴും ആരുടെ കരങ്ങളും പൂര്‍ണ്ണമായി ശുദ്ധമല്ല.

പ്രിയപ്പെട്ട മക്കളേ നിങ്ങളുടെ അപ്പന്റെ ജീവിതത്തിനും മരണത്തിനും ഒരു ജന്മനിയോഗമുണ്ട്. ഇനി ഒരാളും മരിക്കാതിരിക്കാന്‍,അധ്വാനത്തിന്റെ മൂന്നിലൊന്നും ചുങ്കം കൊടുത്തിട്ടും ഒന്നും തിരികെ ലഭിക്കാത്ത ഒരു ജനത തങ്ങളുടെ ശക്തി തിരിച്ചറിയാന്‍, സര്‍ക്കാരുദ്യോഗത്തിന്റെ ആഢംബരം നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്കും തങ്ങളുടെ വരും തലമുറയ്ക്കും ഈ നാട്ടില്‍ നിലനില്‍പ്പില്ലായെന്ന് തിരിച്ചറിഞ്ഞ്, നേതാക്കളല്ല ജങ്ങളാണ് തങ്ങളുടെ യഥാര്‍ത്ഥ അന്നദാതാക്കളെന്നു തിരിച്ചറിയുന്ന ഒരു ഉദ്യോഗസ്ഥ വ്യവസ്ഥ രൂപപ്പെടുവാന്‍,

വികാരാവേശത്തില്‍ തിടുക്കപ്പെട്ടിറക്കുന്ന, ഒരു സമയത്ത് ഒരുവശം മാത്രം കാണുന്ന ഒറ്റക്കണ്ണന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുവാന്‍,

കാട്ടില്‍ മൃഗലോകം മാത്രമല്ല വിശാലമായ ഒരു സസ്യലോകം കൂടി ഉണ്ടെന്നും മൃഗങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച വനത്തെ ഒരു വിഷ കാടാക്കി മാറ്റി ഈ മൃഗങ്ങളെല്ലാം കൂട്ടത്തോടെ നാടും കാടും നശിപ്പിച്ച് ചത്തൊടുങ്ങുമെന്നു തിരിച്ചറിയുന്ന പ്രകൃതിസ്‌നേഹികള്‍ രൂപ്പെടുന്നകാലം വരാന്‍,

പത്തുരൂപക്കു നമ്മളെ വില്ക്കുമ്പോള്‍ നമ്മളെ വാങ്ങുന്നവന്‍ നൂറുരുപ നേട്ടമുണ്ടാക്കാന്‍ ആയിരം രൂപ നമ്മുടെ മേല്‍ അടിച്ചേല്‍പിക്കുമെന്ന് തിരിച്ചറിവുള്ള ചുരുക്കം ജനപ്രതിനിധികളെങ്കിലും പ്രിയ കുഞ്ഞുങ്ങളെ നിങ്ങളുടെ അപ്പന്റെ മരണത്തിലൂടെ രൂപപ്പെടും.

ഈ ഘട്ടത്തിലും ഒരുനാടും ഉദ്യോഗസ്ഥരും ഒരു ആളെക്കൊല്ലി ആനയുടെ പുറകേ ഉറക്കമൊഴിഞ്ഞു പോകുന്നതിന്റെ നയ്ക്കുരകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്.

നിങ്ങളുടെ അപ്പന്റെ ജീവിതം പോലെ തന്നെ മരണവും ഈ ദേശത്തിന്റെ നന്മയാകട്ടെ. നിങ്ങളും നാളെയുടെ നന്മതുടര്‍ച്ചകളാകാട്ടെ.

ക്ഷമതരണം എന്ന അത്യാഗ്രഹം ഞങ്ങള്‍ക്കില്ല എങ്കിലും പ്രിയമക്കളേ മാപ്പ്...

Related Stories

No stories found.
logo
Reporter Live
www.reporterlive.com