Top

'ബാബറി മസ്ജിദിന്റെ സമയത്തും നമ്മള്‍ അതു കണ്ടു'; തങ്ങള്‍ കുടുംബം സമാധാനത്തിന്റെ മേല്‍ക്കൂര പണിതവരെന്ന് എംടി

സമാധാന ദൗത്യത്തിന്റെ പേരില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തോട് കേരളം കടപ്പെട്ടിരിക്കുന്നെന്ന് എംടി

7 March 2022 4:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാബറി മസ്ജിദിന്റെ സമയത്തും നമ്മള്‍ അതു കണ്ടു; തങ്ങള്‍ കുടുംബം സമാധാനത്തിന്റെ മേല്‍ക്കൂര പണിതവരെന്ന് എംടി
X

മലപ്പുറം: പാണക്കാട് തങ്ങള്‍ കുടുംബം എക്കാലത്തും സമാധാനത്തിന്റെ മേല്‍ക്കൂര പണിതവരാണെന്ന് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മലയാള മനോരമയിലെഴുതിയ ലേഖനത്തിലാണ് എംടിയുടെ പ്രതികരണം. പാണക്കാട് തങ്ങള്‍മാരുടെ അധികാരം എന്നും സ്‌നേഹമായിരുന്നെന്ന് എംടി പറഞ്ഞു. ഏകാധിപതികള്‍ ചുറ്റും ആള്‍ക്കൂട്ടത്തെ വെച്ചുപൊറുപ്പിക്കില്ല. പാണക്കാട്ട് നിറഞ്ഞ ആള്‍ക്കൂട്ടമാണ് കാണുക. ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ക്കും പിതാവിനുമൊക്കെ ചുറ്റും എന്നും ഇത്തരം ആള്‍ക്കൂട്ടങ്ങളുണ്ടായിരുന്നു. പിന്‍ഗാമികളായ ഇപ്പോഴത്തെ തങ്ങള്‍മാരും ആ പാത തുടരുകയാണെന്നും എംടി ചൂണ്ടിക്കാട്ടി.

ആക്രമണോത്സുകതയും വയലന്‍സും ഉണ്ടാക്കാന്‍ എളുപ്പത്തില്‍ സാധിക്കും. വാചാടോപമുള്ള ഒരാള്‍ പുറപ്പെട്ടാല്‍ ജനക്കൂട്ടത്തെ അക്രമാസക്തമാക്കാന്‍ സാധിക്കും. അങ്ങനെയുള്ള ഒരു കാലഘട്ടം നമ്മള്‍ പിന്നിട്ടു. ബാബറി മസ്ജിദിന്റെ കാലത്ത് എന്തോ അപകടം സംഭവിക്കുമെന്ന് നമ്മള്‍ കരുതി. ഇവിടുത്തെ എല്ലാ ആളുകളും എന്തെങ്കിലും കലാപം ഉണ്ടാകുമെന്ന് ഉറപ്പിച്ച് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ആ മഹാവിപത്തില്‍ നിന്നും നമ്മുടെ പ്രദേശത്തെ രക്ഷിക്കാനായി ശാന്തിയുടെ ഗോവര്‍ധനം പിടിച്ച് ഒരാള്‍ എത്തിയത് പാണക്കാട്ടെ തങ്ങള്‍ കുടുംബത്തില്‍ നിന്നാണ് - മുഹമ്മദലി ശിഹാബ് തങ്ങള്‍. അത് അദ്ദേഹത്തിന്റെ ഒരു പരാധീനതയോ ദൗര്‍ബല്യമോ ആയി ചിലര്‍ വ്യാഖ്യാനിച്ചെന്നും എംടി ഓര്‍മ്മിപ്പിക്കുന്നു.

ഒരു തീപ്പൊരി എറിഞ്ഞാല്‍ വീട് കത്തുന്നതുപോലെ, പത്തുവാചകം പറഞ്ഞാല്‍ ജനം ക്ഷോഭിച്ച് ആയുധമെടുക്കും. അതിന് ചരിത്രത്തില്‍ ഒട്ടേറെ തെളിവുകളുണ്ട്. എന്നാല്‍ ശാന്തിയുടെ മേല്‍ക്കൂര സൃഷ്ടിക്കല്‍ എളുപ്പമല്ല. മനുഷ്യരില്‍ ജീവശാസ്ത്രപരമായി കിട്ടിയ അക്രമവാസന മറികടക്കാന്‍ ആധ്യാത്മിക ചൈതന്യം വേണം. ശാന്തിയുടെ അന്തരീക്ഷം ഇവിടെ പുലരാന്‍ നിഷ്ഠയോടെ സേവനം ചെയ്യുന്നവരാണ് പാണക്കാട് തങ്ങള്‍മാര്‍. നമ്മുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും കക്ഷിരാഷ്ട്രീയത്തിനുമൊക്കെ അതീതമായി മാനവികത എന്നൊന്നുണ്ട്. മാനവികത എന്ന മേല്‍ക്കൂര നമ്മുടെ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരെയാണ് നമ്മള്‍ മഹത്തുക്കള്‍ എന്നു പറയുന്നത്. പാണക്കാട് തങ്ങള്‍ കുടുംബത്തോട് കേരളം കടപ്പെട്ടിരിക്കുന്നത് ഈ ദൗത്യത്തിന്റെ പേരില്‍ തന്നെയാണെന്നും എംടി കൂട്ടിച്ചേര്‍ത്തു.

Highlights: Panakkad thangal family is the flag bearer of peace says mt vasudevan nair

Next Story