ജനറേഷൻ ഏതായാലും ഫാൻസിന് ഒരു കുറവും ഇല്ലാത്ത നടനാണ് മമ്മൂട്ടി. പ്രായത്തെ പോലും വെല്ലുന്ന പ്രകടനം കൊണ്ട് മലയാളികളെ എന്നും വിസ്മയിപ്പിച്ചു കൊണ്ട് ഇരിയ്ക്കുകയാണ് നടൻ. നടന്റേതായി അടുത്തകാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയിരുന്നത്. ഇപ്പോഴിതാ കൊവിഡിന് ശേഷം ഇറങ്ങിയ മമ്മൂട്ടി സിനിമകളുടെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
460 കോടിയാണ് മമ്മൂട്ടിയുടെ പോസ്റ്റ് കൊവിഡിന് ശേഷമുള്ള കളക്ഷനുകൾ. ഇനി 40 കോടി കൂടി നേടിയാൽ 500 കോടി കളക്ഷൻ മമ്മൂട്ടിയ്ക്ക് സ്വന്തമാകും. പതിനൊന്ന് സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകളാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്.
സിനിമകളുടെ ഹിറ്റ് റേഷ്യോ 82% ആണ്. കൊവിഡിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവം ആണ്. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി എത്തിയ ചിത്രം 88.1 കോടിയാണ് സ്വന്തമാക്കിയത്.
ഭീഷ്മപർവ്വം - 88.1 കോടി, കണ്ണൂർ സ്ക്വാഡ് - 83.65 കോടി, ടർബോ- 73 കോടി, ഭ്രമയുഗം - 58.8 കോടി, റോഷാക്ക് - 39.5 കോടി, സിബിഐ 5 - 36.5 കോടി, ദി പ്രീസ്റ്റ് - 28.45 കോടി, കാതൽ ദ കോർ - 15 കോടി, വൺ - 15.5 കോടി, ക്രിസ്റ്റഫർ - 11.25 കോടി, നൻപകൽ നേരത്ത് മയക്കം - 10.2 കോടി എന്നിങ്ങനെയാണ് കണക്കുകൾ.
അതേസമയം മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം ടർബോയാണ്. തിയേറ്ററില് മികച്ച നേട്ടം കൊയ്ത ടർബോയിലൂടെ പ്രായത്തെ ഭേദിക്കുന്ന മമ്മൂട്ടിയുടെ മാസ് ഫൈറ്റ് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതല് അവസാനം വരെ പിടിച്ചിരുത്തിയത്. തിയേറ്ററില് വലിയ വിജയം നേടിയ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം കാണാൻ കഴിയുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിൽ സിനിമ ലഭ്യമാണ്.