മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായ ആവേശം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മലയാളത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയാവും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ആവേശം റീമേക്കിൽ നിന്ന് നന്ദമൂരി ബാലകൃഷ്ണ ഒഴിവായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ഗ്രേ ടോണിലുള്ള കഥാപാത്രം അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താലാണ് താരം സിനിമയിൽ നിന്ന് പിന്മാറിയത് എന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. നായക കഥാപാത്രങ്ങൾ തിന്മയ്ക്ക് എതിരെ പോരാടുന്നവരാകണം. അത് പ്രേക്ഷകർക്ക് പ്രചോദനം നൽകുകയും വേണമെന്നാണ് താരത്തിന്റെ നിലപാട് എന്നാണ് സൂചന.
ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. തെലുങ്കിലെ മുന്നിര പ്രൊഡക്ഷന് കമ്പനികളില് ഒന്നായ മൈത്രി മൂവി മേക്കേഴ്സായിരിക്കും ചിത്രം പുറത്തിറക്കുക എന്നാണ് റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജിത്തു മാധവനായിരുന്നു മലയാളത്തില് ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്.