കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടോവിനോ റിലീസ് മുടക്കി; മരണമാണ് വാതിലെന്ന് സനൽ കുമാർ ശശിധരൻ

നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്
കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടോവിനോ റിലീസ് മുടക്കി; മരണമാണ് വാതിലെന്ന് സനൽ കുമാർ ശശിധരൻ

ടോവിനോ തോമസ് നിർമാണ പങ്കാളിയായ 'വഴക്ക്' എന്ന സിനിമയുടെ തിയേറ്റർ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്.

ചിത്രം പുറത്തിറക്കാൻ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്നു ടോവിനോ പറഞ്ഞെന്നുമാണ് സനലിന്റെ ആരോപണം. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് സനൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

പൊതുവെ 'വഴക്ക്' എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങൾ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകൾ വലുതെന്നു കരുതുന്ന മനുഷ്യർ പലരും വാസ്തവത്തിൽ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനൽ പറയുന്നു.

'വഴക്ക് തിയേറ്ററിൽ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ' എന്നും അത് താൻ 'എഴുതി തരാം' എന്നും ടോവിനോ പറഞ്ഞതായും സംവിധായകൻ പറയുന്നു. പണം മുടക്കാൻ തയാറായി വന്നയാൾ നഷ്ടം താങ്ങാൻ തയാറാണെങ്കിൽ ടോവിനോ എന്തിന് അതിൽ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ടോവിനോ എനിക്കയച്ചു. "എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാൻ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും" എന്നായിരുന്നു ടോവിനോയുടെ മറുപടിയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ നാലഞ്ചുവർഷങ്ങൾ മരണത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ മാത്രമായിരുന്നു തന്റെ ജീവിതമെന്നും ഇപ്പോൾ മരണമാണ് ജീവിതത്തിന്റെ വാതിൽ എന്ന തിരിച്ചറിവാണുള്ളതെന്നും കുറിപ്പില്‍ പറയുന്നു. അത് കച്ചവടത്തിന്റെ തന്ത്രങ്ങളിൽ നിന്ന് മുക്തവുമാണ് എന്നും എഴുതിയാണ് സനൽ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com