ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, വീഡിയോകൾ പുറത്തുവിട്ടു; പ്രശ്നം പരിഹരിച്ചു വരികയാണെന്ന് പ്രഭാസ്

ഏതാനും നിമിഷങ്ങൾക്ക് ശേഷം ഇരു വീഡിയോയും നീക്കം ചെയ്യപ്പെട്ടു. പേജ് എങ്ങനെ എന്തിന് ഹാക്ക് ചെയ്യപ്പെട്ടു എന്നത് വ്യക്തമല്ല

dot image

നടന് പ്രഭാസിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് നടന് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രഭാസിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തത്. 'നിർഭാഗ്യവാനായ മനുഷ്യർ', 'ലോകമെമ്പാടും പരാജയപ്പെടുന്ന ബോൾ' എന്നീ അടിക്കുറിപ്പുകളോടെ പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് തിരഞ്ഞ ആരാധകരോട് പ്രഭാസ് തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പേജ് അപഹരിക്കപ്പെട്ടുവെന്നും ടീം അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പ്രഭാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. ജൂലൈ 27 വ്യാഴാഴ്ച രാത്രിയാണ് നടന്റെ പേജിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് ചോദിച്ച് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. എന്നാൽ ഏതാനും നിമിഷങ്ങൾക്ക് ശേഷം ഇരു വീഡിയോയും നീക്കം ചെയ്യപ്പെട്ടു. പേജ് എങ്ങനെ എന്തിന് ഹാക്ക് ചെയ്യപ്പെട്ടു എന്നത് വ്യക്തമല്ല.

'കൽക്കി 2898 എഡി', എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദു പുരാണപ്രകാരമുള്ള വിഷ്ണുവിന്റെ പത്താമത്തെ അവതാരത്തെ സൂചിപ്പിക്കുന്നതാണ് കൽക്കി. വർഷം 2898-നെയാണ് സിനിമ കാണിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായൊരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം കോമിക് കോണിൽ വെച്ചാണ് നടന്നത്. വൻ താരനിരയിലും ബജറ്റിലും ഒരുങ്ങുന്ന ചിത്രം ഹോളിവുഡ് നിലവാരം പുലർത്തുന്നതാണെന്ന് ടീസർ കണ്ട് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 2024 ജനുവരിയില് സംക്രാന്തി, പൊങ്കല് റിലാസായാണ് ചിത്രം എത്തുക.

dot image
To advertise here,contact us
dot image