സിറ്റുവേഷൻഷിപ്പിന്റെ കാലം അവസാനിക്കുന്നു! ഡേറ്റിങ് ട്രെൻഡിലും മങ്ങലെന്ന് സർവേ

അർത്ഥമില്ലാത്ത ബന്ധങ്ങൾ കുറഞ്ഞത് ഒരാളെ എങ്കിലും മാനസികമായി തകർക്കുന്നുവെന്നാണ് സർവേ പറയുന്നത്

സിറ്റുവേഷൻഷിപ്പിന്റെ കാലം അവസാനിക്കുന്നു! ഡേറ്റിങ് ട്രെൻഡിലും മങ്ങലെന്ന് സർവേ
dot image

സിറ്റുവേഷൻഷിപ്പ്, കുറച്ചേറെ നാളായി കേട്ടുവരുന്നൊരു ന്യൂജൻ വാക്കാണിത്. ചില ബന്ധങ്ങളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. പല ആളുകളും ഈയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. ചിലർ നിലവിൽ ഈ അവസ്ഥയിലാകും. കേൾക്കുമ്പോൾ ട്രെൻഡി ഡേറ്റിങ് വാക്കാണ്. പറയുന്നവർക്ക് കൂളായി താൻ സിറ്റുവേഷൻഷിപ്പിലാണെന്ന് പറയാം. എന്നാൽ ഈ അവസ്ഥ കൊണ്ടെത്തിക്കുന്നത് വളരെ മോശമായ സാഹചര്യത്തിലേക്ക് ആകുമെന്നാണ് അനുഭവസ്ഥർ വിശദീകരിക്കുന്നത്.

ഈ ബന്ധം എന്താണ്? പരസ്പരം അവർ ആരാണ്? ഈ ബന്ധം ഇതെവിടേക്കാണ് പോകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇത്തരം ബന്ധങ്ങൾക്കിടിയിൽ ഉയർന്നുവരുന്നത്. സമയവും വികാരങ്ങളും ഇതിൽ നിക്ഷേപിച്ചിട്ട് വ്യക്തവും ശക്തവുമായ ഒരു ബന്ധം ലഭിക്കുന്നില്ലെന്നാണ് ഇപ്പോൾ സിറ്റുവേഷൻഷിപ്പിൽ അകപ്പെട്ട് പോകുന്നവർ തന്നെ തുറന്നടിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിൽ പറയുന്നു.

ഒരാളല്ല, നിരവധി പേർ ഇപ്പോൾ ഈ അവസ്ഥയിൽ നിന്നും കരകയറണം എന്ന തീരുമാനത്തിലാണ്. ഒരു ലേബലും നൽകാത്ത ബന്ധം, കമ്മിറ്റ്മെന്റ് വിഷയത്തിൽ സമ്മർദം, പരസ്പരം ചേർന്ന് പോകാത്ത പ്രതീക്ഷകൾ, ചിലർ എന്താണ് മുന്നോട്ടു സംഭവിക്കുന്നതെന്ന് നോക്കട്ടേയെന്ന നിലപാടെടുക്കുന്നത് എല്ലാം മാനസികമായി തളർത്തുന്ന വിഷയമാണെന്ന് പലരും പറയുന്നു. ഡേറ്റിങ് രീതിയിൽ മാറ്റങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഡേറ്റിങ് ചെയ്യുന്നവർ പ്രായത്തിനൊത്ത് ബുദ്ധിപരമായി ചിന്തിക്കാൻ തുടങ്ങുന്നതും ആത്മാർത്ഥതയോടെ അനിശ്ചിതത്വമില്ലാതെ അർത്ഥമുള്ള ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതാണ് മാറ്റത്തിന് കാരണം.

ഇന്ത്യൻ ഡേറ്റിങ് ആപ്ലിക്കേഷനായ ക്വാക്ക് ക്വാക്ക് നടത്തിയ സർവേയിലാണ് ഈ മാറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത അഞ്ചിൽ മൂന്നു പേർ വ്യക്തമായ നിലപാടും ഉദ്ദേശം മുൻനിർത്തിയാണ് ഡേറ്റ് ചെയ്യാൻ തയ്യാറാവുന്നതെന്ന് സർവേ പറയുന്നു. ഇവരുടെ പ്രായം 25ന് മേലെയാണ്. അതിനാൽ വ്യക്തതയില്ലാത്ത ബന്ധങ്ങളിൽ ഇവർ ചെന്നുപെടില്ല. മാത്രമല്ല വൈകാരിമായി അടുപ്പമില്ലാത്ത ബന്ധങ്ങളിൽ ഇവർ സമയം പാഴാക്കുന്നുമില്ലെന്നാണ് പറയുന്നത്.

ടയർ 1,2,3 നഗരങ്ങളിലെ 11, 959 പേരാണ് സർവേയുടെ ഭാഗമായത്. ഇതിനായി 25നും 35നും ഇടയിൽ പ്രായമുള്ളവരെയാണ് തെരഞ്ഞെടുത്തത്. ഇവർ വിവിധ പ്രൊഫഷണുകളിൽ ഉൾപ്പെടുന്നവരുമാണ്. കമ്മിറ്റ്മെന്റ് ഇല്ലാതെ ഫ്രീയായ ഒരു അവസ്ഥയാണ് സിറ്റുവേഷൻഷിപ്പെന്നും ആദ്യം ഇതൊരു റിലാക്സേഷൻ നൽകുമെങ്കിലും ഇമോഷണലി ഇതിൽ സ്റ്റക്കാകുന്നത് ഈ രീതിയെ ഒഴിവാക്കാൻ ഡേറ്റർമാരെ നിർബന്ധിതമാക്കുന്നുണ്ട്. അതിരുകൾ വ്യക്തമല്ലാത്ത ബന്ധങ്ങളും ആശയകുഴപ്പത്തിലാക്കുന്ന അവസ്ഥയും ഭൂരിഭാഗത്തിനും താത്പര്യമില്ല.

ക്വാക്ക്ക്വാക്കിന്റെ സ്ഥാപകനും സിഇഒയുമായ രവി മിത്തൽ പറയുന്നത് സിറ്റുവേഷൻഷിപ്പിന് ജനപ്രീതി ഉണ്ടായിരുന്നെങ്കിലും നിലവിൽ അതിന്റെ സ്വീകാര്യത നഷ്ടമായി എന്നാണ്.

അർത്ഥമില്ലാത്ത ബന്ധങ്ങൾ കുറഞ്ഞത് ഒരാളെ എങ്കിലും മാനസികമായി തകർക്കുന്നുവെന്നാണ് സർവേ പറയുന്നത്. വ്യക്തമല്ലാത്ത ബന്ധങ്ങളിൽ നിന്നും യൂസേഴ്സ് അകലം പാലിക്കുന്നുവെന്ന് മാത്രമല്ല അർത്ഥമുള്ള ജീവിതമാണ് തേടുന്നതും. അത് പ്രണയമായാലും പ്ലാറ്റോണിക്കായാലും. മികച്ച ജോഡികൾ, ആത്മാർത്ഥമായ ഇടപെടലുകൾ എല്ലാം ആപ്ലിക്കേഷനിൽ കാണാൻ സാധിക്കുമെന്ന് രവി മിത്തൽ പറയുന്നു.

ഇരുപത്തിയഞ്ച് നഗരങ്ങളിലെ ഡേറ്റേഴ്സുമായി നടത്തിയ സംഭാഷണത്തിൽ ഭാവിയെ കുറിച്ച് വ്യക്തതയില്ലാത്ത ബന്ധങ്ങൾ ആദ്യം ആശ്വാസവും പിന്നീട് ശ്വാസംമുട്ടിക്കുന്ന അവസ്ഥയും ഉണ്ടാക്കുമെന്നാണ് വ്യക്തമാക്കുന്നതെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. അമിതചിന്ത, വ്യക്തമല്ലാത്ത രീതികൾ, വൈകാരികമായ ആശങ്ക എന്നിവയെല്ലാം മനസമാധാനം ഇല്ലാതാക്കുന്നു. അതിനാൽ സിറ്റുവേഷൻഷിപ്പ് മാത്രമല്ല ഡേറ്റിങ് എന്ന ട്രൻഡ് തന്നെ പതിയെ പതിയെ ഇല്ലാതാവുന്നുവെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. ഇരുപതുകളുടെ ആരംഭത്തിൽ എല്ലാ കാര്യങ്ങളും അനുഭവിച്ചറിയാനുള്ള വ്യഗ്രതയുണ്ടാകും. ഈ സമയം സിറ്റുവേഷൻഷിപ്പുകൾ ചുരുക്കം ചിലരിലെ വർക്കാവുകയുള്ളു. പലപ്പോഴും ഒരാൾ മാത്രം വൈകാരിമായി ഇതിൽ നിലനിൽക്കും. അതിനാൽ വളരെ കുറിച്ച് പേരിലെ ഇത് വിജയമാകുകയുള്ളു.

28നും 35നും ഇടയിൽ പ്രായമുള്ളവരിൽ 36 ശതമാനവും അവർ ചിലവഴിക്കുന്ന സമയത്തെ കുറിച്ച് ബോധവാന്മാരാണ്. 49 ശതമാനം സ്ത്രീകളും 44 ശതമാനം പുരുഷന്മാരും ഒരു മാസത്തിൽ കൂടുതൽ വ്യക്തതയില്ലാത്ത ബന്ധത്തിൽ തുടരാൻ താത്പര്യം കാണിക്കുന്നില്ലെന്ന് സർവേ പറയുന്നു. കല്യാണമല്ല എല്ലാവരുടെയും ലക്ഷ്യമെങ്കിലും വ്യക്തത അത്യാവശ്യമാണ്. കാഷ്വൽ ഡേറ്റിങുകൾ ഇപ്പോഴുമുണ്ട്. എന്നാൽ അവ്യക്തതയും സ്ഥിരതയില്ലായ്മയും ഇല്ല. മുൻകാലത്തെ സിറ്റുവേഷൻഷിപ്പുകൾ അവരെ ബന്ധങ്ങളിൽ പരിധി കൽപ്പിക്കാൻ നിർബന്ധിതരാക്കിയെന്നാണ് ഇരുപത്തിരണ്ട് ശതമാനം പേർ പറയുന്നത്.

Content Highlights: A recent survey indicates that situationships and casual dating trends are fading as more people seek committed relationships and emotional stability.

dot image
To advertise here,contact us
dot image