

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ഒന്നാമതെത്താനുള്ള പോരാട്ടം. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പോയിൻ്റ് പട്ടികയിലെ കൊമ്പന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലാണ് ഇന്ന് നേർക്കുനേർ എത്തുന്നത്. കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി 7.30നാണ് സൂപ്പർ പോരാട്ടം. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും.
കണ്ണൂർ വാരിയേഴ്സ് എഫ്സി നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി തോൽവി അറിയാത്ത എട്ട് പോയിൻ്റ് നേടിയിട്ടുണ്ട്. അതേസമയം തൃശൂർ മാജിക് എഫ്സി മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിൻ്റ് സ്വന്തമാക്കി പട്ടികയിൽ നേരിയ മുന്നേറ്റം നിലനിർത്തുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂർ ഒരു പ്രധാന ഫുട്‌ബാൾ മത്സരത്തിന് വേദിയാവുന്നത്. ആദ്യ സീസണിൽ കോഴിക്കോട് ഹോം മത്സരങ്ങൾ കളിക്കേണ്ടി വന്ന വാരിയേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് പന്ത് തട്ടുക. ഒമ്പത് കണ്ണൂര്‍ താരങ്ങൾ അണിനിരക്കുന്ന ടീം ഇതുവരെ അഞ്ച് ഗോൾ മാത്രമാണ് നേടിയതെന്നതാണ് വാരിയേഴ്സിനെ അലട്ടുന്ന പ്രധാന പ്രശ്നം. ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകളാണ് അവർ വഴങ്ങിയിട്ടുള്ളത്.
Content Highlights: Super League Kerala: Kannur Warriors FC v Thrissur Magic FC Match is Today