

പാതിരാത്രിയിൽ എലികൾ വവ്വാലുകളെ വേട്ടയാടുന്നതിന്റെ തെളിവുകൾ കൺമുന്നിൽ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് ഗവേഷകർ. മൃഗങ്ങളുടെ വർഗത്തിലെ രണ്ട് ജീവികൾ, ഇവ രണ്ടും പല തരത്തിലുള്ള രോഗങ്ങൾ പരത്തുന്ന അപകടകരമായ ജീവികളാണെന്നത് ശാസ്ത്രലോകത്തെ ഭയപ്പെടുത്തുന്നുണ്ട്. എലികൾ വവ്വാലുകളെ വേട്ടയാടുന്ന ദൃശ്യങ്ങൾ ജർമനിയിൽ നിന്നുള്ളതാണ്. ഇത് പുറത്ത് വന്നതോടെ പുതിയ ഏതെങ്കിലും പകർച്ചവ്യാധി നേരിടേണ്ടി വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
രാത്രിയിൽ നടന്ന ഈ സംഭവം വടക്കൻ ജർമനിയിലെ വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ നിന്നുള്ളതാണ്. പറക്കുന്ന ഒരു വവ്വാലിനെ ചാടിപിടിച്ച് തിന്നുന്ന എലിയെയാണ് ദൃശ്യത്തിൽ കാണുന്നത്. ഇതുവരെയും ഇത്തരമൊരു കാര്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. രോഗാണുക്കൾ പടർന്നുപിടിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് വീഡിയോ വൈറലായതോടെ ഗവേഷകരടക്കം ചർച്ച ചെയ്യുന്നത്. ഗ്ലോബൽ ഇക്കോളജി ആൻഡ് കൺസർവേഷൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തി ഈ വീഡിയോയെ കുറിച്ചുള്ള പരാമർശം വന്നിട്ടുണ്ട്. കൊറോണ, റാബീസ്, ഇബോള തുടങ്ങി നിരവധി രോഗാണുക്കളെ വഹിക്കുന്ന ജീവികളാണ് വവ്വാലുകൾ. എലികൾ മനുഷ്യരോട് ഏറ്റവും അടുത്തായി ജീവിക്കുന്നവയുമാണ്. അന്റാർട്ടിക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഈ സ്ഥിതിയാണ് കണ്ടുവരുന്നതും.
ഗവേഷകർ സ്ഥാപിച്ച നൈറ്റ് വിഷൻ കാമറിയാണ് ദൃശ്യങ്ങൾ പകർത്തിയത്. Bad Segeberg എന്നയിടത്തെ ഒരു ഓപ്പൺ എയർ തിയറ്ററിന് സമീപമുള്ള ഗുഹയുടെ ഉൾഭാഗം കാണാവുന്ന രീതിയിലായിരുന്നു ഇതിന്റെ സജ്ജീകരണം. ഈ ഗുഹയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയം മുപ്പത് തവണയോളം എലികൾ വവ്വാലുകളുടെ വേട്ടയാടുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ പതിമൂന്ന് തവണ അവർ ലക്ഷ്യം കണ്ടു. ലൂൺബർഗിലെ ഒരു പബ്ലിക്ക് പാർക്കിലും ഗവേഷകർ കാമറ സ്ഥാപിച്ചിരുന്നു.
കാമറ സ്ഥാപിച്ച പരിസരങ്ങളിൽ നിന്നും അമ്പതോളം വവ്വാലുകളുടെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിലത് പകുതിയോളം മാത്രം ഭക്ഷിച്ച നിലയിലായിരുന്നു. പിൻകാലുകളിൽ ഭാരം നൽകി വാലുകൊണ്ട് ബാലൻസ് ചെയ്ത് മുൻകാലുകൾ ഉയർത്തി നിന്നാണ് എലികൾ വവ്വാലുകളെ പിടികൂടുന്നത്. ഒറ്റകടിക്ക് ഇവയെ കൊല്ലും ശേഷം വലിച്ചിഴച്ച് കൊണ്ടുപോകും. രാത്രി കാലങ്ങളിൽ എലികൾക്ക് കാഴ്ച കുറവായിരുന്നിട്ടും, ഇവ വവ്വാലുകളുടെ ചിറകടി ശബ്ദം മനസിലാക്കിയാണ് വേട്ട നടത്തുന്നത്. അതേസമയം പാർക്കിൽ സ്ഥാപിച്ച കാമറയിൽ ഒരു ദൃശ്യങ്ങളും പതിഞ്ഞിട്ടില്ല. എന്നാൽ വവ്വാലുകളുടെ അവശിഷ്ടങ്ങൾ പരിസരത്ത് നിന്നും ലഭിച്ചിട്ടുണ്ട്.
Content Highlights: Rat hunting bat in a rare video sparks fear of Pandemic