

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയും ശൈത്യകാലവുമെല്ലാം ഒന്നിച്ചെത്തുന്നത്തുമ്പോൾ, ആഘോഷത്തിന്റെ ഭാഗമായി കത്തിക്കുകയും പൊട്ടിക്കുകയും ചെയ്യുന്ന പടക്കങ്ങൾ മൂലമുണ്ടാകുന്ന പൊടിയും ശബ്ദവും പുകമഞ്ഞും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചില്ലറയല്ല. ഇത്തരം സാഹചര്യം ഗർഭിണികൾക്കും അവരുടെ ഗർഭസ്ഥ ശിശുവിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വിവരിക്കുകയാണ് ഗ്രേറ്റർ നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റൽസി Obstetrics, Gynaecology, and Laparoscopic Surgery കൺസൾട്ടന്റ് ഡോ പൂജ ചൗധരി.
ദീപാവലി വലിയ രീതിയിൽ വായു - ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ട്. ഇത് വലിയ രീതിയിലുള്ള ആഘാതമാണ് ഗർഭിണിയായ യുവതികളിലും അവരുടെ ഉള്ളിൽ വളരുന്ന കുഞ്ഞുങ്ങൾക്കും ഉണ്ടാക്കുന്നതെന്ന് ഡോക്ടർ പൂജ വിശദീകരിക്കുന്നു. മലിനീകരണമുണ്ടാക്കുന്ന വസ്തുക്കൾ കുഞ്ഞിന്റെ മൊത്തത്തിലുള്ള വളർച്ചയെ തന്നെ ബാധിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ ഭാരവും വളരെ കുറവായിരിക്കും. വായു മലിനീകരണം സംഭവിച്ച ചുറ്റുപാടിൽ നീണ്ടകാലമായുള്ള സമ്പർക്കമുണ്ടെങ്കിൽ ഇത് മാസം തികയാതെയുള്ള പ്രസവത്തിന് പോലും ഇടയാക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. 37 ആഴ്ചകൾക്ക് മുമ്പേ പ്രസവം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറയുന്നത്.
പടക്കങ്ങളുടെ വലിയ രീതിയിലുള്ള ശബ്ദം ഗർഭസ്ഥ ശിശുവിന്റെ കേൾവിയെ ബാധിക്കാം, മാത്രമല്ല ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കും ഒരുപക്ഷേ കാരണമായേക്കാം എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ഇനി ഗർഭിണികളുടെ കാര്യം പരിശോധിച്ചാൽ വായുവിലെ മലിനീകരണത്തിനൊപ്പമുള്ള ശബ്ദ മലിനീകരണം ഉത്കണ്ഠ കൂട്ടും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടാനും കാരണമാകും. ഇത് കുഞ്ഞിന് മതിയായ അളവിൽ ഓക്‌സിജൻ ലഭിക്കാതിരിക്കാൻ കാരണമാകും. വായുമലിനീകരണത്തിന്റെ സ്വാധീനത്തിൽ ഗർഭം അലസുക, പ്രസവത്തോടെ കുഞ്ഞ് മരിക്കുക, കുഞ്ഞിന്റെ ഭാരം കുറയുക എന്നിവ സംഭവിക്കുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. വായുവിലുള്ള മലിനീകരണ കണികകൾ രക്തത്തിലെത്തുകയും ഇത് പ്ലാസന്റയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിലൂടെ കുഞ്ഞിലേക്ക് എത്തേണ്ട ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്ന് ഡോക്ടർ പറയുന്നു. മലിനീകരണം കുഞ്ഞിന്റെയും അമ്മയുടെയും ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെയും തീർന്നില്ല, ഗർഭിണിയായതിന് ശേഷം മാത്രമല്ല, ഇതിന് മുമ്പ് സ്ത്രീകളിലെ അണ്ഡത്തിന്റെ അളവിനെയും ഗുണനിലവാരത്തെയും വരെ വായുമലിനീകരണം ബാധിക്കുമെന്ന് ഡൽഹി രോഹിണി നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ സ്‌പെഷ്യലിസ്റ്റ് ഡോ ആകൃതി ഭട്ട്‌ര പറയുന്നു. മലിനമായ വായു ഹോർമോണൽ ബാലൻസിനെ സ്വാധീനിക്കും ഇത് അണ്ഡങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കും, ഇത് ആർത്തവത്തിന്റെ കൃത്യതയെയും സ്വാധീനിക്കും. പുരുഷന്മാരിൽ സ്‌പേം കൗണ്ടിനെയും മൊബിലിറ്റിയെയുമാണ് ഇത് സാരമായി ബാധിക്കുക. മലിനീകരണം മൂലം സ്‌പേമിലുണ്ടാവുന്ന ഡിഎൻഎ പ്രശ്‌നങ്ങളും ഓക്‌സിഡേറ്റീവ് സ്ട്രസുമാണ് ഇതിന് കാരണമാകുന്നത്.
Content Highlights: impact of crackers on Pregnant women and foetus