ആഭ്യന്തരത്തിൽ മിന്നിയിട്ടും കാര്യമില്ല; കരുണിന് വീണ്ടും അവഗണന; സീനിയർ ടീമിലും എ ടീമിലുമില്ല

ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചപ്പോഴും അതിൽ കരുണിന് ഇടം ലഭിച്ചില്ല.

ആഭ്യന്തരത്തിൽ മിന്നിയിട്ടും കാര്യമില്ല; കരുണിന് വീണ്ടും അവഗണന; സീനിയർ ടീമിലും എ ടീമിലുമില്ല
dot image

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് ബി സി സി ഐ പ്രഖ്യാപിച്ചത്. ടീം പുറത്തുവന്നപ്പോൾ കരുൺ നായരുടെ വിടവാണ് ആരാധകരെ ഞെട്ടിച്ചത്. ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചപ്പോഴും അതിൽ കരുണിന് ഇടം ലഭിച്ചില്ല.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഈ രഞ്ജി ട്രോഫിയിൽ കർണാടകക്ക് വേണ്ടി ഇതിനകം മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടി. രഞ്ജിക്ക് മുന്നേയുള്ള സന്നാഹത്തിലും സെഞ്ച്വറി കുറിച്ചു.

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ ഫൈനലിലെ സെഞ്ച്വറിയടക്കം ഒമ്പത് മത്സരങ്ങളിൽ നിന്ന് 53.93 എന്ന ശരാശരിയിൽ കഴിഞ്ഞ സീസണിൽ കരുൺ നായർ നേടിയത് 863 റൺസ്. കൂടാതെ കൗണ്ടി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്ക് പോയ കരുൺ അവിടെയും ഇരട്ട സെഞ്ചറി നേടി. വിജയ് ഹസാരെയിൽ തുടർച്ചയായി 4 സെഞ്ചറികൾ നേടി.

അതിനിടയിൽ 1077 ദിവസങ്ങളുടെ ഇടവേളയിൽ ഈ സീസണിൽ ഡൽഹിക്കായി ഐപിഎൽ കളിക്കാനെത്തിയ കരുൺ ആദ്യ മത്സരത്തിൽ ഞെട്ടിച്ചു. ബുംമ്രയടക്കമുള്ള ലോക ക്രിക്കറ്റിലെ അനിഷേധ്യരായ ബോളർമാരെ അനായാസം ​നേരിടുന്നതും കണ്ടു.

ഈ മികവെല്ലാം കൂടിയായപ്പോൾ, താരത്തിനെ ടീമിലെടുക്കാൻ മുൻ താരങ്ങളും മുറവിളി കൂട്ടിയപ്പോൾ അവഗണിക്കാൻ ബി സി സി ഐ ക്കായിരുന്നില്ല. എന്നാൽ ഏറെ കഷ്ടപ്പെട്ട് നേടിയ ഈ രണ്ടാം അവസരം താരത്തിന് മുതലാക്കാനായില്ല. നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഇന്നിങ്‌സുകളിൽ നിന്നായി 205 റൺസ് മാത്രമാണ് നേടാനായത്. ഓവലിലെ അവസാന ടെസ്റ്റിലെ നിർണായക അർധ സെഞ്ച്വറിയായിരുന്നു എടുത്തുപറയാവുന്ന നേട്ടം.

ഇതോടെ തൊട്ട് ശേഷം നടന്ന വിൻഡീസ് പരമ്പരയിൽ നിന്നും ഇനി നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ നിന്നും താരത്തിന് സ്ഥാനം നഷ്ടമായി. ഇന്ത്യ എ ടീമിനൊപ്പമുള്ള ക്യാമ്പയിനിങ്ങിലും അവസരം ലഭിച്ചില്ല.

ഏതായാലും കരുൺ നായർ കിട്ടിയ അവസരം മുതലാക്കിയില്ല എന്നായിരുന്നു അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ ന്യായീകരമെന്നോണം ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രതികരിച്ചത്. എന്നാൽ ഒരൊറ്റ പരമ്പരയിൽ തന്നെ വിലയിരുത്തരുതെന്ന് കരുൺ വാക്ക് കൊണ്ട് തന്നെ തിരിച്ചടിച്ചു. ഇപ്പോൾ കരുണിന്റെ പ്രതികരണമാണ് താരത്തിന് തിരിച്ചടിയായതെന്നായിരുന്നു വിലയിരുത്തൽ.

Content Highlights: Karun Nair ignored for SA Tests despite strong Ranji Trophy form

dot image
To advertise here,contact us
dot image