

പാകിസ്താനിൽ നിന്നുള്ള ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റഷ്യൻ ഇൻഫ്‌ളുവൻസറായ മാക്‌സിം ഷെർബക്കോബാണ് ഈ വീഡിയോ തന്റെ ഫോളേവേഴ്‌സിനായി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. സ്വന്തം വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ മാക്‌സിം, പ്രാദേശികരായ ഒരു കൂട്ടം പാകിസ്താനികളെ കണ്ടു. ഇവർ പാകിസ്താനി കൊടിയുമായി നിരത്തിലൂടെ വരിയായി പോകുന്നതിനിടയിലായിരുന്നു കണ്ടുമുട്ടൽ. ഇതിനിടയിൽ മാക്‌സിം ജയ് ശ്രീറാം എന്ന് ഉരുവിട്ടു. ഇത് കേട്ടതോടെ പാകിസ്താനികളും അത് ഏറ്റ് വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ തമ്പ്‌സ്അപ്പ് കാണിച്ച് ചിരിച്ചുകൊണ്ട് മാക്‌സിം മുന്നോട്ടു പോവുകയാണ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് സന്തോഷം പങ്കുവച്ചത്. മറ്റ് രാജ്യത്തിന്റെ സംസ്‌കാരത്തെയും വിശ്വാസങ്ങളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പലരും വാചാലരായി. എന്നാൽ ഒരു വിഭാഗം ഇത് എഐ ജനറേറ്റഡ് വീഡിയോയാണെന്ന് തെറ്റിദ്ധരിച്ചിട്ടുമുണ്ട്. മുമ്പും ഇത്തരത്തിൽ അയൽരാജ്യങ്ങളുടെ സംസ്‌കാരങ്ങളുമായി ചേർന്നു നിൽക്കുന്ന മറ്റ് രാജ്യക്കാരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇക്കഴിഞ്ഞ ദീപാവലി ആഘോഷങ്ങൾക്കിടയിൽ ലണ്ടനിൽ താമസിക്കുന്ന പാകിസ്താൻ സ്വദേശി ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. യുകെയിലെ തന്റെ വീട്ടിലെ ഒരുക്കങ്ങളും ആഘോഷങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. വീടുകൾ പൂക്കൾ കൊണ്ട് അലങ്കരിച്ചും വിളക്കുകൾ തെളിയിച്ചുമാണ് അദ്ദേഹം ആഘോഷം ഗംഭീകരമാക്കിയത്. ഒപ്പം പടക്കങ്ങൾ പൊട്ടിച്ചും ആഘോഷം പൊടിപൂരമാക്കിയ പാകിസ്താനികളെ നെറ്റിസൺസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
Content Highlights: Russian influencerchanted Jai Shri Ram in Pakistan and this happened