Top

ഇ ഡിക്ക് വിപുലമായ അധികാരം: പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും

24 Aug 2022 3:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ ഡിക്ക് വിപുലമായ അധികാരം: പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും
X

ന്യൂഡൽഹി: കള്ളപ്പണം നിരോധിത നിയമത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ പുനഃപരിശോധന ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. പുനഃപരിശോധന ഹർജിയിൽ വ്യാഴാഴ്ച തുറന്ന കോടതിയിൽ വാദം കേൾക്കും.

ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇ ഡിക്ക് തിരച്ചിൽ നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള വിപുലമായ അധികാരം നൽകുന്ന വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി ചേമ്പറിൽ പരിഗണിച്ചത്.

ഇ ഡിക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിക്കവെയായിരുന്നു കഴിഞ്ഞ മാസം സുപ്രീം കോടതി ഇഡിയുടെ വിപുലമായ അധികാരം ശരിവെച്ചത്. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിൽ ഈ അധികാരങ്ങൾ കൂടുതലായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഹർജിക്കാർ വാദിച്ചിരുന്നു.

പ്രതികളെ കാരണമോ തെളിവുകളോ അറിയിക്കാതെ അറസ്റ്റ് ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരം ഏജൻസിക്ക് കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും 250-ഓളം ഹർജിക്കാർ വാദിച്ചിരുന്നു. ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ മൊഴികൾ കോടതിയിൽ ഉപയോഗിക്കുന്നത് അനുവദിക്കരുതെന്നും ഹർജിക്കാർ വാദിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജി എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ അനുകൂലമായ വിധി ബാധിക്കാൻ ഇടയുണ്ട്.

STORY HIGHLIGHTS: Supreme court to hear today review petition against its PMLA judgement

Next Story