'മോദിയുടെ ഉത്തരവുകൾ ചന്ദ്രശേഖർ റാവു നടപ്പാക്കുന്നു, എതിരാളിയായി നടിക്കുകയാണ്'; ടിആർഎസിനെതിരെ രാഹുൽ ഗാന്ധി
'എപ്പോഴൊക്കെ ബിജെപി പാർലമെന്റിൽ ബിൽ കൊണ്ടുവരുമോ അപ്പോഴൊക്കെ ടിആർഎസ് ബിജെപിയെ പിന്തുണയ്ക്കും'
1 Nov 2022 10:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയിൽ ടിആർഎസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. യാത്ര ഹൈദരാബദിൽ പ്രവേശിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബിജെപിയുടെ എതിരാളിയായി നടിക്കുകയാണ്. നരേന്ദ്ര മോദി ഉത്തരവിടുന്നതെന്തും നടപ്പാക്കാനാണ് കെസിആർ ശ്രമിക്കാറുളളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
'കെസിആർ മോദിക്ക് സ്വീകാര്യനാണ്. നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന് നേരിട്ടു ബന്ധമുണ്ട്. പക്ഷേ പുറത്ത് ബിജെപിയുടെ എതിരാളിയായി നടിക്കുകയാണ്. തെലങ്കാനയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് കെസിആറിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിക്കുന്നത്. എപ്പോഴൊക്കെ ബിജെപി പാർലമെന്റിൽ ബിൽ കൊണ്ടുവരുമോ അപ്പോഴൊക്കെ ടിആർഎസ് ബിജെപിയെ പിന്തുണയ്ക്കും. കരിനിയമമായ കാർഷിക നിയമം പാസാക്കിയപ്പോൾ പോലും ഇതായിരുന്നു സ്ഥിതി. ബിജെപിയും ടിആർഎസും യോജിച്ചു പ്രവർത്തിക്കുകയാണ്. ഒരു മിഥ്യാബോധത്തിലും അകപ്പെട്ടുപോകരുത്. തെരഞ്ഞെടുപ്പിനു മുമ്പ് നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും.' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയാണ് രാജ്യത്തെ ഏറ്റവും മലിനമായ സിറ്റി എന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ടിആർഎസ് സർക്കാർ ഹൈദരാബാദിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വളരെ താഴ്ത്തി ഇതോടെ മലിനമായ നഗരം ഹൈദരാബാദാണെന്ന് മനസ്സിലാക്കി. ഇവിടെ നടക്കേണ്ട അടിസ്ഥാന സൗകര്യ വികസനം നടക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
'മോദിജി വിളിച്ചാൽ ഒരു സെക്കൻഡ് പോലും വൈകാതെ മുഖ്യമന്ത്രി കെസിആർ മറുപടി നൽകിയിരിക്കും. മോദിജിയാണ് നിങ്ങളുടെ മുഖ്യമന്ത്രിക്ക് ഉത്തരവുകൾ നൽകുന്നത്. ഇന്ന് ഇത് ചെയ്യണമെന്നും നാളെ അതു ചെയ്യണമെന്നുമുളള മോദിയുടെ ഉത്തരവുകൾ ചന്ദ്രശേഖർ റാവു നടപ്പാക്കുമെന്നും' രാഹുൽ ഗാന്ധി വിമർശിച്ചു.
STORY HIGHLIGHTS: Rahul Gandhi criticizing TRS