Top

കോണ്‍ഗ്രസില്‍ എത്രകാലത്തേക്കെന്ന് ഗെഹ്‌ലോട്ട്; തന്നെ കേള്‍ക്കുന്നത് വരെ എന്ന് പ്രശാന്ത് കിഷോര്‍

പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഗെഹ്‌ലോട്ടിന്റെ ഭാഗത്തു നിന്നും നേരിട്ടുള്ള ചില ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍

21 April 2022 9:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസില്‍ എത്രകാലത്തേക്കെന്ന് ഗെഹ്‌ലോട്ട്; തന്നെ കേള്‍ക്കുന്നത് വരെ എന്ന് പ്രശാന്ത് കിഷോര്‍
X

ന്യൂഡല്‍ഹി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഗെഹ്‌ലോട്ടിന്റെ ഭാഗത്തു നിന്നും നേരിട്ടുള്ള ചില ചോദ്യങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശാന്ത് കിഷോറിന്റെ മുമ്പത്തെ രാഷ്ട്രീയ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അശോക് ഗെഹ്‌ലോട്ടിന്റെ ചോദ്യം. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എത്രകാലം നില്‍ക്കുമെന്നായിരുന്നു ഗെഹ്‌ലോട്ട് ചോദിച്ചത്. പാര്‍ട്ടി തന്നെ എത്രത്തോളം കേള്‍ക്കുന്നു എന്നത് പരിഗണിച്ചായിരിക്കും തന്റെ പാര്‍ട്ടിയില്‍ തുടരുക എന്നായിരുന്നു കിഷോറിന്റെ മറുപടി. കോണ്‍ഗ്രസിനെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ പദ്ധതികള്‍ കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ സോണിയാ ഗാന്ധിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ ഏല്‍പ്പിച്ചിരിക്കുകയാണ് പാര്‍ട്ടി. എന്നാല്‍ പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുക സോണിയ ഗാന്ധി തന്നെയായിരിക്കും.

ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ പ്രശാന്ത് കിഷോര്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കൂടിക്കാഴ്ചകളില്‍ എല്ലാം സോണിയയുടെ കൂടെ മുതിര്‍ന്ന നേതാക്കളും ഉണ്ടായിരുന്നു. ഇതില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു.

താഴെതട്ടില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് വേണ്ടിയും ശക്തിപ്പെടുത്തുന്നതിനും ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. നേരത്തെ പ്രശാന്ത് കിഷോറുമായി നടത്തിയ ചര്‍ച്ച അവസാന നിമിഷം കൈവിട്ടുപോയെങ്കിലും ഇപ്പോള്‍ വീണ്ടും ചുവപ്പ് പരവതാനി വിരിച്ചിയിരിക്കുകയാണ് കോണ്‍ഗ്രസ്.

STORY HIGHLIGHTS: Prashant Kishor's Reply As Congress Leader Ashok Gehlot Asks Pointed Question

Next Story