Top

വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ്

ഭരണപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇത് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷിടിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു

21 Oct 2022 10:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: മുസ്ലീം സമുദായങ്ങള്‍ക്കെതിരെയുളള വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും തടയണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനോടും സംസ്ഥാനങ്ങളോടും പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇതുസംബന്ധിച്ച നോട്ടീസ് അയച്ചത്.

രാജ്യത്തുടനീളം നടക്കുന്ന കുറ്റകൃത്യങ്ങളിലും വിദ്വേഷ പ്രസംഗ കേസുകളിലും സ്വതന്ത്ര്യവും വിശ്വസനീയവും നിക്ഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷഹീന്‍ അബ്ദുളള എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രശ്‌നപരിഹാരത്തിന് ഇടപെടല്‍ വേണമെന്നും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

ഹര്‍ജിയിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്നും പ്രത്യേക സംഭവങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിയില്‍ സമീപ കാലത്ത് നടന്ന സംഭവങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കപില്‍ സിബല്‍ അവകാശപ്പെട്ടു. ആറുമാസത്തിനിടെ വിദ്വേഷ കുറ്റകത്യങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ധാരാളം പെറ്റീഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ യുഎപിഎ പോലുളള കര്‍ശന വ്യവസ്ഥകള്‍ ഉപയോഗിച്ച് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഭരണപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇത് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷിടിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

STORY HIGHLIGHTS: Petition to stop hate speech and attacks; Supreme Court Notice to State and Central Government

Next Story