Top

'അത്യാഗ്രഹത്തിന് ഇരയാകരുത്'; അഴിമതി ആരോപണങ്ങള്‍ നേരിടുന്ന തൃണമൂല്‍ നേതാക്കളോട് മമത

തൃണമൂല്‍ കോണ്‍ഗ്രസ് മണ്ണിന്റെ പാര്‍ട്ടിയാണ്. ഒന്നോ രണ്ടോ പേര്‍ക്ക് തെറ്റ് പറ്റും. എല്ലാവരും തെറ്റ് ചെയ്യുന്നു എന്നല്ല അതിനര്‍ത്ഥമെന്നും മമത

9 Nov 2022 9:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അത്യാഗ്രഹത്തിന് ഇരയാകരുത്; അഴിമതി ആരോപണങ്ങള്‍ നേരിടുന്ന തൃണമൂല്‍ നേതാക്കളോട് മമത
X

കൊല്‍ക്കത്ത: അത്യാഗ്രഹത്തിന് ഇരകളാകരുതെന്ന് അഴിമതി ആരോപണങ്ങള്‍ നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യുകയും മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്ത പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് ശേഷം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതേസമയം അധ്യാപക നിയമന അഴിമതിയില്‍ മറ്റൊരു എംഎല്‍എ മണിക് ഭട്ടാചാര്യയും അറസ്റ്റിലായി.

ബിജെപി പണം മുടക്കി സമൂഹമാധ്യമങ്ങളില്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു. ഏകദേശം 46 മുതല്‍ 48 വീഡിയോകള്‍ വരെയുണ്ട്. ഈ വ്യാജ വീഡിയോകളില്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുന്നു. അവര്‍ക്ക് വേറെ പണിയില്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ണിന്റെ പാര്‍ട്ടിയാണ്. ഒന്നോ രണ്ടോ പേര്‍ക്ക് തെറ്റ് പറ്റും. എല്ലാവരും തെറ്റ് ചെയ്യുന്നു എന്നല്ല അതിനര്‍ത്ഥമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ഇവിടെയുള്ള എന്റെ അമ്മമാരോടും സഹോദരിമാരോടും ചോദിക്കണം, നിങ്ങളുടെ അഞ്ച് മക്കളും ഒരുപോലെയാണോ? അവരില്‍ ഒരാള്‍ക്ക് അല്‍പ്പം വഴിതെറ്റിയേക്കാം. അവനെ തിരുത്തണം. തെറ്റ് ചെയ്തവര്‍ സ്വയം പരിഷ്‌കരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തെറ്റുകള്‍ തിരുത്തലാണ് നമ്മുടെ ധര്‍മ്മം. നേതാജി സുഭാഷ് ചന്ദ്രബോസ് അബദ്ധങ്ങള്‍ ചെയ്യാനുള്ള അവകാശത്തെ കുറിച്ച് സംസാരിച്ചു. അതും ഒരു അവകാശമാണ്. ആ തെറ്റുകള്‍ പരിഹരിക്കേണ്ടതുണ്ട്,' മമത ബാനര്‍ജി പറഞ്ഞു.

കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി താന്‍ പറയുന്നത് ഇതാണ്, ആവശ്യത്തിന് മാത്രം എടുക്കുക. ചിലപ്പോള്‍ കിടക്കയില്‍ കിടക്കുമ്പോള്‍ താന്‍ ചിന്തിക്കാറുണ്ട്. തനിക്ക് സ്വന്തമായി ഒരു കിടക്കയുണ്ട്. തനിക്ക് ഒരു മുറിയുണ്ട്. താന്‍ ഉറങ്ങുന്നു, നാളെ താന്‍ മരിച്ചാല്‍ ഈ മുറി ആരു നോക്കും, കാവല്‍ നില്‍ക്കാന്‍ ആരുമില്ല, അതാണ് സ്ഥിതി, അപ്പോള്‍ എന്ത് സംഭവിക്കും, ഈ പണം കൊണ്ടുവരുന്ന മൂല്യം അര്‍ത്ഥശൂന്യമാണെന്നും മമത വ്യക്തമാക്കി

'നിങ്ങള്‍ അത്യാഗ്രഹിയായി പണം സമ്പാദിച്ചാല്‍, അത് കൈവശം വയ്ക്കുന്നയാള്‍ അത് മോഷ്ടിക്കും. നിങ്ങള്‍ അത്യാഗ്രഹിയായി പണം സമ്പാദിച്ചാല്‍ അത് നിങ്ങള്‍ക്ക് സമൂഹത്തില്‍ അപകീര്‍ത്തി വരുത്തും,' നാദിയയിലെ കൃഷ്ണനഗറില്‍ നടന്ന റാലിയില്‍ പാര്‍ട്ടി അനുഭാവികളോടായി മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയാണ് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നതെന്ന് മമത ആരോപിച്ചു. എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍് കോടികള്‍ ചെലവഴിക്കുന്നു. ആ പണം എവിടെ നിന്ന് വരുന്നു? ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പുകള്‍ ഉള്ളതിനാല്‍ വീണ്ടും ബോണ്ടുകള്‍ തുറന്നു. എല്ലാ പാര്‍ട്ടികളും ബോണ്ടുകള്‍ എടുക്കുന്നു. കാരണം അത് നിയമം അനുവദിക്കുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ കോടികള്‍ സ്വരൂപിക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് കാര്യമെന്നും മമത വ്യക്തമാക്കി

ബിജെപിയും കേന്ദ്ര ഏജന്‍സികളും തൃണമൂല്‍ നേതാക്കളെ തെരഞ്ഞെടുത്ത് ലക്ഷ്യമിടുന്നതായും മമത ബാനര്‍ജി ആരോപിച്ചു. മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് തനിക്ക് അറിയണം. വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന്് അറിയണമെന്നും മമത പറഞ്ഞു.

Story highlights: Mamata Banerjee said to Trinamool Congrees leaders not to fall prey to greed

Next Story