Top

'ആണുങ്ങളുടെ തെറി പറച്ചില്‍ നിര്‍ത്തിയിട്ട് തന്നെ കാര്യം', ഓരോ തെറിയും ഇനി ചാര്‍ട്ടില്‍; പുതിയ പദ്ധതിയുമായി സെല്‍ഫി വിത്ത് ഡോട്ടര്‍ ഫൗണ്ടേഷന്‍

ഗാലി ബന്ദ് (തെറി നിര്‍ത്തല്‍) എന്നാണു പദ്ധതിയ്ക്കു പേരിട്ടിരിക്കുന്നത്

3 Sep 2022 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആണുങ്ങളുടെ തെറി പറച്ചില്‍ നിര്‍ത്തിയിട്ട് തന്നെ കാര്യം, ഓരോ തെറിയും ഇനി ചാര്‍ട്ടില്‍; പുതിയ പദ്ധതിയുമായി സെല്‍ഫി വിത്ത് ഡോട്ടര്‍ ഫൗണ്ടേഷന്‍
X

ലഖ്‌നൗ: നിത്യജീവിതത്തില്‍ കടന്നു പോകുന്ന തെറികള്‍ക്ക് ഒരു കടിഞ്ഞാണിടാന്‍ കഴിയുമോയെന്ന ശ്രമത്തിന് തുടക്കം കുറിക്കുകയാണ് മകളോടൊപ്പം സെല്‍ഫി സംഘടന (സെല്‍ഫി വിത്ത് ഡോട്ടര്‍ ഫൗണ്ടേഷന്‍). ഉത്തര്‍പ്രദേശിനെ അസഭ്യമായ ഭാഷയില്‍ നിന്നു മോചിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ഓരോ ദിവസവും കുടുംബത്തിലെ ആണുങ്ങള്‍ പറയുന്ന തെറികളുടെ എണ്ണം രേഖപ്പെടുത്താന്‍ വീടുകളില്‍ ഒരു ചാര്‍ട്ട് സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്. ഗാലി ബന്ദ് (തെറി നിര്‍ത്തല്‍) എന്നാണു പദ്ധതിയ്ക്കു പേരിട്ടിരിക്കുന്നത്. സ്ത്രീബന്ധുനാമങ്ങളും സ്ത്രീശരീരഭാഗങ്ങളുടെ പേരുകളും ചേര്‍ത്തുള്ള ആണ്‍-'തെറികളുടെ' അതിപ്രസരം നിയന്ത്രിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മീററ്റില്‍ നിന്നാണ് ഇതിനു തുടക്കം കുറിക്കുന്നത്. കൂടാതെ ചാര്‍ട്ടില്‍ നാല് പ്രധാന മതങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ ചിത്രവും ചേര്‍ത്തിട്ടുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ സുനില്‍ ജഗ്‌ലന്‍ പറഞ്ഞു.

അധിക്ഷേപകരമായ തെറി നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ തെറികള്‍ പറയുന്ന പുരുഷന്മാര്‍ സാമൂഹിക അന്തരീക്ഷത്തെ തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്. അവരുടെ സ്വഭാവത്തെ സ്വയം തിരിച്ചറിയാനുള്ള മാര്‍ഗമാണിത്. ആദ്യം കുടുംബത്തില്‍ നിന്നും പിന്നീട് സമൂഹത്തിലേക്കും അത് വ്യാപിക്കും. അതിലൂടെ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫിഷ എന്ന പെണ്‍കുട്ടി തന്റെ പിതാവിനു ഇതിലൂടെ മാറ്റമുണ്ടായതായി പറഞ്ഞു. 'തെറികളെ കുറിച്ച് ഞാന്‍ പിതാവിനോട് സംസാരിച്ചു. ഞങ്ങളുടെ മതത്തില്‍ അത് പാപമാണെന്ന് പറഞ്ഞു. ഇപ്പോഴും തെറി പറയുന്നുണ്ടെങ്കിലും എണ്ണം കുറഞ്ഞിട്ടുണ്ട്' എന്നും അല്‍ഫിഷ പറഞ്ഞു. തന്റെ സഹോദരി ചാര്‍ട്ട് സൂക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് ഗൗരവം മനസിലായതെന്ന് മൊഹമ്മദ് സുബൈര്‍ പറഞ്ഞു.

സ്ത്രീകളുടെ ആര്‍ത്തവ ചക്രദിനങ്ങള്‍ സൂക്ഷിക്കാനുള്ള ചാര്‍ട്ടും സംഘടന നല്‍കുന്നുണ്ട്. വീട്ടിലെ പുരുഷന്മാരും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കാനും പുതുതലമുറയില്‍ അവബോധമുണ്ടാക്കാനും ഇതിലൂടെ കഴിയുമെന്നും സുനില്‍ ജഗ്‌ലന്‍ പറയുന്നു.

2012ല്‍ ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നും 'ബേട്ടി ബച്ചാവോ' പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നതും സുനില്‍ ജഗ്‌ലനാണ്. അദ്ദേഹത്തിന്റെ സെല്‍ഫി വിത്ത് ഡോട്ടര്‍ ഫൗണ്ടേഷനും പ്രധാനമന്ത്രിയുടെ പ്രശംസ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

Story Highlights: 'It's a matter of stopping the men's sprinkling', every sprinkling is now on the chart; Selfie with daughter foundation with new project

Next Story