Top

'മുണ്ടുടുത്ത മോദിയുടെ നാട്ടില്‍ നിന്നുള്ള ബിജെപിയുടെ എ ടീമിന്റെ നിസ്സാരമായ വിമര്‍ശനം'; സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ്

12 Sep 2022 2:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുണ്ടുടുത്ത മോദിയുടെ നാട്ടില്‍ നിന്നുള്ള ബിജെപിയുടെ എ ടീമിന്റെ നിസ്സാരമായ വിമര്‍ശനം; സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: 'ഭാരത് ജോഡോ യാത്ര'യുടെ റൂട്ടിനെ ചൊല്ലി വിമര്‍ശിച്ച സിപിഐഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസ്. 'ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ യാത്ര 18 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസവുമാണ് യാത്ര, ബിജെപി-ആര്‍എസ്എസിനെതിരെയുള്ള പോരാട്ടത്തിന്റെ വിചിത്ര വഴി' എന്നായിരുന്നു സിപിഐഎം വിമര്‍ശനം. ഇതിനോടാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ ബിജെപിയുടെ എ ടീമാണ് സിപിഐഎം എന്ന് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ മറുപടി. എഐസിസി വാര്‍ത്താ വിനിമയ വിഭാഗം ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് മറുപടിയുമായി രംഗത്തെത്തിയത്.

എങ്ങനെയാണ്, എന്ത് കൊണ്ടാണ് യാത്രയുടെ വഴി ഇങ്ങനെയായെന്നതില്‍ നിങ്ങള്‍ നിങ്ങളുടെ ഗൃഹപാഠം കുറച്ചു കൂടി നന്നായി നടത്തണം. മുണ്ടുടുത്ത മോദിയുടെ നാട്ടില്‍ നിന്നുള്ള ബിജെപിയുടെ എ ടീമിന്റെ നിസ്സാരമായ വിമര്‍ശനം എന്നാണ് ജയ്‌റാം രമേശിന്റെ മറുപടി ട്വീറ്റ്.

പ്രതിപക്ഷ ഐക്യമെന്നാല്‍ കോണ്‍ഗ്രസിനെ തളര്‍ത്തലല്ലെന്ന് എഐസിസി വാര്‍ത്താവിനിമയ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് നേരത്തെ പറഞ്ഞു. കോണ്‍ഗ്രസിനെ പരിഗണിക്കാതെ പ്രാദേശിക പാര്‍ട്ടികളുടെ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കവേ അതിനോടുള്ള കൃത്യമായ പ്രതികരണമാണ് കോണ്‍ഗ്രസ് നടത്തിയത്.

'കോണ്‍ഗ്രസ് ശക്തമാണെങ്കില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവൂ. പ്രതിപക്ഷ ഐക്യം എന്നാല്‍ കോണ്‍ഗ്രസിനെ തളര്‍ത്തലല്ല', ജയ്‌റാം രമേശ് പറഞ്ഞു. 'ഞങ്ങളുടെ സഖ്യകക്ഷികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ഒരാളെ തളര്‍ത്തി മറ്റൊരാള്‍ക്ക് മുന്നോട്ട് പോവാനാവില്ല. നമ്മള്‍ ഓരോരുത്തരും ശക്തിപ്പെടണം. അതോടൊപ്പം ശക്തമായ കോണ്‍ഗ്രസാണ് പ്രതിപക്ഷ സഖ്യത്തിന്റെ നെടുംതൂണ്', ജയ്‌റാം രമേശ് പറഞ്ഞു.

ഭാരത് ജോഡോ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള യാത്രയല്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു. 'കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണത്. യാത്ര പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനും ഗുണപരമാക്കാനും വേണ്ടിയാണ് ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്', അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് ബിജെപിയും ബിജെപി ഇതര കക്ഷികളും ഒരേ പോലെ നോക്കുകയാണ്. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ആന( കോണ്‍ഗ്രസ്) ഉണര്‍ന്നെണീറ്റു, നടക്കുന്നു എന്ന് എല്ലാവരും അറിഞ്ഞതില്‍ താന്‍ സന്തോഷവാനാണ്. എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും ആക്രമണോത്സുകത കാണിക്കുന്ന കോണ്‍ഗ്രസിനെ കണ്ടിട്ടില്ല. ഒരു കാര്യം വ്യക്തമാക്കാം. നിങ്ങള്‍ കാണിച്ചാല്‍ ഞങ്ങള്‍ ഇരട്ടി കാണിക്കും. മതം, ജാതി, ഭാഷ എന്നിങ്ങനെ വിഭജിച്ചു കഴിഞ്ഞ ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും ജയ്‌റാം രമേശ് പറഞ്ഞു.

Story Highlights: CPIM on Monday criticised the Congress' 'Bharat Jodo Yatra'

Next Story