Top

ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് ലഭിച്ചത് പ്രതീക്ഷിക്കാത്ത സ്വീകരണം; സംഘടന സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

22 Oct 2022 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് ലഭിച്ചത് പ്രതീക്ഷിക്കാത്ത സ്വീകരണം; സംഘടന സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്
X

കര്‍ണൂല്‍: ഒക്ടോബര്‍ 18 മുതല്‍ 21 വരെ സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രക്ക് ലഭിച്ച സ്വീകരണത്തില്‍ ആവേശം പൂണ്ട് സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി. നവംബര്‍ ഒന്ന് മുതല്‍ ജില്ലാ തലത്തില്‍ സംഘടന സംവിധാനം ശക്തമാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് യാത്ര സുഗമമായി നടക്കാന്‍ സഹകരിച്ച പൊലീസ് സംവിധാനത്തോട് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എസ് ശൈലേന്ദ്രനാഥ് നന്ദി പറഞ്ഞു.

സംസ്ഥാനത്തെ 50% മണ്ഡലം കമ്മിറ്റികള്‍ക്ക് മാത്രമേ ഇപ്പോള്‍ അദ്ധ്യക്ഷന്‍മാരുള്ളൂ. ഭാരത് ജോഡോ യാത്ര പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. സാധാണക്കാരായ നിരവധി മനുഷ്യര്‍, പ്രത്യേകിച്ച് യുവജനങ്ങളും സ്ത്രീകളും യാത്രയുടെ ഭാഗമായെന്നും ശൈലേന്ദ്രനാഥ് പറഞ്ഞു.മണ്ഡലം തല കമ്മറ്റികള്‍ ശക്തമാക്കുന്നതിനോടൊപ്പം ജില്ലാ തലത്തിലെ നേതാക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച കര്‍ണൂലിലൂടെയാണ് യാത്ര കര്‍ണാടകത്ത് നിന്ന് സംസ്ഥാനത്തേക്ക് കടന്നത്. ബുധനാഴ്ച പര്യടനം അധോനി മേഖലയിലായിരുന്നു. പ്രദേശവാസികളില്‍ നിന്ന് അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിച്ചതെന്ന് ആള്‍ ഇന്ത്യ പ്രൊഫഷല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്ര അദ്ധ്യക്ഷനും ആന്ധ്രയിലെ ഭാരത് ജോഡോ യാത്രയുടെ വിനിമയ ചുമതലയുള്ള നേതാവുമായ മാത്യൂ ആന്റണി പറഞ്ഞു. ആന്ധ്രപ്രദേശിലെ യാത്രയുടെ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിച്ചത് താനാണ്. പാര്‍ട്ടിക്ക് വലിയ സ്വാധീനമൊന്നുമില്ലാത്ത ഇവിടെ വലിയ പ്രതീക്ഷയൊന്നും തനിക്കുണ്ടായിരുന്നില്ല. എന്നാല്‍ ആയിരങ്ങളാണ് കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ നടക്കാനെത്തിയത്. ഇക്കാര്യങ്ങളില്‍ നിന്നൊക്കെ മനസ്സിലാക്കുന്നത് ജനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധിയോടും രാജീവ് ഗാന്ധിയോടുമൊക്കെ ഇഷ്ടം അവസാനിച്ച് പോയിട്ടില്ലെന്നാണെന്നും മാത്യൂ ആന്റണി പറഞ്ഞു.

2014ല്‍ ആന്ധ്രപ്രദേശിനെ ആന്ധ്രപ്രദേശായും തെലങ്കാനയായും വിഭജിച്ചതാണ് സംസ്ഥാനത്തെ ജനങ്ങളെ കോണ്‍ഗ്രസിനെതിരായി മാറ്റിയത്. സംസ്ഥാനത്തെ ശക്തനായ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി പാര്‍ട്ടി വിടുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് തകര്‍ന്നുപോയത്. ജഗനാണ് സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വലിയ സ്വീകരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് പുത്തനുണര്‍വ് നല്‍കാനിടയാക്കിയേക്കും.

Story Higthlights: Buoyed by the tremendous response to the Bharat Jodo Yatra APCC has decided to strengthen the organisational setup

Next Story

Popular Stories