
മുംബൈ: തന്നെയും കുടുംബാംഗങ്ങളെയും കൊല്ലാൻ ലോറൻസ് ബിഷ്‌ണോയിയും സംഘവും ലക്ഷ്യമിട്ടിരുന്നുവെന്ന് വിശ്വസിക്കുന്നതായി ബോളിവുഡ് നടൻ സൽമാൻ ഖാൻ പൊലീസിനോട്. ഈ വർഷം ഏപ്രിലിൽ മുംബൈയിലെ തൻ്റെ വസതിയിൽ വെടിവെപ്പ് നടത്തിയത് കൊല്ലാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം മൊഴി നൽകി. കഴിഞ്ഞ മാസം മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ രേഖപ്പെടുത്തിയ സൽമാൻ ഖാൻ്റെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുലർച്ചെ 4.55ഓടെ മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ ഒന്നാം നിലയിലെ ബാൽക്കണിയിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അംഗരക്ഷകൻ തന്നോട് പറഞ്ഞു. തന്നെയും കുടുംബത്തെയും ദ്രോഹിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നു. ബാന്ദ്ര പൊലീസ് സ്‌റ്റേഷനിൽ വെടിവയ്പിനെക്കുറിച്ച് തൻ്റെ അംഗരക്ഷകൻ പരാതി നൽകിയതായും സൽമാൻ ഖാൻ പറഞ്ഞു. ഗുണ്ടാസംഘത്തലവന്‍ ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘാംഗങ്ങളുടെ സഹായത്തോടെ തന്റെ കുടുംബാംഗങ്ങൾക്കുനേരെ വെടിവയ്പ്പ് നടത്തിയെന്ന് വിശ്വസിക്കുന്നു. അവർ തന്നെയും തൻ്റെ കുടുംബാംഗങ്ങളെയും കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. സമീപ കാലങ്ങളിൽ തനിക്കും കുടുംബത്തിനും മറ്റ് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും നടൻ പൊലീസിനോട് പറഞ്ഞു.
2024 ജനുവരിയിൽ രണ്ട് അജ്ഞാതർ വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ച് പൻവേലിനടുത്തുള്ള തൻ്റെ ഫാംഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നും നടൻ പറഞ്ഞു. ജൂൺ നാലിനാണ് സൽമാൻ ഖാൻ്റെയും സഹോദരൻ അർബാസ് ഖാൻ്റെയും മൊഴികൾ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപാർട്മെൻ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയി, ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി എന്നിവരുൾപ്പെടെ 17 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്.