ബംഗാളിൽ നാല്, ഹിമാചൽ പ്രദേശിൽ മൂന്ന്; രാജ്യത്തെ 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

പാര്‍ട്ടി മാറ്റവും നിലവിലെ നിയമസഭാ അംഗങ്ങളുടെ മരണവുമാണ് ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത്
ബംഗാളിൽ നാല്, ഹിമാചൽ പ്രദേശിൽ മൂന്ന്; രാജ്യത്തെ 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ബംഗാളിലെ നാല് സീറ്റുകള്‍ അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ബീഹാറിലെ റുപൗലി, ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല, തമിഴ്നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൂര്‍, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് ഹിമാചല്‍പ്രദേശിലെ ഡെഹ്‌റ, ഹാമിര്‍പൂര്‍, നലഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി മാറ്റവും നിലവിലെ നിയമസഭാ അംഗങ്ങളുടെ മരണവുമാണ് ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഇൻഡ്യ മുന്നണിയെയും എൻഡിഎയെയും സംബന്ധിച്ച് നിർണ്ണായകമാണ്.

മണിക്തല: പരമ്പരാഗത കോണ്‍ഗ്രസ് കോട്ടയായ ഈ മണ്ഡലം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടയായി മാറിയിരിക്കുന്നു. 2022 ഫെബ്രുവരി 20 ന് സിറ്റിംഗ് തൃണമൂല്‍ നേതാവ് സധന്‍ പാണ്ഡെയുടെ മരണത്തെത്തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കല്യാണ്‍ ചൗബെ ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഈ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ചൗബെ തന്റെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഉപതിരഞ്ഞെടുപ്പില്‍ സധന്‍ പാണ്ഡെയുടെ ഭാര്യ സുപ്തി പാണ്ഡെയെയാണ് ടിഎംസി മത്സരിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ കല്യാണ്‍ ചൗബെയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

റായ്ഗഞ്ച്: 2021ല്‍ റായ്ഗഞ്ച് സീറ്റില്‍ ബിജെപി വിജയിച്ചെങ്കിലും എംഎല്‍എയായ കൃഷ്ണ കല്യാണി പിന്നീട് ടിഎംസിയില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ഗഞ്ചില്‍ നിന്ന് കൃഷ്ണ കല്യാണി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി കാര്‍ത്തിക് പോളിനോട് പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് കൃഷ്ണ കല്യാണിയെ തന്റെ മുന്‍ സീറ്റില്‍ നിന്ന് വീണ്ടും മത്സരിപ്പിക്കുന്നു. ബിജെപി പ്രാദേശിക നേതാവായ മനസ് കുമാര്‍ ഘോഷിനെയാണ് എതിര്‍ത്തിരിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് മോഹിത് സെന്‍ഗുപ്തയാണ് ഇടത്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ബഗ്ദ: നോര്‍ത്ത് 24 പര്‍ഗാനാസിലെ ഈ മണ്ഡലത്തില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ബിശ്വജിത് ദാസ് വിജയിച്ചിരുന്നു. പിന്നീട് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ ബിശ്വജിത് ദാസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ബോംഗാവോണ്‍ മണ്ഡലത്തില്‍ ബിജെപിയുടെ ശന്തനു താക്കൂറിനോട് പരാജയപ്പെട്ടു. മാറ്റുവ വിഭാഗത്തിന് സ്വാധീനമുള്ള ബഗ്ദയില്‍ രാജ്യസഭാ എംപി മമത ബാല ഠാക്കൂറിന്റെ മകള്‍ മധുപര്‍ണ താക്കൂറിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ബിനയ് കുമാര്‍ ബിശ്വാസ് എന്ന പ്രാദേശിക നേതാവിനെയാണ് ബിജെപി മത്സരിപ്പിച്ചിരിക്കുന്നത്.

രണാഘട്ട് ദക്ഷിൺ: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി എംഎല്‍എ മുകുത് മണി അധികാരി രാജിവെച്ച് ടിഎംസിയില്‍ ചേര്‍ന്ന് റാണാഘട്ട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. എന്നാല്‍, ബിജെപിയുടെ സിറ്റിങ് എംപിയായ ജഗന്നാഥ് സര്‍ക്കാരിനോട് അധികാരി പരാജയപ്പെട്ടു. ബിജെപിയുടെ മനോജ് കുമാര്‍ ബിശ്വാസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുകുത് മണി അധികാരി വീണ്ടും മത്സരിക്കും. നാദിയയിലെ എസ്സി സംവരണ സീറ്റായ റാണാഘട്ട് ദക്ഷിണില്‍ മതുവ സമുദായത്തിന് ശക്തമായ സ്വാധീനമുണ്ട്.

ബദരീനാഥ്, മംഗ്ലൗര്‍ എന്നീ രണ്ട് നിയമസഭാ സീറ്റുകളിലേക്കാണ് ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് ജൂലൈ 10ന് നടക്കും.

ബദരീനാഥ്: കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് പൗരി ഗര്‍വാള്‍ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ബദരിനാഥ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ലഖ്പത് ബൂട്ടോളയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ബദരിനാഥില്‍ നിന്ന് ബിജെപി രാജേന്ദ്ര ഭണ്ഡാരിയെയാണ് മത്സരിക്കുന്നത്. ചാര്‍ ധാം ആരാധനാലയമായ ബദ്രിനാരായണ ക്ഷേത്രവും ആദി ഗുരു ശങ്കരാചാര്യരുടെ നാല് മഠങ്ങളില്‍ ഒന്നായ ജോഷിമഠും ഉള്‍പ്പെടുന്നതിനാല്‍ ബദരീനാഥിലെ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഭൂമി ഇടിയുന്നതുമായി ബന്ധപ്പെട്ടാണ് അടുത്തിടെ ജോഷിമഠം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

മംഗ്ലൗര്‍: ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംഎല്‍എയായിരുന്ന സര്‍വത് കരീം അന്‍സാരിയുടെ മരണത്തെ തുടര്‍ന്നാണ് മംഗ്ലൗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തരാഖണ്ഡ് പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചതിന് ശേഷം ഒരിക്കലും വിജയിച്ചിട്ടില്ലാത്ത മംഗ്ലൗര്‍ മണ്ഡലത്തില്‍ കര്‍താര്‍ സിംഗ് ഭദാനയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. 2002, 2007, 2017 വര്‍ഷങ്ങളില്‍ ഇവിടെ നിന്നും വിജയിച്ച ഖാസി നിസാമുദ്ദീനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ് മംഗ്ലൗര്‍.

ഹിമാചൽ പ്രദേശ്

ഡെഹ്റ, ഹാമിര്‍പൂര്‍, നലാഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഹിമാചല്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയ ഡെഹ്റയിലെ മത്സരമാണ് ഏവരും ഉറ്റുനോക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 38 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഫലം കാര്യമായി ബാധിച്ചേക്കില്ല. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് മൂന്ന് സ്വതന്ത്ര എംഎല്‍എല്‍മാര്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്നിടത്തും ഇവരെ തന്നെയാണ് ബിജെപി മത്സരരംഗത്തിറക്കിയിരിക്കുന്നത്.

ഡെഹ്റയില്‍ സസുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറിനെതിരെ മത്സരിക്കുന്നത് ഹോഷിയാര്‍ സിങ്ങാണ്. ആശിഷ് ശര്‍മ ഹമീര്‍പൂരില്‍ കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര വര്‍മയ്ക്കെതിരെയാണ് മത്സരിക്കുന്നത്. നലാഗഢില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് ഹര്‍ദീപ് സിങ് ബാവയാണ്. ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മുന്‍ സ്വതന്ത്ര എംഎല്‍എ കെഎല്‍ ഠാക്കൂറാണ്.

തമിഴ്നാട്

ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ എന്‍ പുഗസെന്തിയുടെ മരണത്തെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ വിക്രവണ്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭരണകക്ഷിയായ ഡിഎംകെയും എന്‍ഡിഎ ഘടകകക്ഷിയായ അന്‍ബുമണി രാംദാസിന്റെ നേതൃത്വത്തിലുള്ള പിഎംകെയും നാം തമിഴര്‍ പാര്‍ട്ടിയും (എന്‍ടികെ) തമ്മില്‍ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. അതേസമയം എഐഎഡിഎംകെ വിക്രവണ്ടി ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. അന്നിയൂര്‍ ശിവയെയാണ് ഡിഎംകെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. പിഎംകെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സി അന്‍ബുമണിയെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. തമിഴ് അനുകൂല പാര്‍ട്ടിയായ എന്‍ടികെ ഡോ അഭിനയയെ മത്സരരംഗത്തിറക്കിയിട്ടുണ്ട്. മൂന്ന് സ്ഥാനാര്‍ത്ഥികളും ഒബിസി വണ്ണിയര്‍ സമുദായത്തില്‍പ്പെട്ടവരാണ്. 50ലധികം പേര്‍ മരിച്ച കല്ലാക്കുറിച്ചി വ്യാജമദ്യ ദുരന്തം ഡിഎംകെയ്ക്ക് തിരിച്ചടിയാകുമെന്നാണ് പിഎംകെയും എന്‍ടികെയും കണക്കാക്കുന്നത്. വണ്ണിയര്‍ സമുദായത്തിന് ആധിപത്യമുള്ള വിക്രവണ്ടിയിലെ രാഷ്ട്രീയ സാഹചര്യം ഡിഎംകെയ്ക്ക് അനുകൂലമാകുമെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍.

ബിഹാർ

ബിഹാറിലെ റുപൗലി നിയമസഭാ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവിന്റെ സിറ്റിങ്ങ് എംഎല്‍എ ആയിരുന്ന ഭീമാ ഭാരതി ആര്‍ജെഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. ഭീമാ ഭാരതി പിന്നീട് പൂര്‍ണിയയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അഞ്ച് തവണ റുപൗലിയില്‍ നിന്ന് ജയിച്ചിട്ടുള്ള ഭീമാ ഭാരതിയെയാണ് ആര്‍ജെഡി ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്. കലാധര്‍ മണ്ഡലാണ് ഇവിടെ നിന്നും മത്സരിക്കുന്ന ജെഡിയു സ്ഥാനാര്‍ത്ഥി. ഇവിടുത്തെ ഭൂരിപക്ഷ വിഭാഗമായ ഗംഗോത സമുദായത്തെയാണ് ഈ രണ്ട് നേതാക്കളും പ്രതിനിധീകരിക്കുന്നത്.

മധ്യപ്രദേശ്

അമര്‍വാര നിയമസഭാ മണ്ഡലത്തിലാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന പട്ടികവര്‍ഗ്ഗ മണ്ഡലമായ ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ചിന്ദ്വാര ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലമാണ് അമര്‍വാര. അതിനാ തന്നെ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചിന്ദ്വാര സീറ്റില്‍ ബിജെപി വിജയിച്ചിരുന്നു. ബിജെപി കമലേഷ് ഷായെയാണ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്. ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ഈ മണ്ഡലത്തില്‍ ധീരന്‍ ഷാ ഇന്‍വതിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. 2003 ഇവിടെ വിജയിച്ച ഗോത്രവര്‍ഗ സംഘടനയായ ഗോണ്ട്വാന ഗാന്ത്ര പാര്‍ട്ടിയും (ജിജിപി) മത്സരരംഗത്തുണ്ട്.

പഞ്ചാബ്

ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ബിജെപിയില്‍ ചേര്‍ന്ന എഎപി എംഎല്‍എ ശീതള്‍ അംഗുറല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എഎപി സ്ഥാനാര്‍ത്ഥി മൊഹീന്ദര്‍ ഭഗത്തിന്റെ വിജയം ഉറപ്പാക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ലോക്സഭയിലെ 13 സീറ്റുകളില്‍ ഏഴും വിജയിച്ച കോണ്‍ഗ്രസ് അഞ്ച് തവണ കൗണ്‍സിലറായ സുരീന്ദര്‍ കൗറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ എഎപി എംഎല്‍എ ശീതള്‍ അംഗുറലാണ് ബിജെപി സ്ഥാനാര്‍ത്ഥി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com