രാജി വെക്കരുതെന്ന് ഫഡ്‌നാവിസിനോട് അമിത് ഷാ; ബിജെപിയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യം

നിലവിലെ പദവിയില്‍ തുടരണമെന്നും രാജി വെക്കരുതെന്നും അമിത് ഷാ നേരിട്ട് ആവശ്യപ്പെട്ടു.
രാജി വെക്കരുതെന്ന് ഫഡ്‌നാവിസിനോട് അമിത് ഷാ; ബിജെപിയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനൊരുങ്ങിയ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ട് അമിത് ഷാ. നിലവിലെ പദവിയില്‍ തുടരണമെന്നും രാജി വെക്കരുതെന്നും അമിത് ഷാ നേരിട്ട് ആവശ്യപ്പെട്ടു.

ശിവസേന ഷിന്‍ഡെ വിഭാഗത്തിനും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിനുമൊപ്പമാണ് നിലവിലെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. അവിഭക്ത ശിവസേനയും ബിജെപിയും 2019-ല്‍ സംസ്ഥാനത്ത് 48 സീറ്റില്‍ 41-ലും വിജയിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ മഹായുതി എന്ന് വിളിക്കപ്പെടുന്ന പുതിയ സഖ്യത്തിന് ഇത്തവണ 17 സീറ്റ് മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരത് പവാര്‍) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി 30 മണ്ഡലങ്ങളില്‍ വിജയിച്ചു.

വോട്ടെണ്ണല്‍ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ഫഡ്നാവിസ് രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് നിരവധി ബിജെപി നേതാക്കള്‍ അദ്ദേഹവുമായി സംസാരിച്ചു. വെള്ളിയാഴ്ച നടന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഫഡ്‌നാവിസ്, സഹമന്ത്രി അജിത് പവാറിനും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കും ഒപ്പം സംസ്ഥാനത്തെ സഖ്യത്തിന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഫഡ്നാവിസിന്റെ രാജി ആവശ്യം ഉയര്‍ന്നുവന്നതായും വിവരമുണ്ട്.

തുടര്‍ന്ന് അമിത് ഷാ ഫഡ്‌നാവിസിനെ വസതിയിലെത്തി സന്ദര്‍ശിച്ച് രാജി വെക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ബിജെപിയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഈ വര്‍ഷം ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.

രാജിവച്ചാല്‍ അത് ബിജെപി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ബാധിക്കും. അതിനാല്‍ ഇപ്പോള്‍ രാജിവെക്കരുതെന്ന് ഫഡ്നാവിസിനോട് അമിത്ഷാ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്ത രണ്ടാമത്തെ സംസ്ഥാനമായിരുന്ന മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രകടനമാണ് 2019-ലെ 303 സീറ്റുകളില്‍ നിന്ന് 240 സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങാന്‍ ഒരു കാരണമെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com