രാഹുല്‍ തന്നെ 'ഇന്‍ഡ്യ'ന്‍ ക്യാപ്റ്റന്‍?പ്രതിപക്ഷനേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനെന്ന് കെ സി

പ്രവർത്തക സമിതി യോഗത്തിന് ശേഷമായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം
രാഹുല്‍ തന്നെ 'ഇന്‍ഡ്യ'ന്‍ ക്യാപ്റ്റന്‍?പ്രതിപക്ഷനേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനെന്ന് കെ സി

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷനേതാവ് ആകുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നും രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന പ്രവർത്തക സമിതിയുടെ ആവശ്യം അദ്ദേഹത്തെ അറിയിച്ചെന്നും ദേശീയ നേതാവും ആലപ്പുഴയിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രവർത്തക സമിതി യോഗത്തിന് ശേഷമായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസ്സിലാക്കുമെന്നും വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുലിന്റെ നയങ്ങൾക്ക് ഏറെ സ്വീകാര്യത കിട്ടിയെന്നും ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസം തിരിച്ചുകൊണ്ട് വരാൻ ഇത് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച രണ്ട് മണ്ഡലമായ റായ്ബറേലി, വയനാട്, മണ്ഡലങ്ങളിൽ ഏത് നിലനിർത്തുമെന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. മണ്ഡലത്തിലെ ജനങ്ങളോട് കൂടി സംസാരിച്ച ശേഷമാകും തീരുമാനമെന്നും ഐഐസിസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ പറഞ്ഞു.

നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് പ്രവർത്തക സമിതിൽ പങ്കെടുത്ത നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താന്‍ രാഹുലിന് കഴിയും. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തല്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

അതേ സമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തുമെന്ന റിപ്പോർട്ടുകളുണ്ട്. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. അങ്ങനെയെങ്കിൽ രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

രാഹുല്‍ തന്നെ 'ഇന്‍ഡ്യ'ന്‍ ക്യാപ്റ്റന്‍?പ്രതിപക്ഷനേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനെന്ന് കെ സി
പ്രതിപക്ഷത്തെ രാഹുല്‍ നയിക്കണം; പ്രവര്‍ത്തക സമിതിയില്‍ ആവശ്യം; ഉത്തര്‍പ്രദേശില്‍ നന്ദി പ്രകാശന യാത്ര

Related Stories

No stories found.
logo
Reporter Live
www.reporterlive.com