മന്ത്രിസഭയിൽ ആരൊക്കെ? നിർമ്മലാ സീതാരാമനും അമിത് ഷായും തുടർന്നേക്കും, സാധ്യതകൾ ഇങ്ങനെ

മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഘടകകക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.
മന്ത്രിസഭയിൽ ആരൊക്കെ? നിർമ്മലാ സീതാരാമനും അമിത് ഷായും തുടർന്നേക്കും, സാധ്യതകൾ ഇങ്ങനെ

ഡൽഹി: സർക്കാർ രൂപീകരണത്തിന് ഉടൻ വെല്ലുവിളി ഉയരില്ലെന്നുറപ്പായതോടെ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം, അവരുടെ വകുപ്പുകൾ, ബിജെപിയിൽ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഡിഎയിലെ ചർച്ചകൾ. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ഘടകകക്ഷികളുമായി ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.

സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് തത്കാലം പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉയരില്ലെന്ന് ഉറപ്പായതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം, ബിജെപി മന്ത്രിമാർ ആരൊക്കെ തുടങ്ങിയവയിലേക്ക് ബിജെപി പൂർണ്ണമായും ചർച്ച കേന്ദ്രീകരിച്ചു കഴിഞ്ഞു. ലോക്സഭാ ഫലം വരും മുൻപ് വിവിധ വകുപ്പുകൾ ഏകീകരിച്ച് മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാൻ ബിജെപി ആലോചിച്ചിരുന്നു. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലാക്കി ജെഡിയു ,ടിഡിപി, എന്നീ പാർട്ടികൾ കൂടുതൽ പദവികൾക്കായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാനിടയില്ല.

ഉഭയഭയകക്ഷി ചർച്ചകളിൽ ജെഡിയു, ടിഡിപി എന്നീ പാർട്ടികളെ അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ലോക്സഭാ സ്പീക്കർ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവ ഉൾപ്പെടെ ആറ് സ്ഥാനങ്ങളും ടിഡിപി ആവശ്യപ്പെട്ടെന്നാണ് വിവരം. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കർ സ്ഥാനത്തിന് ജെഡിയുവിനും ആഗ്രഹമുണ്ട്. സഹമന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വരെ ആവശ്യപ്പെടും. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ് എന്നിവർക്കാണ് ചുമതല. ബിജെപിയിൽ നിന്ന് മന്ത്രിസഭയിലേക്ക് ആരൊക്കെ എന്നതിലും ഇന്നത്തോടെ ഒരുവിധം സസ്പെൻസ് അവസാനിക്കാനിച്ചേക്കും. ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷായും , ധനമന്ത്രി സ്ഥാനത്ത് നിർമ്മലാ സീതാരാമനും തുടരുമോ എന്നതാണ് നിർണായക ചോദ്യം.

സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങൾ തോറ്റതോടെ നിർമ്മല സീതാരാമൻ മന്ത്രിസഭയിൽ ഇടം പിടിക്കാനുള്ള സാധ്യത വർദ്ധിച്ചു. നിർമ്മലയെ പാർട്ടി സംഘടന രംഗത്തേക്ക് കൊണ്ടുവരാനും ചർച്ച സജീവമാണ്. ആർഎസ്എസിന് പ്രിയപ്പെട്ട നിതിൻ ഗഡ്കരി സുപ്രധാന വകുപ്പിലേക്ക് വീണ്ടുമെത്തും. മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ , മനോഹർലാൽ ഖട്ടർ എന്നിവർ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും. ബിജെപി അധ്യക്ഷ സ്ഥാനത്തു കാലാവധി പൂർത്തിയാക്കാൻ ഇരിക്കുന്ന ജെപി നദ്ദ പാർലമെൻററി രംഗത്തെ നിർണായക ചുമതല ഏറ്റെടുക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർക്ക് മന്ത്രിസഭയിൽ കൂടുതൽ പരിഗണന ലഭിക്കാനാണ് സാധ്യത.

അതേസമയം ശനിയാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശ രാജ്യങ്ങളുടെ ഭരണത്തലവൻമാർക്കും ക്ഷണം ലഭിച്ചു തുടങ്ങി. ക്ഷണം ലഭിച്ചതായി ശ്രീലങ്കൻ പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ച ക്ഷണം ആയതിനാൽ പങ്കെടുക്കുന്നതിൽ വിവിധ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com