'അയോധ്യ'യിൽ ബിജെപിയെ തറപറ്റിച്ചത് അഖിലേഷിന്റെ 'പിച്ച്ദേ, ദളിത്, അൽപസംഖ്യക്' തന്ത്രം

യാദവ ഇതര പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകി അഖിലേഷ് യാദവ് നടത്തിയ പുതിയ പരീക്ഷണമാണ് ബിജെപിയുടെ പുതിയ ഹിന്ദുത്വ പരീക്ഷണശാലയിൽ തന്നെ വിജയം കണ്ടത്

dot image

അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡത്തിൽ ബിജെപിയെ തറപറ്റിച്ചത് അഖിലേഷ് യാദവിന്റെ'പിച്ച്ദേ, ദളിത്, അൽപസംഖ്യക്' തന്ത്രം. പരമ്പരാഗത മുസ്ലിം-യാദവ് സമവാക്യത്തെ തൂത്തെറിഞ്ഞുകൊണ്ട് യാദവ ഇതര പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകി അഖിലേഷ് യാദവ് സംസ്ഥാനത്തെമ്പാടും നടത്തിയ പുതിയ പരീക്ഷണമാണ് ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണശാലയിൽത്തന്നെ വിജയം കണ്ടത്.

ജനറൽ മണ്ഡലമായ ഫൈസാബാദിൽ എസ് പിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് ദളിതനായ അവദേഷ് പ്രസാദ് ആയിരുന്നു. മുലായം സിങ് യാദവിന്റെ വിശ്വസ്തനായിരുന്ന അവദേഷ് സമാജ്വാദി പാർട്ടിയുടെ ഒരു പ്രധാനപ്പെട്ട നേതാവ് കൂടിയാണ്. കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും ഫൈസാബാദിൽ യാദവ് സമുദായക്കാരെ മത്സരിപ്പിച്ച സമാജ്വാദി പാർട്ടി, ബിജെപി ലക്ഷ്യമിടുന്ന ഹിന്ദുത്വ വോട്ടുകളെ തകർക്കാൻ കൂടിയാണ് അയോധ്യയിൽത്തന്നെ പുതിയ സമവാക്യം പരീക്ഷിച്ചത്. അത് വിജയിച്ചു എന്നത് മാത്രമല്ല, 50,000 അധികം വോട്ടുകളുടെ വ്യത്യാസത്തിൽ തങ്ങളുടെ സ്ഥാനാർഥി തോറ്റത് ബിജെപിയെ ഞെട്ടിക്കുകയും ചെയ്തു. ഹിന്ദുത്വ 'പൂത്തുലഞ്ഞുവെന്ന്' ബിജെപി പ്രചരിപ്പിച്ച അയോധ്യയെ പ്രതിനിധീകരിച്ച് ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു ഉത്തരേന്ത്യൻ നേതാവ് ഇന്ത്യൻ പാർലമെൻ്റിൽ എത്തുന്നത് സമകാലിക ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ വളരെയേറെ പ്രധാനമാണ്. അഖിലേഷ് ആ നിലയിൽ ഹിന്ദുത്വയുടെ ജാതീയ മേൽക്കോയ്മയ്ക്ക് മുകളിൽ അടിച്ച പ്രതീകാത്മകമായ ആണികൂടിയാണ് അവദേഷ് പ്രസാദ്.

മുലായം സിങ്ങിന്റെ കാലത്തെ മുസ്ലിം-യാദവ കോമ്പിനേഷന് മാറ്റിപ്പിടിച്ച്, യാദവ ഇതര പിന്നാക്ക ജാതി വിഭാഗങ്ങള്ക്ക് സീറ്റ് വിതരണത്തില് പരമാവധി പ്രാതിനിധ്യം ഉറപ്പിച്ചിച്ച അഖിലേഷ് തന്ത്രമായിരുന്നു 'പിച്ച്ദേ, ദളിത്, അൽപസംഖ്യക്'. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് നിന്നും മാറി സ്വാധീനശേഷിയില്ലാത്ത ജാതിവിഭാഗങ്ങളെയും സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് ഉള്പ്പെടുത്താന് ഇത്തവണ സമാജ് വാദി പാര്ട്ടി തയ്യാറായിരുന്നു.

2014 മുതല് ബിജെപിക്ക് പിന്നില് അണിനിരക്കുന്ന ഈ വിഭാഗത്തെയും ഒപ്പം കൂട്ടാനുള്ള നീക്കമാണ് ഇതിലൂടെ സമാജ് വാദി പാര്ട്ടി നടത്തിയത്. ഒരു ജനറല് സീറ്റിലേയ്ക്ക് ദളിത് സ്ഥാനാര്ത്ഥിയെ നിര്ത്താനും എസ് പി നേരത്തെ തീരുമാനിച്ചിരുന്നു. അത് അയോധ്യയിൽ നടപ്പാക്കുകയും അതിൽ അഖിലേഷ് വിജയിക്കുകയും ചെയ്തു.

26 സീറ്റുകളാണ് യാദവ ഇതര പിന്നാക്ക സമുദായങ്ങള്ക്ക് സമാജ്വാദി പാര്ട്ടി ഇത്തവണ നല്കിയിത്. കുര്മി വിഭാഗത്തില് നിന്നും ഒന്പത്, മൗര്യ, സാക്യ, കുഷ്വഹ തുടങ്ങിയ വിഭാഗങ്ങളില് നിന്നുള്ള ആറ്, നിഷാദ വിഭാഗത്തില് നിന്ന് നാല് എന്നിങ്ങനെയായിരുന്നു എസ്പി യാദവ ഇതര വിഭാഗങ്ങള്ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകള്. 17 സംവരണ സീറ്റുകളിലും ഇത്തവണ വളരെ സൂക്ഷ്മതയോടെയാണ് എസ്പി സീറ്റ് വിതരണം പൂര്ത്തിയാക്കിയത്. ബിഎസ്പിയുമായി ചേര്ന്ന് നില്ക്കുന്ന ജാതവ വിഭാഗത്തെ പോലെ തന്നെ ജാതവ ഇതര വിഭാഗത്തെയും സംവരണ സീറ്റുകളില് സ്ഥാനാര്ത്ഥികളായി പരിഗണിക്കുന്നതില് എസ്പി ജാഗ്രത കാണിച്ചിരുന്നു.

dot image
To advertise here,contact us
dot image