റെമാൽ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിൽ ആറ് മരണം; മഴക്കെടുതി രൂക്ഷം

ദുരന്തനിവാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബിജെപി-തൃണമൂൽ നേതാക്കൾ തമ്മിൽ വാക്‌പ്പോരും ശക്തമാണ്.
റെമാൽ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിൽ ആറ് മരണം;  മഴക്കെടുതി രൂക്ഷം

കൊൽക്കത്ത: റെമാൽ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ ആറ് പേർ മരിച്ചു. സെൻട്രൽ കൊൽക്കത്തയിലെ ബിബിർ ബഗാനിൽ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണാണ് ഒരാൾ മരിച്ചത്. സുന്ദർബൻസ് തുരുത്തിനോട് ചേർന്നുള്ള നംഖാനയ്ക്കടുത്തുള്ള മൗസുനി ദ്വീപിൽ കുടിലിന് മുകളിൽ മരം വീണ് ഒരു വൃദ്ധ മരിച്ചു. സൗത്ത് 24 പർഗാനാസിലെ മഹേഷ്‌തല സ്വദേശിയും നോർത്ത് 24 പർഗാനാസിലെ പാനിഹാട്ടിയിൽ നിന്നുള്ള മറ്റൊരാൾക്കും ജീവൻ നഷ്ടപ്പെട്ടു. പുർബ ബർധമാൻ ജില്ലയിലെ മെമാരിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചതായും അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റിൽ 1,700-ലധികം വൈദ്യുത തൂണുകൾ തകരുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായാണ് സംസ്ഥാന സർക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ മാത്രം 350ലധികം മരങ്ങൾ കടപുഴകി വീണു. 2500 വീടുകൾ പൂർണമായും 27000 വീടുകൾ ഭാഗികമായും തകർന്നു. ദുരിതബാധിത ജില്ലകളിലായി 1400-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയതായാണ് കണക്ക്. കൊൽക്കത്തയുടെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നിർത്തിവെച്ചിരുന്നു സീൽദയിൽ നിന്നുള്ള സബർബൻ ട്രെയിൻ സർവീസുകൾ ഉച്ചകഴിഞ്ഞ് പുനരാരംഭിച്ചു. റെമാൽ ചുഴലിക്കാറ്റിനെത്തുടർന്ന് 21 മണിക്കൂർ നേരത്തേയ്ക്ക് നിർത്തിവച്ചിരുന്ന കൊൽക്കത്ത വിമാനത്താവളത്തിലെ വിമാന സർവീസുകൾ തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നാണ് എയർപോർട്ട് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊൽക്കത്ത നഗരത്തിൽ 190 മില്ലിമീറ്റർ മഴ പെയ്തപ്പോൾ, ഹാൽദിയയിലും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും 110 മുതൽ 60 മില്ലിമീറ്റർ വരെ മഴയാണ് ലഭിച്ചത്. നോർത്ത്, സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപൂർ ജില്ലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊൽക്കത്ത, നോർത്ത്, സൗത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി എന്നിവയുൾപ്പെടെ ദക്ഷിണ ബംഗാളിലെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ 14 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

കൊൽക്കത്ത, നാദിയ, മുർഷിദാബാദ് എന്നിവയുൾപ്പെടെ തെക്കൻ ജില്ലകളിലും ചൊവ്വാഴ്‌ച രാവിലെ വരെ ശക്തമായ കാറ്റിനൊപ്പം ഒന്നോ രണ്ടോ തവണ ശക്തമായ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇതിനിടെ ദുരന്തത്തിന് ഇരയായവർക്ക് ആവശ്യത്തിനുള്ള സഹായം ഒരുക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. വടക്കൻ കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യവെയായിരുന്നു മമതയുടെ പ്രഖ്യാപനം. 'മൺ വീടുകൾക്കും കൃഷികൾക്കും നാശനഷ്ടമുണ്ടായവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ഇവർക്ക് ആവശ്യമായ സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു,' എന്നായിരുന്നു യോഗത്തിൽ മമത വ്യക്തമാക്കിയത്.

ഇതിനിടെ ദുരന്തനിവാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബിജെപി-തൃണമൂൽ നേതാക്കൾ തമ്മിൽ വാക്‌പ്പോരും ശക്തമായി. ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ പശ്ചിമ ബംഗാൾ വലയുകയാണ്. 'ദുരിതത്തിൽപ്പെട്ട ആളുകളെ സഹായിക്കുന്നത് എൻഡിആർഎഫും ബിജെപി നേതാക്കളും മാത്രമാണ്. ഞങ്ങളുടെ ഡം ഡം സ്ഥാനാർത്ഥി സിൽഭദ്ര ദത്ത, ബസിർഹട്ട് സഹ-ഇൻചാർജ് ഡോ. അർച്ചന മജുംദാർ എന്നിവരും കൂടെ നിൽക്കുന്നു. മമതാ ബാനർജി പുറത്തേക്ക് ഇറങ്ങിയിട്ടില്ല, തൻ്റെ 'ഹവായ്' ചപ്പൽ നനയുമോ എന്ന് അവർ ഭയപ്പെട്ടിരിക്കാം' എന്നായിരുന്നു ബി ജെ പി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് രംഗത്തെത്തി. "തൃണമൂൽ കോൺഗ്രസും സംസ്ഥാന സർക്കാരുമാണ് ദുരിതബാധിതരായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് അക്ഷീണം പ്രവർത്തിക്കുന്നത്', എന്നായിരുന്നു കുനാൽ ഘോഷിൻ്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com