ഒരാൾക്ക് തല്ല്, മറ്റൊരാൾക്ക് ചുവന്ന പരവതാനി; എന്ത് കൊണ്ടെന്ന് അറിയണമെന്ന് സ്വാതി മലിവാൾ

അമേരിക്കയില്‍ താമസിക്കുന്ന സഹോദരിക്ക് കൊവിഡ് ബാധിച്ചതിനാല്‍ അമേരിക്കന്‍ സന്ദര്‍ശനം നീട്ടേണ്ടി വന്നു
ഒരാൾക്ക് തല്ല്, മറ്റൊരാൾക്ക് ചുവന്ന പരവതാനി; എന്ത് കൊണ്ടെന്ന് അറിയണമെന്ന് സ്വാതി മലിവാൾ

ഡൽഹി: ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്ത സമയത്ത് തന്റെ അസാന്നിധ്യത്തില്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം അതൃപ്തരായിരുന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സ്വാതി മലിവാള്‍. അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായ മാര്‍ച്ച് മാസത്തില്‍ ഹവാര്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അമേരിക്കയിലായിരുന്നുവെന്നാണ് സ്വാതിയുടെ വിശദീകരണം. എഎപി വാളണ്ടിയര്‍മാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും ആശംസാപരിപാടികളിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നെന്നും സ്വാതി മലിവാള്‍ വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന സഹോദരിക്ക് കൊവിഡ് ബാധിച്ചതിനാല്‍ അമേരിക്കന്‍ സന്ദര്‍ശനം നീട്ടേണ്ടി വന്നെന്നും സ്വാതി മലിവാള്‍ വിശദീകരിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാതി മലിവാളിൻ്റെ പ്രതികരണം.

'അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായ സമയത്ത് അമേരിക്കയില്‍ താമസിക്കുന്ന സഹോദരിക്ക് കൊവിഡ് ബാധിച്ചു. എന്റെ എല്ലാ സാധനസാമഗ്രികളും സഹോദരിയുടെ വീട്ടിലായിരുന്നു. ആ സമയത്ത് ക്വാറന്റീനില്‍ പോകേണ്ടി വന്നിരുന്നു. അന്ന് പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ട്വീറ്റ് ചെയ്യുകയും എഎപി നേതൃത്വവുമായി സംസാരിക്കുകയും ചെയ്തിരുന്നു. ചെയ്യാന്‍ കഴിഞ്ഞിരുന്നതെല്ലാം ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്' എന്നും സ്വാതി മലിവാള്‍ ചൂണ്ടിക്കാണിച്ചു.

കെജ്‌രിവാള്‍ അറസ്റ്റിലായിരുന്ന സമയത്ത് ലണ്ടനിലായിരുന്ന രാഘവ് ഛദ്ദ എംപിക്ക് വ്യത്യസ്തമായ പരിഗണന ലഭിക്കുന്നതിലും സ്വാതി മലിവാള്‍ അത്ഭുതം പ്രകടിപ്പിച്ചു. 'കെജ്‌രിവാള്‍ അറസ്റ്റിലായ സമയത്ത് നാട്ടില്‍ ഇല്ലാത്തതിന്റെ പേരിലാണ് എന്നെ തല്ലിയതെങ്കില്‍, തനിക്ക് ഇത്തരത്തിലുള്ള അനുഭവവും ആ സമയം ലണ്ടനിലായിരുന്നു മറ്റൊരു രാജ്യസഭാ എംപിക്ക് ചുവന്ന പരവതാനി വിരിച്ചുള്ള സ്വീകരണവും ലഭിച്ചത് എന്തുകൊണ്ടാണെന്ന് അറിയണ'മെന്നും സ്വാതി വലിവാള്‍ പറഞ്ഞു. രാഘവ് ഛദ്ദയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സ്വാതി മലിവാളിന്റെ പ്രതികരണം.

നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായ സമയത്ത് എഎപിയുടെ രാജ്യസഭാ എംപിമാരായ സ്വാതി മലിവാള്‍, രാഘവ് ഛദ്ദ, ഹര്‍ഭജന്‍ സിങ്ങ് തുടങ്ങിയവര്‍ ഡല്‍ഹിയില്‍ ഇല്ലാതിരുന്നതില്‍ പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

നേരത്തെ ബിഭവ് കുമാർ വിഷയത്തിലും സ്വാതി മലിവാൾ പ്രതികരിച്ചിരുന്നു. എഎപിക്ക് ബിഭവ് കുമാറിനെ പേടിയാണെന്നും അയാള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നുമായിരുന്നു സ്വാതി മലിവാളിൻ്റെ പ്രതികരണം. തനിക്കെതിരേ നടന്ന അത്രിക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞിരുന്നു. 'മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ് ബിഭവ്. വലിയ സര്‍ക്കാര്‍ മന്ദിരത്തിലാണ് താമസം. മന്ത്രിമാര്‍ക്ക് പോലും ലഭിക്കാത്ത സൗകര്യമാണ് ബിഭവിന് ലഭിക്കുന്ന'തെന്നും സ്വാതി ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തേയും ബിഭവിനെതിരെ സമാന രൂപത്തിലുള്ള അതിക്രമ പരാതിയുണ്ടായിട്ടുണ്ട്. കെജ്‌രിവാള്‍ ഇപ്പോള്‍ ബിഭവിന് വേണ്ടി പോരാടുകയാണ്. ഇതേ പോരാട്ട വീര്യം മനീഷ് സിസോദിയയുടെ കാര്യത്തിലുണ്ടായില്ല. മനീഷ് സിസോദിയ ഇവിടെയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും സ്വാതി പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com