മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

'പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ്'
മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലജ്ജാകരമായ ലംഘനങ്ങള്‍ തിരിച്ചറിയാത്തത് നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഡിഎന്‍എ'യുടെ കുഴപ്പമാണെന്നായിരുന്നു സിപിഐഎമ്മിന്റെ വിമര്‍ശനം. സമജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതി പരിഗണിക്കാത്ത സാഹചര്യത്തിലായിരുന്നു സിപിഐഎമ്മിന്റെ വിമര്‍ശനം. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും സിപിഐഎം കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് രാമക്ഷേത്രത്തിലേയ്ക്ക് ബുള്‍ഡോസര്‍ ഓടിക്കുമെന്ന് മോദി പറഞ്ഞത്. സമജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അധികാരത്തിലെത്തിയാല്‍ രാം ലല്ല ഒരിക്കല്‍ കൂടി ടെന്റിലേയ്ക്ക് മാറ്റപ്പെടും. രാമക്ഷേത്രത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ ഒടിച്ച് കയറ്റും എന്നായിരുന്നു മോദിയുടെ പ്രതികരണം.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. നേരത്തെ ഏപ്രില്‍ ആറിന് അജ്മീരിലും ഏപ്രില്‍ ഏഴിന് നവാഡയിലും ഏപ്രില്‍ ഒന്‍പതിന് പിലിഭിത്തിലും രേന്ദ്ര മോദി നടത്തിയ വര്‍ഗ്ഗീയ പ്രസംഗങ്ങളുടെ വീഡിയോയും ബന്‍സ്‌വാരയിലെ പ്രസംഗത്തിന്റെ പത്രകട്ടിംഗുകളും പരാതിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പതിവ് അറിയിപ്പ് പോലും നല്‍കാതെ പരാതി പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

തുല്യമായ മത്സരാന്തരീക്ഷമില്ലാത്ത, സ്വതന്ത്രവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താത്ത സാഹചര്യം തിരഞ്ഞെടുപ്പി കമ്മീഷന്റെ ദേശ് കാ ഗര്‍വ് എന്ന മുദ്രാവാക്യത്തെ പൂര്‍ണ്ണമായും പൊള്ളമാക്കിയിരിക്കുന്നു. മോദിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ സിപിഐഎം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com