ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊല; അറസ്റ്റിലായവരെ കുറിച്ച് വ്യക്തത വരേണ്ടതുണ്ട്; മന്ത്രി എസ് ജയശങ്കര്‍

ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊല; അറസ്റ്റിലായവരെ കുറിച്ച് വ്യക്തത വരേണ്ടതുണ്ട്; മന്ത്രി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കാനഡയില്‍ വെച്ച് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതക്കായും കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. കനേഡിയന്‍ പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍.

കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണികള്‍ ഹര്‍ദീപ് സിങ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഹര്‍ദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിംഗ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നിജ്ജാര്‍. നിജ്ജാര്‍ ഒളിവില്‍ പോയതായിരുന്നുവെന്ന് എന്‍ഐഎ അയാള്‍ കൊല്ലപ്പെടുന്നതിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം കനേഡിയന്‍ മൗണ്ടഡ് പൊലീസ് മൂന്ന് ഇന്ത്യന്‍ വംശജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് എതെങ്കിലും തരത്തില്‍ ഇന്ത്യ ഗവണ്‍മെന്റുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്നായിരുന്നു കാനഡയുടെ ആദ്യഘട്ടത്തിലേയുള്ള നിലപാട്. എന്നാല്‍, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. നിലവില്‍ അറസ്റ്റിലായവര്‍ക്കെതിരെ കൊലക്കുറ്റം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലയില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടു ണ്ടാകാമെന്നും ഇനിയും അറസ്റ്റിന് സാധ്യതയുണ്ടാകുമെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു.

അറസ്റ്റിലായവര്‍ ഗുണ്ടാപശ്ചാത്തലമുള്ളവരാണെന്ന് സംശയമുള്ളതായി മന്ത്രി ജയശങ്കര്‍ പറഞ്ഞു. ഇതിനായി കനേഡിയന്‍ പൊലീസിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാനഡയില്‍ സ്ഥിര താമസമാക്കിയവരാണ് പ്രതികള്‍. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് നടക്കുന്ന കാനഡയില്‍ സംഭവിക്കുന്നത് അവരുടെ ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ വിമര്‍ശിക്കുന്നത് ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ അനുകൂലികളില്‍ ഒരു വിഭാഗം കാനഡയില്‍ ലോബി ഉണ്ടാക്കുകയും വോട്ട് ബാങ്കായി മാറുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്നും ചില പാര്‍ട്ടികള്‍ ഖാലിസ്ഥാന്‍ അനുകൂല നേതാക്കളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് വിസയോ നിയമസാധുതയോ രാഷ്ട്രീയ ഇടമോ നല്‍കരുതെന്ന് തങ്ങള്‍ അവരെ പലതവണ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഇത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് പ്രശ്നമുണ്ടാക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com