'മനഃസാക്ഷി പറഞ്ഞു, ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും'; ഗുജറാത്തിലെ ബിജെപി എംഎൽഎ രാജി വച്ചു

സ്പീക്കർക്ക് സമർപ്പിച്ച രാജിക്കത്തിലും കേതൻ പറഞ്ഞിരിക്കുന്നത് മനഃസാക്ഷി പറഞ്ഞതുകൊണ്ട് തീരുമാനമെടുത്തു എന്നാണ്. 2020 ജനുവരിയിലും എംഎൽഎ സ്ഥാനം രാജിവെക്കുകയാണെന്ന് കേതൻ പ്രഖ്യാപിച്ചിരുന്നു.
'മനഃസാക്ഷി പറഞ്ഞു, ആത്മാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും'; ഗുജറാത്തിലെ ബിജെപി എംഎൽഎ രാജി വച്ചു

വഡോദര: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎൽഎ സ്ഥാനം രാജിവച്ച് ​ഗുജറാത്തിലെ ബിജെപി നേതാവ് കേതൻ ഇനാംധാർ. മനഃസാക്ഷിയ്ക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ആത്മാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നും അദ്ദേഹം രാജിയെക്കുറിച്ച് പ്രതികരിച്ചു. എന്തെങ്കിലും സമ്മർദ്ദത്തിന്റെ പുറത്തല്ല തന്റെ രാജിയെന്നും വഡോദരയിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കേതൻ ഇനാംധാർ പറഞ്ഞു.

വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ് കേതൻ. സ്പീക്കർക്ക് സമർപ്പിച്ച രാജിക്കത്തിലും കേതൻ പറഞ്ഞിരിക്കുന്നത് മനഃസാക്ഷി പറഞ്ഞതുകൊണ്ട് തീരുമാനമെടുത്തു എന്നാണ്. 2020 ജനുവരിയിലും എംഎൽഎ സ്ഥാനം രാജിവെക്കുകയാണെന്ന് കേതൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അന്ന് രാജിക്കത്ത് സ്പീക്കർ സ്വീകരിച്ചില്ല.

പാർട്ടിയിലെ താഴേക്കിടയിലെ പ്രവർത്തകരെ വേണ്ടുംവിധം പരി​ഗണിക്കുന്നില്ലെന്ന് കുറേക്കാലമായി എനിക്ക് തോന്നുന്നു. നേതൃത്വത്തോട് ഇക്കാര്യം ഞാൻ സൂചിപ്പിച്ചതുമാണ്. 2020ൽ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ആത്മാഭിമാനത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. ഇത് കേതൻ ഇനാംധാറിന്റെ മാത്രം ശബ്ദമല്ല, ഓരോ പാർട്ടി പ്രവർത്തകന്റെയും ശബ്ദമാണ്. പ്രായമായ പാർട്ടി പ്രവർത്തകരെ മറക്കരുതെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കായി ഞാൻ പ്രവർത്തിക്കും. പക്ഷേ, ഈ രാജി എന്റെ മനഃസാക്ഷിക്ക് അനുസരിച്ചുള്ളതാണ്. കേതൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2012ൽ വഡോദരയിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായാണ് കേതൻ വിജയിച്ചത്. പിന്നാലെയാണ് ബിജെപിയിൽ ചേർന്നതും 2017ലും 2022ലും വിജയം ആവർത്തിച്ചതും. ​ഗുജറാത്ത് നിയമസഭയിൽ ആകെയുള്ള 182ൽ 156 സീറ്റുകളാണ് ബിജെപിക്കുള്ളത്. മെയ് ഏഴിനാണ് ​ഗുജറാത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com